ദുബായ്: ചാന്ദ്രോപരിതലത്തിലേക്കുള്ള യു എ ഇയുടെ ആദ്യ ദൗത്യമായ ‘എക്സ്പ്ലോറര്‍ റാഷിദ്’ വിക്ഷേപണത്തിനു മുന്നോടിയായുള്ള അന്തിമ പരിശോധനകള്‍ വിജയരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിന്റെ (എം ബി ആര്‍ എസ് സി) റോവറായ റാഷിദ് നവംബറില്‍ വിക്ഷേപിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
അമേരിക്കയിലെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നു നവംബര്‍ ഒൻപതിനും നവംബര്‍ 15 നുമിടയില്‍ റോവര്‍ വിക്ഷേപിക്കപ്പെടുമെന്നു കരുതപ്പെടുന്നത്. വിക്ഷേപണ തീയതി ഉടന്‍ പ്രഖ്യാപിക്കും. ഫാല്‍ക്കണ്‍ 9 സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപിക്കുന്ന റാഷിദ് റോവറിനെ ജാപ്പനീസ് ഐസ്പേസ് ലാന്‍ഡര്‍ മാര്‍ച്ചില്‍ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
റാഷിദ് റോവറിന്റെ ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നു എമിറേറ്റ്സ് ലൂണാര്‍ എക്സ്പ്ലോറേഷന്‍ പ്രോജക്റ്റ് ഡയറക്ടര്‍ ഡോ. ഹമദ് അല്‍ മര്‍സൂഖി പറഞ്ഞു. ”ഏറെ നാളായി കാത്തിരിക്കുന്ന വിക്ഷേപണത്തിന്റെ മുന്നോടിയായുള്ള അന്തിമഘട്ടമായ റോവറും വിക്ഷേപണ വാഹനവും തമ്മിലുള്ള സംയോജന പ്രക്രിയയ്ക്കു തയാറാണ്. ചന്ദ്രന്റെ ഭൂമിശാസ്ത്രപരവും ഉപരിതല ശാസ്ത്രവും സംബന്ധിച്ച പ്രധാന ചോദ്യങ്ങള്‍ പരിഹരിക്കാന്‍ ഈ ദൗത്യത്തിന്റെ ശാസ്ത്രവും സാങ്കേതികവിദ്യയും ഞങ്ങളെ സഹായിക്കും. ഞങ്ങളുടെ യാത്ര ലോകവുമായി പങ്കിടുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്,”അദ്ദേഹം പറഞ്ഞു.
”റാഷിദ് റോവര്‍ വിക്ഷേപത്തിനു തയാറാക്കാന്‍ അക്ഷീണം പ്രയത്‌നിച്ച ദൗത്യസംഘത്തിന് അഭിനന്ദനങ്ങള്‍,” ചാന്ദ്ര ദൗത്യം എമിറാത്തികള്‍ക്ക് ഒരു പുതിയ ശാസ്ത്രീയ യാഥാര്‍ത്ഥ്യം സൃഷ്ടിക്കുകയും എം ബി ആര്‍ എസ് സിയുടെ കൂടുതല്‍ ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും. ഈ ദൗത്യം രാജ്യത്തിന്റെ നവീകരണത്തിന്റെയും ശാസ്ത്ര പുരോഗതിയുടെയും മനോഭാവത്തെ വ്യക്തമാക്കുന്നതുപോലെ ആഗോള ബഹിരാകാശ ശാസ്ത്ര ഗവേഷണത്തിനും പര്യവേക്ഷണങ്ങള്‍ക്കും സംഭാവന നല്‍കുകയും ചെയ്യുന്നു,” എം ബി ആര്‍ എസ് സി ഡയറക്ടര്‍ ജനറല്‍ സലേം അല്‍മറി പറഞ്ഞു.
ചന്ദ്രന്റെ പ്ലാസ്മയെക്കുറിച്ച് പഠിക്കുകയും ചന്ദ്രന്റെ പൊടിപടലങ്ങള്‍, ചന്ദ്രോപരിതലം, ചന്ദ്രന്റെ ഉപരിതലത്തിലെ ചലനാത്മകത, വ്യത്യസ്ത പ്രതലങ്ങള്‍ ചന്ദ്രകണങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നിവയെക്കുറിച്ചുള്ള ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് റാഷിദ് റോവര്‍ ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. 10 കിലോഗ്രാം വരുന്ന റാവറില്‍ ഉയര്‍ന്ന റെസല്യൂഷനുള്ള രണ്ട് ക്യാമറകള്‍, ഒരു മൈക്രോസ്‌കോപ്പിക് ക്യാമറ, ഒരു തെര്‍മല്‍ ഇമേജറി ക്യാമറ, ഒരു പ്രോബ് എന്നിവയും മറ്റ് ഉപകരണങ്ങളുമുണ്ട്.
റോവര്‍ ലാന്‍ഡറുമായി സംയോജിപ്പിച്ചായും വിക്ഷേപണത്തിന് തയാറാണെന്നും മിഷന്‍ മാനേജര്‍ ഹമദ് ഹല്‍ മര്‍സുഖിയെ ഉദ്ധരിച്ച് ദി നാഷണല്‍ കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബഹിരാകാശ പര്യവേക്ഷണ മേഖലയില്‍ സുപ്രധാന സ്ഥാനത്തിനുള്ള യു എ ഇയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണു ചാന്ദ്ര ദൗത്യം. ഈ ദൗത്യം വിജയിച്ചാല്‍ ചന്ദ്രോപരിതലത്തില്‍ ബഹിരാകാശ പേടകമിറക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇ യും ജപ്പാനും ഇടംപിടിക്കും.
സമീപകാലത്താണു യു എ ഇ ബഹിരാകാശ മേഖയില്‍ സജീവമായി ഇടപെട്ടു തുടങ്ങിയത്. നിലവില്‍, ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്ന യു എ ഇ ഉപഗ്രഹം പരിക്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്. ജപ്പാനിലെ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസുമായി സഹകരിച്ച് 2021 ഫെബ്രുവരിയിലായിരുന്നു പേടകത്തിന്റെ വിക്ഷേപണം.
ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നതിനായി പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും നൂതന വാണിജ്യ ഉപഗ്രഹം വികസിപ്പിക്കാന്‍ യുഎഇക്ക് പദ്ധതിയുണ്ട്. 2117-ഓടെ ചൊവ്വയില്‍ മനുഷ്യ കോളനി നിര്‍മിക്കുകയെന്ന സ്വപ്‌നവും യു എ ഇ പുലര്‍ത്തുന്നു.