/indian-express-malayalam/media/media_files/uploads/2022/10/Palm-Jumeirah.jpg)
പാം ജുമൈറ. ഫൊട്ടോ: വിസിറ്റ് ദുബായ്
ദുബായ്: ദുബായിയുടെ ആകര്‍ഷണമായ പാം ജുമൈറയില്‍ മറ്റൊരു ആഡംബര വില്ല കൂടി സ്വന്തമാക്കി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനായ മുകേഷ് അംബാനി. ദുബായ് റസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ഏറ്റവും വലിയ തുകയ്ക്കാണു വില്ല വാങ്ങിയതെന്നാണു റിപ്പോര്‍ട്ടുകള്‍.
ഏകദേശം 163 മില്യണ്‍ ഡോളറിനാ(1350 കോടി രൂപ)ണു പാം ജുമൈറ മാന്‍ഷന്‍ കഴിഞ്ഞയാഴ്ച മുകേഷ് അംബാനി വാങ്ങിയതെന്നാണു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാം ജുമൈറയില്‍ നേരത്തെ മറ്റൊരു വില്ല ഈ വര്‍ഷമാദ്യം മുകേഷ് അംബാനി സ്വന്തമാക്കിയിരുന്നു. അതിന്റെ ഇരട്ടിയിലേറെ തുകയ്ക്കാണു പുതിയ വില്ല വാങ്ങിയിരിക്കുന്നത്.
കുവൈറ്റ് വ്യവസായി മുഹമ്മദ് അല്‍ഷായയുടെ കുടുംബത്തില്‍നിന്നാണു പുതിയ വില്ല മുകേഷ് അംബാനി വാങ്ങിയത്. പരസ്യമായി സംസാരിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്തരുതെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ആഴ്ച ആദ്യം പാം ജുമൈറയില്‍ 163 മില്യണ്‍ ഡോളറിന്റെ പ്രോപ്പര്‍ട്ടി ഇടപാട് നടന്നതായി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാങ്ങുന്നയാള്‍ ആരാണെന്നു വെളിപ്പെടുത്താതെയായിരുന്നു ഇത്. ഇടപാടിനെക്കുറിച്ച് പ്രതികരിക്കാന്‍ റിലയന്‍സിന്റെ വക്താവ് വിസമ്മതിച്ചതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിപ്രായം തേടിയുള്ള അഭ്യര്‍ഥനയോട് അല്‍ഷായ പ്രതിനിധികള്‍ പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്റ്റാര്‍ബക്ക്‌സ്, എച്ച് ആന്‍ഡ് എം, വിക്‌ടോറിയ സീക്രട്ട് എന്നിവയുള്‍പ്പെടെയുള്ള റീട്ടെയില്‍ ബ്രാന്‍ഡുകളുടെ പ്രാദേശിക ഫ്രാഞ്ചൈസികള്‍ അല്‍ഷയയുടെ കൂട്ടായ്മയുടെ ഉടമസ്ഥതയിലുണ്ട്.
80 മില്യണ്‍ ഡോളറി (ഇന്നത്തെ നിരക്കില്‍ 644 കോടി രൂപ)നാണ് ആദ്യ വില്ല മുകേഷ് അംബാനി പാം ജുമൈറയില്‍ വാങ്ങിയിരുന്നത്. മറ്റൊരു വില്ല 82.4 മില്യണ്‍ ഡോളറിനു വിറ്റുപോകുന്നതുവരെ ദുബായിലെ ഏറ്റവും വില കൂടിയ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടായിരുന്നു ഇത്.
രണ്ടാം വീടെന്ന നിലയില്‍ വിദേശത്തു ഒന്നിലേറെ സ്വത്തുകള്‍ സ്വന്തമാക്കിയിരിക്കുകയാണു മുകേഷ് അംബാനി. യുകെ കണ്‍ട്രി ക്ലബ് സ്റ്റോക്ക് പാര്‍ക്ക് വാങ്ങാന്‍ റിലയന്‍സ് കഴിഞ്ഞ വര്‍ഷം 79 മില്യണ്‍ ഡോളര്‍ ചെലവഴിച്ചിരുന്നു. വിപണി മൂല്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയ്ക്കു 8400 കോടി ഡോളറിന്റെ ആസ്തിയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.