/indian-express-malayalam/media/media_files/uploads/2022/11/UAE.jpg)
UAE
ദുബായ്: യു എ ഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ച പുതിയ നിയമം പ്രാബല്യത്തില്‍. ദേശീയ നിയമനിര്‍മാണത്തിനും അന്താരാഷ്ട്ര കരാറുകള്‍ക്കും അനുസൃതമായി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണു
ഫെഡറല്‍ ഉത്തരവ്-നിയമം (9).
പുതിയ നിയമം അനുസരിച്ച്, ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ പ്രസക്തമായ ലൈസന്‍സ് ലഭിച്ചാല്‍ മാത്രമേ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റോ താല്‍ക്കാലിക ജോലിയോ അനുവദിക്കൂ.
നിയമം പറയുന്നത് എന്തൊക്കെ?
18 വയസിനു താഴെയുള്ള ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതോ ജോലി ചെയ്യുന്നതോ നിയമം കര്‍ശനമായി നിരോധിച്ചു.റിക്രൂട്ട്മെന്റ് ഏജന്‍സി കരാറിലെ നിബന്ധനകള്‍ ലംഘിച്ചാല്‍, തൊഴിലാളിയെ നിയമിക്കുന്നതു തൊഴിലുടയ്ക്കു വിസമ്മതിക്കാം.
ജോലിയുടെ സ്വഭാവം, ശമ്പളം, മറ്റാനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് അറിയിച്ചില്ലെങ്കില്‍ ഗാര്‍ഹിക തൊഴിലാളികളെ അവരുടെ രാജ്യത്തുനിന്ന് റിക്രൂട്ട് ചെയ്യരുതെന്നു നിയമം നിഷ്‌കര്‍ഷിക്കുന്നു. തൊഴിലാളികളുടെ ശാരീരികക്ഷമത, ആരോഗ്യസ്ഥിതി, മാനസികവും തൊഴില്‍പരവുമായ നില എന്നിവയുടെ തെളിവുകള്‍ ജോലിക്കു മുമ്പ് ലഭ്യമാക്കണം.
തൊഴിലാളിയുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ വ്യക്തമാക്കി, മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അംഗീകരിച്ച ഫോര്‍മാറ്റിന്റെ അടിസ്ഥാനത്തിലാണു തൊഴില്‍ കരാര്‍ ഔപചാരികമാക്കുന്നത്. ഇതില്‍ റിക്രൂട്ട്മെന്റിന്റെ നിര്‍ദിഷ്ട കാലയളവും തൊഴിലാളിയുടെ ജോലിയുടെയും ശമ്പളത്തിന്റെയും കാര്യത്തില്‍ തൊഴിലുടമ പ്രതിജ്ഞാബദ്ധമായ അടിസ്ഥാന അവകാശങ്ങളും ബാധ്യതകളും ഉള്‍പ്പെടുത്തണം.
തൊഴിലാളിയെ അവരുടെ രാജ്യത്തുനിന്ന് യു എ ഇയിലേക്ക് കൊണ്ടുവരുന്നതിനുള്ള തൊഴിലുടമയുടെ പ്രസക്തമായ സാമ്പത്തിക ബാധ്യതകളും റിക്രൂട്ട്മെന്റ് ഏജന്‍സി ഫീസും കരാറില്‍ വ്യക്തമാക്കണം.
റിക്രൂട്ട്മെന്റ് ഏജന്‍സി വ്യവസ്ഥകള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍, ബദല്‍ തൊഴിലാളിയെ നല്‍കണമെന്നും അല്ലെങ്കില്‍ റിക്രൂട്ട്മെന്റ് ഫീസിന്റെ റീഫണ്ട് തൊഴിലുടമയ്ക്കു നല്‍കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. കരാര്‍ ലംഘനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഏജന്‍സി നഷ്ടപരിഹാരം നല്‍കണം.
റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നേരിട്ടോ മൂന്നാം കക്ഷികള്‍ മുഖേനയോ, ഏതെങ്കിലും കമ്മിഷനുകള്‍ ഈടാക്കാന്‍ പാടില്ല. തൊഴിലാളിയില്‍നിന്നു ഫീസ് വാങ്ങാനും പാടില്ല. റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ഗാര്‍ഹിക തൊഴിലാളികളോട് മാനുഷികമായി പെരുമാറുകയും യു എ ഇ സമൂഹത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും കുറിച്ച് അവരെ ബോധവാന്മാരാക്കുകയും വേണം. പരാതികള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും ബാധ്യസ്ഥരാണ്.
