/indian-express-malayalam/media/media_files/uploads/2020/07/ahaana-6.jpg)
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കുകയാണ് നടി അഹാന കൃഷ്ണ. സംഭവം സൈബർ അക്രമണവിവാദങ്ങളാണ്. വിഷയത്തില്‍ വാദപ്രതിവാദങ്ങള്‍ നടന്നു വരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് യൂട്യൂബർമാരായ അർജുനും അശ്വിനും ഇതില്‍ നടത്തിയ പ്രതികരണങ്ങളാണ്.
എന്താണ് സൈബർ ബുള്ളിയിങ് എന്നും അഹാനയ്ക്ക് പിഴവ് പറ്റിയത് എവിടെയെന്നും അന്വേഷിക്കുകയാണ് ഇരുവരും. സൈബർ ബുള്ളിയിങ്ങിനെതിരെ ഒരിക്കല്‍ പ്രതിഷേധിച്ച അഹാന തന്നെ അതേ പ്രവർത്തി ചെയ്യുന്നതായും ഇരുവരും ചൂണ്ടിക്കാട്ടുന്നുണ്ട്.
‘ശനിയാഴ്ച ഒരു രാഷ്ട്രീയ അഴിമതിയെ കുറിച്ച് വാർത്ത വന്നെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചെ’ന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണ് വിവാദങ്ങൾക്ക് തുടക്കം.
കൊറോണ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വന്ന സ്റ്റോറിയില്‍, സ്വര്‍ണ കള്ളക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനായുള്ള ശ്രമമാണ് ലോക്ക്ഡൗണ്‍ എന്നാണ് അഹാന പറയാതെ പറഞ്ഞത് എന്ന തരത്തിൽ പ്രതിഷേധം ശക്തമായതോടെ പ്രതികരണങ്ങള്‍ സൈബർ അക്രമണത്തിലേക്കും നീങ്ങി.
വിഷയത്തില്‍ ആദ്യം അഹാന നേരിട്ട് പ്രതികരിച്ചിരുന്നില്ല. പകരം, ‘എ ലവ് ലെറ്റർ ടു സൈബർ ബുള്ളീസ്’ എന്ന പേരിൽ ഒരു യൂട്യൂബ് വീഡിയോ റിലീസ് ചെയ്യുകയും അത് വലിയ രീതിയില്‍ ശ്രദ്ധ നേടുകയും ചെയ്തു. അഹാനയുടെ വീഡിയോ ഒരു വിഭാഗം ആളുകൾ ഏറ്റെടുത്തെങ്കിലും മറുഭാഗത്ത് കൂടുതല്‍ വിമർശനങ്ങൾക്കും അത് വഴിതെളിച്ചു.
അത്തരത്തില്‍ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തതിനു അഹാന ഇന്‍സ്റ്റാഗ്രാമില്‍ ഒരു കമന്റിനു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.
'ഞാൻ പറഞ്ഞ യഥാർഥ കാര്യത്തിനല്ല നിർഭാഗ്യവശാൽ ഭൂരിപക്ഷം ആളുകളും വിശദീകരണം ചോദിക്കുന്നത്. മറിച്ച് എന്റെ വാക്കുകൾ ഒരു മാധ്യമപ്രവർത്തകൻ വളച്ചൊടിച്ച്, അതാണ് ഞാൻ പറഞ്ഞത് എന്ന് പ്രചരിപ്പിച്ചതിനാണ്. കൊറോണ അല്ലെങ്കിൽ കോവിഡ് എന്നീ പദങ്ങൾ പോലും ഞാൻ പറഞ്ഞിട്ടില്ല. ലോക്ക്ഡൌണിന്റെ ആവശ്യമില്ലെന്നും ഞാൻ എവിടേയും പറഞ്ഞിട്ടില്ല. അപ്രതീക്ഷിതമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ ഞാൻ കുറിച്ച, 18 വാക്കുകൾ മാത്രമുള്ള എന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ട് വ്യത്യസ്തമായ ചിന്തകൾ മാത്രമാണ് പങ്കു വച്ചത്.
