/indian-express-malayalam/media/media_files/uploads/2022/09/minsa.jpg)
ദോഹ. മലയാളി വിദ്യാര്‍ഥിനി സ്കൂള്‍ ബസിനുള്ളില്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. നാല് വയസുകാരിയായ മിന്‍സ മറിയം പഠിച്ചിരുന്ന ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടന്‍ അടച്ചുപൂട്ടാന്‍ മന്ത്രാലയം ഉത്തരവിട്ടു.
സ്കൂള്‍ ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി മന്ത്രാലയം അറിയിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്ച മരിച്ച മിന്‍സയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. സ്കൂൾ ബസിലിരുന്ന് ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. കടുത്ത ചൂടില്‍ ശ്വാസം ലഭിക്കാതെ കുട്ടി ബോധരഹിതായി.
ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം.
ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകളാണ് മിൻസ. വർഷങ്ങളായി അഭിലാഷും കുടുംബവും ഖത്തറിലാണ് താമസിക്കുന്നത്. മിൻസയുടെ സഹോദരി മീഖ എം ഇ എസ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us