ദുബായ്: ലോകത്തെ നിശ്ചലമാക്കിയ കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ കണ്ണിചേര്‍ന്ന് മലയാളിയും. ചൈനീസ് കമ്പനിയായ സിനോഫാമിന്റെ മരുന്നുപരീക്ഷണത്തിലാണു കണ്ണൂര്‍ തായത്തെരു അഞ്ചുകണ്ടി സ്വദേശി മുഹമ്മദ് റസ്‌ലിം അന്‍വര്‍ പങ്കുചേര്‍ന്നത്.

ദുബായില്‍ ഷിപ്പിങ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്ന മുപ്പത്തി രണ്ടുകാരനായ മുഹമ്മദ് റസ്‌ലിം പരീക്ഷണ വാക്‌സിന്റെ ആദ്യ ഡോസ് ഓഗസ്റ്റ് എട്ടിനു സ്വീകരിച്ചുകഴിഞ്ഞു. മൂന്നാഴ്ച കഴിഞ്ഞുള്ള രണ്ടാം ഡോസ് 29നു സ്വീകരിക്കുമെന്ന് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

ദുബായില്‍ 15,000 പേരെ പരീക്ഷണത്തിനു വിധേയമാക്കാനായിരുന്നു സിനോ ഫാമിന്റെ ലക്ഷ്യം. ഇതിനായി അബുദാബി ഹെല്‍ത്ത് സര്‍വീസ് വിഭാഗമായ സേഹ സന്നദ്ധപ്രവര്‍ത്തകരുടെ റജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. പരീക്ഷണമരുന്ന് സ്വീകരിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് അന്വേഷിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) യില്‍നിന്ന് വിളി എത്തിയപ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്ന് കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന മുഹമ്മദ് റസ്‌ലിം പറഞ്ഞു.

”വാക്‌സിനെടുക്കാന്‍ തീരുമാനിച്ച വിവരം പറഞ്ഞപ്പോള്‍ കുടുംബത്തില്‍നിന്ന് ആദ്യം ആശങ്കയും അല്‍പ്പം എതിര്‍പ്പും ഉണ്ടായിരുന്നു. കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കിയതോടെ അതു മാറി. തനിക്ക് ആശങ്കയൊന്നുമുണ്ടായിരുന്നില്ല. ആരെങ്കിലുമൊക്കെ മുന്നിട്ടിറങ്ങിയാല്‍ മാത്രമല്ലേ വാക്‌സിന്‍ വരൂവെന്നായിരുന്നു ചിന്ത. ഈ മഹാമാരിയില്‍നിന്ന് ലോകം രക്ഷപ്പെടാന്‍ അതു മാത്രമല്ലേ വഴിയുള്ളൂ,” 11 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന റസ്‌ലിം പറഞ്ഞു.

സേഹയുടെ കീഴിലുള്ള ആശുപത്രിയില്‍നിന്ന് കുത്തിവയ്പ് സ്വീകരിച്ചത്. ആശുപത്രിയില്‍ പ്രാഥമിക പരിശോധനയ്ക്കുശേഷമാണു സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നത്.

”രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിവ ഉണ്ടോയെന്നും ഉയരവും ശരീരഭാരവും പരിശോധിക്കും. ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു വ്യക്തമായാല്‍ ഡോക്ടറുടെ അടുത്തേക്കു വിടും. അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചാലുണ്ടാകുന്ന പാര്‍ശ്വഫലങ്ങളും മറ്റും വ്യക്തമാക്കിത്തരും. അതുകഴിഞ്ഞ് വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധമാകുന്നവരുടെ മൂക്കിലെ ശ്രവം ശേഖരിച്ച് പരിശോധിച്ച് കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തും. കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കു വാക്‌സിന്‍ നല്‍കില്ല,” റസ്‌ലിം പറഞ്ഞു.

ജീവനില്ലാത്ത കൊറോണ വൈറസുകളുടെ കൂട്ടം അടങ്ങുന്ന പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസാണ് സ്വീകരിക്കേണ്ടത്.ആദ്യ ഡോസ് സ്വീകരിക്കുന്നതിനു മുന്നോടിയായി നടത്തിയ എല്ലാ പരിശോധനകളും രണ്ടാം കുത്തിവയ്പിന്റെ സമയത്തും ഉണ്ടാവും. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 26 ദിവസത്തിനു ശേഷം ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ രക്തപരിശോധന നടത്തും. ഇതോടെയാണു പരീക്ഷണപ്രക്രിയ പൂര്‍ത്തിയാകുക.

