കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കല്‍ സംഘം. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായും സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ ശേഷം സുരേഷ് ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു. ഇത്തരം കേസുകളില്‍ വെന്റിലേറ്ററിന്റെ സഹായം വീണ്ടും ആവശ്യമായി വരാനുള്ള സാധ്യത പരിഗണിച്ച് സുരേഷിന് അടുത്ത 48 മണിക്കൂര്‍ കൂടി നിരീക്ഷിക്കാനാണ് മെഡിക്കല്‍ സംഘത്തിന്റെ തീരുമാനം. അതുവരെ ഐസിയുവില്‍ തുടരും.
കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ തിങ്കളാഴ്ച വൈകുന്നേരമാണ് മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പിടികൂടിയ മൂർഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയിൽ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേർപെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ വാവ സുരേഷ് ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത് മൂന്നാം തവണയാണ് പാമ്പുകടിയേറ്റ് സുരേഷ് ഗുരുതരാവസ്ഥയിലാകുന്നത്.
Also Read: മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു