/indian-express-malayalam/media/media_files/uploads/2022/05/Sheikh-Mohammed-bin-Zayed-Al-Nahyan-UAE.jpg)
അബുദാബി: ബലിപെരുന്നാളി (ഈദ് അല്‍ അദ്ഹ)നു മുന്നോടിയായി യു എ ഇ 737 തടവുകാരെ മോചിപ്പിക്കുന്നു. ഇതുസംബന്ധിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
പലതരം കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടവരാണു മാപ്പ് ലഭിച്ചവര്‍. മോചിതരായ തടവുകാരുടെ സാമ്പത്തിക ബാധ്യതകളുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളില്‍ അധിഷ്ഠിതമായ യു എ ഇയുടെ മാനുഷിക ഇടപെടലുകളുടെ പശ്ചാത്തലത്തിലാണു തടവുകാരെ മോചിപ്പിക്കാനുള്ള പ്രസിഡന്റിന്റെ ഉത്തരവ്. മോചിതരായ തടവുകാര്‍ക്ക് ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കാനും തങ്ങളുടെ കുടുംബങ്ങളെയും സമൂഹത്തെയും സേവിക്കാന്‍ ക്രിയാത്മകമായി സംഭാവന നല്‍കാനുള്ള അവസരം ഉറപ്പുവരുത്തുന്നതു കൂടിയാണ് ഈ തീരുമാനമെന്നും യു എ ഇ വാര്‍ത്താ ഏജന്‍സിയായ വാം ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈദ് അല്‍ അദ്ഹയ്ക്ക് മുന്നോടിയായുള്ള പ്രസിഡന്റിന്റെ വാര്‍ഷിക മാപ്പ്, കുടുംബ ഐക്യവും ബന്ധവും മെച്ചപ്പെടുത്തുന്നതിനും അമ്മമാര്‍ക്കും കുട്ടികള്‍ക്കും സന്തോഷം നല്‍കുന്നതിനും മോചിതരായ തടവുകാര്‍ക്കു ഭാവിയെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാനും വിജയകരമായ സാമൂഹികവും തൊഴില്‍പരവുമായ ജീവിതം നയിക്കാനുള്ള അവസരവും നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഏതൊക്കെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണു മോചനം ലഭിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
ജൂലൈ ഒന്‍പതിനാണു ബലിപെരുന്നാള്‍. ജൂണ്‍ 30നാണു ദു അല്‍ ഹിജ്ജ മാസം ആരംഭിച്ചത്. ദു അല്‍ ഹിജ്ജ പത്താം ദിവസമാണ് ഈദ് അല്‍ അദ്ഹ അഥവാ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശുദ്ധവുമായി കണക്കാക്കപ്പെടുന്ന അറഫ ദിനം ദു അല്‍ ഹിജ്ജ ഒന്‍പതിനും. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ രണ്ടാം ദിവസമാണിത്.
ഇത്തവണ ബലിപെരുന്നാളിനോടനുബന്ധിച്ച് യു എ ഇയില്‍ സ്വകാര്യ മേഖലയ്ക്കു നാലു ദിവസത്തെ അവധിയാണു പ്രഖ്യാപിച്ചിരിക്കുന്നത്. അറഫ ദിനമായ ജൂലൈ എട്ടു മുതല്‍ (ദു അല്‍ ഹിജ്ജ ഒന്‍പത്) 11 വരെയാണു ശമ്പളത്തോടെയുള്ള അവധി. മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള അവധിയും എട്ടു മുതല്‍ 11 വരെയാണ്. എല്ലാ ഫെഡറല്‍ മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം 12നു പുനരാരംഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് സര്‍ക്കുലറില്‍ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.