scorecardresearch

ലോക്ക്ഡൗണ്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ല, എന്റെ വാക്കുകൾ വളച്ചൊടിച്ചു; വിവാദ സ്റ്റോറിയ്ക്ക് വിശദീകരണവുമായി അഹാന

‘കൊറോണ അല്ലെങ്കിൽ കോവിഡ് എന്നീ പദങ്ങൾ പോലും ഞാൻ പറഞ്ഞിട്ടില്ല. ലോക്ക്ഡൌണിന്റെ ആവശ്യമില്ലെന്നും ഞാൻ എവിടേയും പറഞ്ഞിട്ടില്ല,’ അഹാന കുറിച്ചു

ലോക്ക്ഡൗണ്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ല, എന്റെ വാക്കുകൾ വളച്ചൊടിച്ചു; വിവാദ സ്റ്റോറിയ്ക്ക് വിശദീകരണവുമായി അഹാന

‘ശനിയാഴ്ച ഒരു രാഷ്ട്രീയ അഴിമതിയെ കുറിച്ച് വാർത്ത വന്നെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചെ’ന്നും കുറിച്ച് നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സറുമായ അഹാന കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഒരു ‘സ്റ്റോറി’ വലിയ ചര്‍ച്ചകള്‍ക്ക് ഇടവച്ചിരുന്നു. കൊറോണ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വന്ന സ്റ്റോറിയില്‍, സ്വര്‍ണ കള്ളക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനായുള്ള ശ്രമമാണ് ലോക്ക്ഡൗണ്‍ എന്നാണ് അഹാന പറയാതെ പറഞ്ഞത് എന്നാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്.  ഇതേ തുടര്‍ന്ന് അഹാനയ്ക്കെതിരെ വലിയ രീതിയില്‍ ഉള്ള സൈബർ ആക്രണവും നടന്നു.

ഈ വിഷയത്തില്‍ അഹാന നേരിട്ട് ഇത് വരെ പ്രതികരിച്ചിരുന്നില്ല.  എന്നാല്‍, ‘എ ലവ് ലെറ്റർ ടു സൈബർ ബുള്ളീസ്’ എന്ന പേരിൽ ഒരു യൂട്യൂബ് വീഡിയോ റിലീസ് ചെയ്യുകയും അത് വലിയ രീതിയില്‍ ശ്രദ്ധ നേടുകയും ചെയ്തു.  ഈ വീഡിയോയ്ക്ക് മലയാള സിനിമയിലെ യുവ നടിമാര്‍ ചേര്‍ന്ന് ഒരുക്കിയ ഒരു കവര്‍ വേര്‍ഷന്‍ ആണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.  അഹാന തന്നെയാണു ഇന്‍സ്റ്റാഗ്രാമില്‍ ഇത് പങ്കു വച്ചിരിക്കുന്നത്.

ഈ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ താഴെ വന്ന ഒരു കമന്റും അതിന് അഹാന നൽകിയ മറുപടിയും ശ്രദ്ധേയമാണ്. Reegss എന്ന ഹാന്‍ഡിലില്‍ നിന്നാണ് ഏറെ വിവാദമായ അഹാനയുടെ ‘സ്റ്റോറി’യെക്കുറിച്ചുള്ള ചോദ്യം വന്നത്. ചോദ്യം ഇതായിരുന്നു.

‘മിസ് അഹാന കൃഷ്ണ, നിങ്ങളുടെ പേജില്‍ വന്ന തെറ്റിദ്ധാരണാജനകമായ ഒരു ‘സ്റ്റോറി’യെക്കുറിച്ചുള്ള വിശദീകരണം വേണം എന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആവശ്യം ഉയരുന്നു. ക്ഷമാപണമല്ല, ഒരു വിശദീകരണമാണ് മിക്ക ആളുകളും വളരെ മാന്യമായി തന്നെ ചോദിക്കുന്നത്. അതിനാൽ തന്നെ, നിങ്ങളുടെ ആ നടപടിയ്ക്ക് ജനങ്ങളോട് വിശദീകരണം നൽകാൻ നിങ്ങൾ ബാധ്യസ്ഥയാണ്. കാരണം ഇത് പൊതുജീവിതത്തെയും ജനങ്ങളുടെ ഉപജീവനത്തെയും ബാധിക്കുന്ന ഒന്നാണ്. പൊതുജനങ്ങളുടെ അഭ്യർ‌ത്ഥന അവഗണിക്കുന്നത് ശരിയായ മാർ‌ഗ്ഗമല്ല. നിങ്ങളും നിങ്ങൾ പങ്കു വച്ച ഈ വീഡിയോയിലെ സ്ത്രീകളും കടന്ന പോയ സൈബർ ആക്രമണത്തെ ഞാൻ അപലപിക്കുന്നു. നിങ്ങളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു.’ എന്നായിരുന്നു കമന്റ്.

ഈ കമന്റിന് അഹാന നൽകിയ മറുപടി ഇങ്ങനെ.

