പനാജി: മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഉള്‍പ്പടെ ഗോവയിലെ എട്ട് കോൺഗ്രസ് എം എല്‍ മാര്‍ ബി ജെ പിയില്‍ ചേര്‍ന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് തനവാദെ ഇക്കാര്യം സ്ഥിരീകരിച്ചതായി വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
11 എം എൽ എമാരാണു ഗോവയിൽ കോൺഗ്രസിനുണ്ടായിരുന്നത്. ഇവരിൽ, ദിഗംബർ കാമത്തിനെ കൂടാതെ പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ, ഭാര്യ ഡെലീല ലോബോ, കേദാർ നായ്ക്, റുഡോൾഫോ ഫെർണാണ്ടസ്, മുൻ വൈദ്യുതി മന്ത്രി അലീക്സോ സെഖ്യൂര, രാജേഷ് ഫൽ ദേശായ്, സങ്കൽപ്പ് അമോങ്കർ എന്നിവരാണു ബി ജെ പിയിൽ ചേർന്നത്.
കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ച് ബി ജെ പിയില്‍ ലയിക്കാനുള്ള തീരുമാനം മൈക്കിള്‍ ലോബോ കൈക്കൊള്ളുകയായിരുന്നു. ഇക്കാര്യം ലോബോ സ്ഥിരീകരിച്ചു.
”പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെയും കരങ്ങൾ ശക്തിപ്പെടുത്താനാണ് ഞങ്ങൾ ബിജെപിയിൽ ചേർന്നത്…’കോൺഗ്രസ് ചോഡോ, ബിജെപി ജോഡോ (കോൺഗ്രസ് വിടൂ, ബിജെപിയിൽ ചേരൂ),” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ലയിച്ചു. പുതിയ ഇന്ത്യ സൃഷ്ടിക്കാനും ഗോവയുടെ വികസനത്തിനും വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ഉൾക്കൊണ്ടാണു ദിഗംബർ കാമത്തും മൈക്കിൾ ലോബോയും ഉൾപ്പെടെയുള്ള എം എൽ എമാർ എത്തിയത്. ഗോവയുടെ വികസനത്തിൽ ഇതു ചരിത്രപരമായ തീരുമാനമായി മാറും,” മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
2019 ൽ 10 കോൺഗ്രസ് എംഎൽഎമാരും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ (എംജിപി) രണ്ട് എംഎൽഎമാരും സമാനമായി തങ്ങളുടെ നിയമസഭാ കക്ഷികളെ ബിജെപിയിൽ ലയിപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എമാരും എത്തുന്നതോടെ സഭയിലെ ബിജെപിയുടെ അംഗബലം 33 ആകും. ബിജെപിയുടെ 20 അംഗങ്ങള്‍, എംജിപിയില്‍ നിന്ന് രണ്ട് പേരും, മൂന്ന് സ്വതന്ത്രരുമാണ് നിലവില്‍ ഭരക്ഷകക്ഷിയ്ക്കൊപ്പമുള്ളത്.
ഗോവന്‍ നിയമസഭ
ബിജെപി – 20
കോണ്‍ഗ്രസ് – 11
ആം ആദ്മി പാര്‍ട്ടി – 2
എംജിപി – 2
ഗോവന്‍ ഫോര്‍വാര്‍ഡ് പാര്‍ട്ടി – 1
റെവലൂഷണറി ഗോവന്‍സ് പാര്‍ട്ടി – 1
സ്വതന്ത്രര്‍ – 3