അത് സംഭവിക്കുമ്പോൾ ഞാൻ വീട്ടിൽ പോലും ഉണ്ടായിരുന്നില്ല. ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിലായിരുന്നു. അന്ന് പുലർച്ചെ മൂന്ന് മണിക്ക് എനിക്ക് തനിച്ച് വീട്ടിലേക്ക് പോരേണ്ടി വന്നു. രാവിലെ വരെ കാത്തിരുന്നാൽ എനിക്ക് തിരുവനന്തപുരത്ത് എത്താൻ സാധിക്കുമായിരുന്നില്ല. അടുത്ത ദിവസം എന്റെ മനസിൽ തോന്നിയ രണ്ട് ചിന്തകൾ ഞാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കു വയ്ക്കുകയും, പിന്നീട് നിങ്ങൾക്കറിയാവുന്നതു പോലെ 24 മണിക്കൂർ കഴിഞ്ഞപ്പോൾ അത് ഡിലീറ്റാകുകയും ചെയ്തു.
എന്റെ ആ സ്റ്റോറിയിൽ ഒരു പ്രസ്താവനയോ നിഗമനമോ ഇല്ല. അതിൽ നിന്ന് പിന്നീട് ഉണ്ടായതെല്ലാം ഒരു മാധ്യമപ്രവർത്തകൻ എന്റെ വാക്കുകൾ വളച്ചൊടിച്ച് എഴുതിയ പോസ്റ്റിന്റെ ഫലമാണ്. എന്തിനാണ് അയാൾ അത് ചെയ്തത് എന്നെനിക്ക് അറിയില്ല.'
'വളരെ മാന്യമായി വിമർശിച്ചവർക്കു പോലും അഹാന കൃത്യമായ മറുപടി നൽകുകയോ വിശദീകരിക്കാൻ തയ്യാറാകുകയോ ചെയ്തില്ല. ഒപ്പം മാന്യമായി വിമർശിച്ച ഒരാളുടെ കമന്റിന്റെ ഒരു ഭാഗം മാത്രം എടുത്ത് അയാളെയും സൈബർ അക്രമണത്തിന് ഇട്ടുകൊടുത്തു.' ഇത്തരത്തിലുള്ള വാദങ്ങളും ഉയർന്നു വന്നു.
നേരത്തെ തന്റെ കമന്റിനെ അഹാന വളച്ചൊടിച്ച് സൈബർ ബുള്ളിയിങ് ചെയ്തു എന്ന തരത്തിൽ മിഷബ് ആരോപിച്ചിരുന്നു. 'സൈബർ ആക്രമണത്തിനെതിരായ നിങ്ങളുടെ വീഡിയോ നല്ലതായിരുന്നു. നിങ്ങൾ ആക്രമിക്കപ്പെട്ടത് വളരെ ദുഃഖകരമാണ്. എന്നാൽ ലോക്ക്ഡൌണിനെ കുറിച്ച് നിങ്ങൾ നടത്തിയ പ്രസ്താവന തെറ്റായതുകൊണ്ടാണ് നിങ്ങൾ സൈബർ ബുള്ളിയിങ് നേരിട്ടത് എന്നാണ് എന്റെ അഭിപ്രായം.
നിങ്ങളെ പോലൊരു സെലിബ്രിറ്റി ഇത്തരം കാര്യങ്ങൾ​ ചെയ്യുമ്പോൾ​ രണ്ടുതവണ ചിന്തിക്കണം,' ഇത്രയും ഭാഗം മാത്രം കോപ്പി ചെയ്ത് 'വസ്ത്രധാരണമാണ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടാൻ കാരണം,' എന്നു പറയുന്നത് പോലെയല്ലേ നിങ്ങളുടെ കമന്റ് എന്ന് ചോദിച്ച് അഹാന പരസ്യമായി പോസ്റ്റിട്ടിരുന്നു. എന്നാൽ സൈബർ ആക്രമണത്തിനെതിരെ സംസാരിച്ച അതേ വ്യക്തി തന്റെ കമന്റിൽ നിന്ന് ഒരു ഭാഗം മാത്രമെടുത്ത് ബാക്കി ഡിലീറ്റ് ചെയ്ത്, തനിക്കെതിരെ എഴുതിയ വാക്കുകൾ, അവരുടെ 1.9 മില്ല്യൺ ഫോളോവേഴ്സിന്റെ മുന്നിൽ തന്നെ സൈബർ ബുള്ളിയിങ് ചെയ്തതിന് തുല്യമല്ലേ എന്നാണ് മിഷബിന്റെ ചോദ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.