‘ഹായ് പെൺകുട്ടീ, ഞാൻ പറഞ്ഞ യഥാർഥ കാര്യത്തിനല്ല നിർഭാഗ്യവശാൽ ഭൂരിപക്ഷം ആളുകളും വിശദീകരണം ചോദിക്കുന്നത്. മറിച്ച് എന്റെ വാക്കുകൾ ഒരു മാധ്യമപ്രവർത്തകൻ വളച്ചൊടിച്ച്, അതാണ് ഞാൻ പറഞ്ഞത് എന്ന് പ്രചരിപ്പിച്ചതിനാണ്. കൊറോണ അല്ലെങ്കിൽ കോവിഡ് എന്നീ പദങ്ങൾ പോലും ഞാൻ പറഞ്ഞിട്ടില്ല. ലോക്ക്ഡൌണിന്റെ ആവശ്യമില്ലെന്നും ഞാൻ എവിടേയും പറഞ്ഞിട്ടില്ല. അപ്രതീക്ഷിതമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ ഞാൻ കുറിച്ച, 18 വാക്കുകൾ മാത്രമുള്ള എന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ട് വ്യത്യസ്തമായ ചിന്തകൾ മാത്രമാണ് പങ്കു വച്ചത്.

അത് സംഭവിക്കുമ്പോൾ ഞാൻ വീട്ടിൽ പോലും ഉണ്ടായിരുന്നില്ല. ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിലായിരുന്നു. അന്ന് പുലർച്ചെ മൂന്ന് മണിക്ക് എനിക്ക് തനിച്ച് വീട്ടിലേക്ക് പോരേണ്ടി വന്നു. രാവിലെ വരെ കാത്തിരുന്നാൽ എനിക്ക് തിരുവനന്തപുരത്ത് എത്താൻ സാധിക്കുമായിരുന്നില്ല. അടുത്ത ദിവസം എന്റെ മനസിൽ തോന്നിയ രണ്ട് ചിന്തകൾ ഞാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കു വയ്ക്കുകയും, പിന്നീട് നിങ്ങൾക്കറിയാവുന്നതു പോലെ 24 മണിക്കൂർ കഴിഞ്ഞപ്പോൾ അത് ഡിലീറ്റാകുകയും ചെയ്തു.

എന്റെ ആ സ്റ്റോറിയിൽ ഒരു പ്രസ്താവനയോ നിഗമനമോ ഇല്ല. അതിൽ നിന്ന് പിന്നീട് ഉണ്ടായതെല്ലാം ഒരു മാധ്യമപ്രവർത്തകൻ എന്റെ വാക്കുകൾ വളച്ചൊടിച്ച് എഴുതിയ പോസ്റ്റിന്റെ ഫലമാണ്. എന്തിനാണ് അയാൾ അത് ചെയ്തത് എന്നെനിക്ക് അറിയില്ല.’

അഹാന ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ച സ്റ്റോറി ചര്‍ച്ചയാകുന്നത് മാധ്യമപ്രവര്‍ത്തകനായ സനീഷ് ഇളയിടത്തിന്റെ ഫേസ്ബുക്ക്‌ കുറിപ്പിന്റെ പശ്ചാത്തലത്തിലാണ്.  സോഷ്യൽ മീഡിയയിൽ വലിയ കൂട്ടം ഫോളോവേഴ്സ് ഉള്ള, ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ട തിരുവനന്തപുരത്ത് താമസമാക്കിയ അഹാന,  നഗരത്തില്‍ കോവിഡ് അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍,‌ രോഗത്തെക്കുറിച്ചും രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നാട്ടുകാരെയാകെയാണ് ബാധിക്കുക എന്ന് ഓർമിപ്പിക്കുന്നു എന്നാണു സനീഷ് പറഞ്ഞത്.

‘ഈ ബഹളങ്ങൾക്കൊക്കെയിടക്ക്, സിനിമാ നടി അഹാനാ കൃഷ്ണയുടേതായി ഇങ്ങനെ ഒരു പോസ്റ്റ് കണ്ടു. അങ്ങേയറ്റം നിരുത്തരവാദപരവും, ജനദ്രോഹവുമായ സംഗതിയാണ് ഇത്. രാഷ്ട്രീയവും അതിലെ തർക്കങ്ങളും നാട്ടിൽ അതിന്റെ വഴിക്ക് നടക്കും. അതിൽ ആളുകൾക്ക് അഭിപ്രായങ്ങൾ ഉണ്ടാകുന്നതും തെറ്റൊന്നുമല്ല. എന്നാൽ അതിന്റെ പേരിൽ നമ്മുടെ നാട്ടുകാര് നേരിടുന്ന അതിഗുരുതരമായ സ്ഥിതിയെ നിസ്സാരീകരിക്കുന്ന , അത് വഴി നാട്ടുകാരെ വലിയ അപകടത്തിൽ പെടുത്തുന്ന പരിപാടിയായിപ്പോയി ഈ നടിയുടേത്,’ സനീഷ് കുറിച്ചു.

 

Read More: ‘അതേടാ, മലയാളം പറയാൻ നന്നായിട്ടറിയാം’; ഫെയ്സ്ബുക്ക് ‘ആങ്ങള’മാരോട് അഹാന

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ahaana krishnas reply to an instagram follower