/indian-express-malayalam/media/media_files/uploads/2020/09/Dubai.jpg)
ദുബായ്: വ്യത്യസ്തമായ വിശ്രമജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ വിസ പദ്ധതിയുമായി ദുബായ്. 55 വയസ് പിന്നിട്ടവര്‍ക്കായി 'റിട്ടയര്‍ ഇന്‍ ദുബായ്' എന്ന പേരിലാണു പുതിയ റസിഡന്റ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്.
55 വയസിനു മുകളിലുള്ള, ദുബായില്‍ നിലവില്‍ താമസിക്കുന്നവര്‍ക്കൊപ്പം വിദേശികള്‍ക്കും റിട്ടയര്‍മെന്റ് വിസയ്ക്ക് അപേക്ഷിക്കാം. ഇതിനായി www.retireindubai.com എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. രാജ്യത്തു താമസിക്കുന്ന പ്രവാസികള്‍ക്കു മാത്രമായുള്ള അഞ്ച് വര്‍ഷത്തെ റിട്ടയര്‍മെന്റ് വിസ പദ്ധതിയ്ക്കു 2018 ല്‍ യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പദ്ധതി 2019ലാണ് ആരംഭിച്ചത്.
'റിട്ടയര്‍ ഇന്‍ ദുബായ്' വിസ പദ്ധതിയില്‍ അപേക്ഷിക്കുന്നവര്‍ക്ക് നിക്ഷേപങ്ങളില്‍നിന്നോ പെന്‍ഷനില്‍നിന്നോ മാസം 20,000 ദിര്‍ഹം (നാല് ലക്ഷത്തോളം രൂപ) വരുമാനം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹം (രണ്ടുകോടിയോളം രൂപ) സമ്പാദ്യമോ ദുബായില്‍ 20 ലക്ഷം ദിര്‍ഹ(നാലു കോടിയോളം രൂപ)ത്തിന്റെ സ്വത്തോ ഉണ്ടായിരിക്കണം.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉള്ളവര്‍ക്കു മാത്രമാണു റിട്ടയര്‍മെന്റ് വിസ നല്‍കുക. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും സാധുവായ ആരോഗ്യ ഇന്‍ഷുറന്‍സ് സമ്പാദിക്കണം. വിസ അപേക്ഷ നിരസിച്ചാല്‍ ഇന്‍ഷുറന്‍സിനായി മുടക്കിയ തുക 30 ദിവസത്തിനുള്ളില്‍ തിരികെ ലഭിക്കും. അപേക്ഷകന്റെ ജീവിത പങ്കാളിക്കും വിസ കിട്ടും. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഓണ്‍ലൈനായി വിസ പുതുക്കാം.
Also Read: ‘മഹാമാരിക്കെതിരേ ഇതു മാത്രമേ വഴിയുള്ളൂ’; ചൈനയുടെ കോവിഡ് പരീക്ഷണ വാക്‌സിന്‍ സ്വീകരിച്ച് മലയാളിയും
ദുബായിയെ വിശ്രമജീവിത ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണു പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ നിര്‍ദേശപ്രകാരം ദുബായ് ടൂറിസവും ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സും ചേർന്നാണ് റിട്ടയര്‍ ഇന്‍ ദുബായ് പദ്ധതി ആവിഷ്‌കരിച്ചത്.
ആദ്യഘട്ടത്തില്‍ 10 വര്‍ഷത്തിലേറെയായി ദുബായില്‍ ജോലിചെയ്ത താമസക്കാരെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. വിരമിച്ചവരെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സന്ദര്‍ശിക്കാനെത്തുന്നതു വഴി ടൂറിസം സമ്പദ് വ്യവസ്ഥ ഉയരുമെന്നാണു ദുബായ് ടൂറിസത്തിന്റെ പ്രതീക്ഷ. വിശ്രമജീവിതം നയിക്കാനെത്തുന്ന വിദേശികള്‍ക്ക് ആരോഗ്യകരമായ ജീവിത ശൈലിയാണ് ദുബായ് അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.