/indian-express-malayalam/media/media_files/uploads/2022/07/Abu-Dhabi.jpg)
ദുബായ്: എംപ്ലോയ്മെന്റ് റിലേഷന്‍ഷിപ്പ് റെഗുലേഷന്‍ സംബന്ധിച്ച നിയന്ത്രണത്തില്‍ സുപ്രധാന ഭേദഗതി പ്രഖ്യാപിച്ച് യു എ ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം. സ്വകാര്യ മേഖലയിലെ തൊഴില്‍ കരാറുകളുടെ കാര്യത്തില്‍ മൂന്നു വര്‍ഷമെന്ന പരിധി നീക്കി.
പുതിയ ഭേദഗതികള്‍ പ്രകാരം, തൊഴില്‍ കരാറുകള്‍ക്ക് ഒരു നിശ്ചിത കാലയളവ് ഉണ്ടായിരിക്കണം. എന്നാല്‍ അത് എത്രയായിരിക്കണമെന്നു നിയമം നിശ്ചയിക്കില്ല. ഇരുകക്ഷികളും വ്യവസ്ഥകള്‍ അംഗീകരിക്കുന്നിടത്തോളം കരാര്‍ പുതുക്കാന്‍ കഴിയുമെന്നു മന്ത്രാലയം വ്യക്തമാക്കി.
നവംബറിലാണ് ആദ്യമായി തൊഴില്‍ നിയമനിര്‍മത്തില്‍ വ്യാപകമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. തൊഴില്‍ കരാറുകള്‍ മൂന്ന് വര്‍ഷത്തില്‍ കവിയാന്‍ പാടില്ലെന്നായിരുന്നു ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വന്ന ഈ ഭേദഗതികളില്‍ പറഞ്ഞിരുന്നത്. ഇതിനാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്.
ഇരു കക്ഷികളെയും ഒരുപോലെ സംരക്ഷണം നല്‍കുകയാണു ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതു തൊഴില്‍ വിപണിയുടെ വളര്‍ച്ചയും സ്ഥിരതയും മെച്ചപ്പെടുത്തുമെന്നും യു എ ഇ.യുടെ സാമ്പത്തിക മത്സരശേഷി വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.
പുതിയ ഭേദഗതി പ്രദാനം ചെയ്യുന്ന ദീര്‍ഘകാല കരാര്‍ ക്രമീകരണങ്ങള്‍ തൊഴില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനൊപ്പം ബിസിനസുകള്‍ക്കും ഗുണകരമാവും. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററും അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റും ഒഴികെയുള്ള ഫ്രീ സോണുകളിലെയും മെയിന്‍ലാന്‍ഡ് കമ്പനികളിലെയും ജീവനക്കാര്‍ക്കു പുതിയ ഭേദഗതി ബാധകമാണ്.
യു എ ഇയുടെ അടുത്ത 50 വര്‍ഷത്തെ വികസന ആവശ്യവുമായി പൊരുത്തപ്പെടുന്ന നിയന്ത്രണങ്ങളും നിയമങ്ങളും സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതു തുടരുകയാണെന്ന് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രി അബ്ദുള്‍റഹ്‌മാന്‍ അല്‍ അവാര്‍ പറഞ്ഞു.
''ഈ നിയമങ്ങള്‍ യു എ ഇ യുടെ പുതിയ വികസന മാതൃകയും അടിസ്ഥാനങ്ങളും നീതിയിലും മനുഷ്യാവകാശങ്ങളെ മാനിക്കുന്നതിലും മാറ്റങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നതിലും അധിഷ്ഠിതമായ തത്വങ്ങളും പിന്തുടരുന്നു. ഇത് യു എ ഇയുടെ തുടര്‍ച്ചയായ പുരോഗതിയും സ്ഥിരതയഒം മാര്‍ഗദര്‍ശി പദവിയും ഉറപ്പുനല്‍കുന്നു,''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.