/indian-express-malayalam/media/media_files/uploads/2022/01/UAE-missile-attack.jpg)
ഫയല്‍ ചിത്രം
അബുദാബി: യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണശ്രമം. മൂന്ന് ഡ്രോണുകള്‍ പ്രതിരോധ സേന തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് നാലാമത്തെ തവണയാണ് യുഎഇയില്‍ ഹൂതികളുടെ ആക്രമണം ഉണ്ടാകുന്നത്.
"ഫെബ്രുവരി രണ്ടിനു ജനവാസ മേഖലകളിൽനിന്ന് വളരെ അകലെയായി വ്യോമാതിര്‍ത്തിയിലെത്തിയ മൂന്ന് ഡ്രോണുകള്‍ പ്രതിരോധ സേന തകര്‍ത്തു. യുഎഇയ്ക്കു നേരെയുള്ള ഏതു ഭീഷണിയും നേരിടാൻ പ്രതിരോധ മന്ത്രാലയം സജ്ജമാണ്. ആക്രമണത്തിൽനിന്ന് യുഎഇയെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു," പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.
وزارة الدفاع تعلن عن اعتراض وتدمير عدد 3 طائرات من دون طيار معادية اخترقت المجال الجوي للدولة فجر اليوم 2/2/2022 بعيدا عن المناطق المأهولة بالسكان، وأكدت الوزارة أنها على أهبة الاستعداد والجاهزية للتعامل مع أية تهديدات، وأنها تتخذ كافة الإجراءات اللازمة لحماية الدولة من أي اعتداء pic.twitter.com/XqEXZmkz7K
— وزارة الدفاع |MOD UAE (@modgovae) February 2, 2022
ഇസ്രായേല്‍ പ്രസിഡന്റ് ഐസക്ക് ഹെര്‍സോഗ് യുഎഇയിലെ സന്ദര്‍ശനത്തിനിടെ ജനുവരി 31നായിരുന്നു ഇതിനു മുൻപ് ഹൂതിയാക്രമണമുണ്ടായത്. അന്ന് ബാലസ്റ്റിക് മിസൈൽ പ്രതിരോധ സേന തകർക്കുകയായിരുന്നു. യുഎഇയുടെ സുരക്ഷാ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം അക്രമണം നടന്നതിന്റെ തലേ ദിവസം പറഞ്ഞിരുന്നു.
തൊട്ടുമുൻപ് ജനുവരി 24നും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. അന്ന് രണ്ട് ബാലസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന വീഴ്ത്തിയിരുന്നു. തിരിച്ചടിയായി യെമനിലെ അൽ ജാഫിലെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചർ പ്രതിരോധ സേന തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
ജനുവരി 17 നായിരുന്നു ആദ്യ ആക്രമണം. ഡ്രോണ്‍ ആക്രമണമെന്നു കരുതുന്ന സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാന്‍ സ്വദേശിയുമാണ് മരിച്ചത്.
മുസഫയിലെ ഐസിഎഡി 3-ല്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്)യുടെ സംഭരണ ടാങ്കുകള്‍ക്കു സമീപമാണു ആദ്യ സ്‌ഫോടനമുണ്ടായത്. മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. മറ്റൊരു സംഭവത്തില്‍ വിമാനത്താവളത്തിന്റെ നിര്‍മാണമേഖലയിലും നേരിയ തീപ്പിടുത്തമുണ്ടായിരുന്നു.
Also Read: വാവ സുരേഷിന്റെ പ്രതികരണ ശേഷി മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.