തൊഴിലുടമകൾക്കുള്ള നിർദേശങ്ങൾ
തൊഴിലാളികളോടുള്ള തൊഴിലുടമയുടെ കടമകളും ഉത്തരവ്-നിയമം വ്യക്തമാക്കുന്നു. തൊഴില്‍ ദാതാവിനു വേണ്ടി മുഴുവന്‍ സമയ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നിടത്തോളം ഉചിതമായ താമസസൗകര്യവും ഭക്ഷണവും വസ്ത്രവും ലഭ്യമാക്കണം.
തൊഴിലാളിയോട് ശരിയായ രീതിയില്‍ പെരുമാറുകയും അവരുടെ അന്തസും ശാരീരിക ദൃഢതയും കാത്തുസൂക്ഷിക്കുകയും തൊഴില്‍ കരാര്‍, ഡിക്രി-നിയമത്തിലെ വ്യവസ്ഥകള്‍, മന്ത്രാലയം പുറപ്പെടുവിച്ച പ്രമേയങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സമ്മതിച്ച ശമ്പളം നല്‍കുകയും വേണം. തൊഴിലാളിക്കുള്ള ചികിത്സ, അല്ലെങ്കില്‍ ബാധകമായ നിയമനിര്‍മാണങ്ങള്‍ക്കനുസൃതമായി ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കണം.
സേവനത്തിനിടെ മരിക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ അനന്തരാവകാശികള്‍ക്ക് അവര്‍ അന്തരിച്ച മാസത്തെ ശമ്പളത്തോടൊപ്പം മറ്റു ബാധകമായ കുടിശ്ശികയും ലഭ്യമാകകുന്നതിനുള്ള വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും നിയമം വ്യവസ്ഥ ചെയ്യുന്നു.
തൊഴിലാളികൾ പാലിക്കേണ്ട കാര്യങ്ങൾ
തൊഴിലുടമയുടെ മാര്‍ഗനിര്‍ദേശത്തിനും മേല്‍നോട്ടത്തിനും അനുസൃതമായും തൊഴില്‍ കരാര്‍ അനുസരിച്ചും തൊഴിലാളി ജോലി നിര്‍വഹിക്കണം. ജോലിസ്ഥലത്തെ സ്വകാര്യതയെ മാനിക്കുകയും തൊഴിലുടമയുടെ സ്വത്ത്, ജോലി ഉപകരണങ്ങള്‍, തുടങ്ങിയവ സംരക്ഷിക്കണം. തൊഴിലുടമയുടെ അനുമതിയില്ലാതെ പുറത്ത് ജോലി ചെയ്യരുത്. മന്ത്രാലയവും ബാധകമായ വ്യവസ്ഥകളും അവര്‍ക്കു നല്‍കുന്ന വര്‍ക്ക് പെര്‍മിറ്റിനു കീഴിലല്ലാതെ പ്രവര്‍ത്തിക്കരുത്.
തൊഴിലാളി വാര്‍ഷിക അവധിക്ക് സ്വന്തം രാജ്യത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, രണ്ടു വര്‍ഷത്തിലൊരിക്കല്‍ യാത്രാക്കൂലിയുടെ മൂല്യം തൊഴിലുടമ വഹിക്കും. വാര്‍ഷിക അവധിക്കു ശേഷം തൊഴില്‍ കരാര്‍ അവസാനിപ്പിക്കാനോ പുതുക്കാതിരിക്കാനോ ഇരു കക്ഷികളും സമ്മതിക്കുകയാണെങ്കില്‍ തൊഴിലാളിക്കു മാതൃരാജ്യത്തേക്കുള്ള വണ്‍-വേ ടിക്കറ്റ് തൊഴിലുടമ വഹിക്കും.
തർക്കപരിഹാരം
തൊഴിലുടമയും ഗാര്‍ഹിക തൊഴിലാളികളും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും അതു രമ്യമായി പരിഹരിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍, മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിലേക്ക് റഫര്‍ ചെയ്യണം. നിര്‍ദിഷ്ട കാലയളവിനുള്ളില്‍ രമ്യമായ ഒത്തുതീര്‍പ്പ് സാധ്യമല്ലെങ്കില്‍, തര്‍ക്കം ബന്ധപ്പെട്ട കോടതിയിലേക്ക് റഫര്‍ ചെയ്യും.
വ്യവസ്ഥകള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി ഒരു പുതിയ തൊഴിലുടമയെ തേടാനുള്ള അവകാശം തൊഴിലാളിക്കുണ്ട്. വ്യവസ്ഥകള്‍ക്കുഅനുസൃതമായി തൊഴിലാളി മറ്റൊരു ജോലിയില്‍ ചേരുകയാണെങ്കില്‍, രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള ചെലവ് നല്‍കാന്‍ തൊഴിലുടമയ്ക്കു ബാധ്യതയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.