അബുദാബി: സ്വദേശികള്‍ക്കായി അവിദഗ്ധ തൊഴില്‍ പരസ്യം പ്രസിദ്ധീകരിച്ചതിനു സ്വകാര്യ കമ്പനിക്കെതിരെ അന്വേഷണം. കമ്പനി സി ഇ ഒക്കെതിരെ അന്വേഷണം നടത്തുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
തര്‍ക്കവിഷയ ഉള്ളടക്കം ഉള്‍പ്പെടുത്തിയതിനാല്‍ തൊഴില്‍ പരസ്യം സ്വദേശിവല്‍ക്കരണ നിര്‍ദേശങ്ങളും മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങളും ലംഘിച്ചതായി പബ്ലിക് പ്രോസിക്യൂഷന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
സ്വദേശികള്‍ക്കു ജോലി ഒഴിവ് പ്രഖ്യാപിക്കുന്ന സംശയാസ്പദമായ കമ്പനിയുടെ വിവാദ പരസ്യം ശ്രദ്ധയില്‍പ്പെട്ടതായി ഫെഡറല്‍ അന്വേഷണ വിഭാഗം വ്യക്തമാക്കി. പരസ്യ ഉള്ളടക്കം സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ചുള്ള മന്ത്രിതല 279-ാം നമ്പര്‍ പ്രമേയത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചു.
കിംവദന്തികളും സൈബര്‍ കുറ്റകൃത്യങ്ങളും നേരിടുന്നതിനുള്ള ഫെഡറല്‍ പ്രോസിക്യൂഷന് സംഭവത്തില്‍ ഉടനടി അന്വേഷണം ആരംഭിക്കുകയും ആരോപണങ്ങളുമായി ബന്ധപ്പെട്ട് കമ്പനി സി ഇ ഒയെ ചോദ്യം ചെയ്യുകയും ചെയ്തു.
ഉടനടി അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച അറ്റോര്‍ണി ജനറല്‍, മന്ത്രിതല 279-ാം നമ്പര്‍ പ്രമേയത്തില്‍ പറഞ്ഞ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിക്കാനും തൊഴില്‍ വിപണി വികസിപ്പിക്കുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി മുന്നോട്ടു കൊണ്ടുപോകുന്നതിലുമുള്ള പ്രധാന പങ്കാളിയെന്ന നിലയിലെ പങ്ക് സജീവമാക്കുന്നതിനു സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും കമ്പനികളോട് ആവശ്യപ്പെട്ടു.
സ്വകാര്യമേഖലയിലെ വിദഗ്ധ ജോലികളില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം രണ്ടു ശതമാനം വര്‍ധിപ്പിക്കാനാണു നിർദേശം. അന്‍പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും രണ്ടു ശതമാനം വീതമാണു സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടത്. ഇത്തരത്തില്‍ 2026 ഓടെ സ്വദേശിവല്‍ക്കരണം 10 ശതമാനമായി വര്‍ധിപ്പിക്കും.
സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. ജനുവരി ഒന്നു മുതല്‍ മന്ത്രാലയം പരിശോധന ഊര്‍ജിതമാക്കും. സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ ജനുവരിയോടെ പിഴ നല്‍കണ്ടേിവരും. നിയമം പാലിക്കാത്തതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ സ്ഥാപനങ്ങള്‍ക്ക് 20,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും.
നിലവില്‍ 50 തൊഴിലാളികള്‍ക്ക് ഒരാള്‍ എന്ന നിലയിലാണു സ്വദേശി നിയമനം നടത്തത്തേണ്ടത്. ഒരു തൊഴിലാളിയെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ മാസത്തില്‍ 6000 ദിര്‍ഹം വീതം വര്‍ഷം 72,000 ദിര്‍ഹം പിഴ അടയ്ക്കണം.