കൈയിലാണു കുത്തിവയ്പ് നല്‍കുക. കുത്തിവയ്‌പെടുക്കുന്നവര്‍ക്ക് ഒരാഴ്ച കടുത്ത തലവേദന, പനി, അതിസാരം തുടങ്ങിയവയാണു പാര്‍ശ്വഫലങ്ങളായി പറഞ്ഞിരുന്നതെന്നു റസ്‌ലിം പറഞ്ഞു. തനിക്ക് മൂന്നു ദിവസം തലവേദനയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

”ശരീരത്തില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ രേഖപ്പെടുത്താന്‍ ആശുപത്രിയിൽനിന്ന് ലോഗ് ബുക്ക് തന്നിരുന്നു. ദിവസവും നാലുവട്ടം ശരീരത്തിന്റെ താപനില പരിശോധിക്കണം. ഏറ്റവും ഉയര്‍ന്ന താപനില പുസ്തകത്തില്‍ രേഖപ്പെടുത്തണം. മറ്റു പാര്‍ശ്വഫലങ്ങളുണ്ടെങ്കില്‍ അതും എഴുതണം. വിവരങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകം കുത്തിവയ്പ് സ്വീകരിച്ച് ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയില്‍ തിരിച്ചുനല്‍കണം. കടുത്ത ആരോഗ്യപ്രശ്‌നങ്ങളുള്ളവരുടെ ചികിത്സയ്ക്കായി  ആശുപത്രികളില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക വിഭാഗം തുറന്നിട്ടുണ്ട്,”  റസ്‌ലിം പറഞ്ഞു.

വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ഒരുവര്‍ഷം ആരോഗ്യവിഭാഗത്തിന്റെയും സിനോ ഫാമിന്റെയും നിരീക്ഷണത്തിലായിരിക്കും. മൂന്നു മാസത്തേക്കു യുഎഇയ്ക്കു പുറത്തു സഞ്ചരിക്കാന്‍ കഴിയില്ല. അടിയന്തര ഘട്ടത്തില്‍ ആരോഗ്യവിഭാഗത്തിന്റെ അനുമതിയോടെ യാത്ര ചെയ്യാന്‍ കഴിയും. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ധാരണാപത്രം കുത്തിവയ്പ് സ്വീകരിച്ചവരില്‍നിന്ന് അധികൃതര്‍ ഒപ്പിട്ടുവാങ്ങുന്നുണ്ട്.

വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ സിനോ ഫാം നല്‍കുന്ന ബാന്‍ഡ് കൈത്തണ്ടയില്‍ അണിയണം. ഇതില്‍ ഘടിപ്പിച്ച ചിപ്പ് വഴി രോഗിയുടെ ഹൃദയസ്പന്ദനവും രക്തസമ്മര്‍ദവും സിനോ ഫാം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും. വെള്ളത്തെ പ്രതിരോധിക്കുന്ന ബാന്‍ഡ് അഴിക്കാതിരിക്കാന്‍ പരാമവധി ശ്രദ്ധിക്കണമെന്നാണു നിര്‍ദേശം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒരു വര്‍ഷത്തേക്ക് യുഎഇയിലെ ആശുപത്രികളില്‍ ഏത് അസുഖത്തിനുമുള്ള ചികിത്സയ്ക്കും പ്രത്യേക പരിഗണന ലഭിക്കും.

വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള എല്ലാ പ്രായപരിധിയിലുള്ളവരിലും മരുന്ന് ഫലപ്രദമാണെന്നു തെളിയിക്കപ്പെടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുകയുള്ളൂ. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള വിവിധ പ്രായപരിധിയിലുള്ളവര്‍ എളുപ്പം ലഭ്യമാകുമെന്നതിനാലാണു ദുബായിയെ വാക്‌സിന്‍ പരീക്ഷണത്തിനു സിനോ ഫാം തെരഞ്ഞെടുത്തത്. താന്‍ കുത്തിവയ്പ് സ്വീകരിച്ച ദിവസം യൂറോപ്പില്‍നിന്നുള്ള ധാരാളം പേര്‍ ഇതേ ആവശ്യത്തിന് ഉണ്ടായിരുന്നതായി റസ്‌ലിം പറഞ്ഞു.

ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞാല്‍ കോവിഡ് പകരാതിരിക്കാനുള്ള സാധ്യത 77 ശതമാനവും രണ്ടാമത്തെ കുത്തിവയ്പ് സ്വീകരിക്കുന്നതോടെ അത് 100 ശതമാനമാണെന്നാണു കമ്പനി അധികൃതര്‍ പറയുന്നതെന്ന് മുഹമ്മദ് റസ്‌ലിം പറഞ്ഞു.

വാക്‌സിന്‍ പരീക്ഷണത്തിനു വേദിയൊരുക്കുന്നതിലൂടെ കോവിഡിനെതിരായ പോരാട്ടത്തില്‍ സുപ്രധാന നേട്ടം യുഎഇയ്ക്കു കൈവരും. അന്തിമാനുമതി ലഭിച്ച് വാക്‌സിന്‍ ചൈനയില്‍ ലഭ്യമാക്കുന്ന അതേസമയത്ത് തന്നെ യുഎഇയ്ക്കും സിനോ ഫാം മരുന്ന് നല്‍കും. മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാക്കി ഡിസംബറോടെ വാക്‌സിന്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണു സിനോ ഫാം. ദുബായിലെ പരീക്ഷണം ഈ മാസത്തോടെ പൂര്‍ത്തിയാകുമെന്നാണു വിവരം.

Also Read: 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook