scorecardresearch

തിരഞ്ഞെടുപ്പുകാലത്തെ പ്രതീതി യാഥാർഥ്യങ്ങൾ

സൈബർ ഇടങ്ങളും പ്രതീകാത്മക ഇടപെടലുകളും ചേർന്ന് സൃഷ്ടിക്കുന്ന അടിയൊഴുക്കുകൾ വിധി നിർണയിക്കുന്ന പുതിയൊരു തിരഞ്ഞെടുപ്പ് ചരിത്രത്തിനാണ് കേരളത്തിൽ അരങ്ങൊരുങ്ങുന്നത്

സൈബർ ഇടങ്ങളും പ്രതീകാത്മക ഇടപെടലുകളും ചേർന്ന് സൃഷ്ടിക്കുന്ന അടിയൊഴുക്കുകൾ വിധി നിർണയിക്കുന്ന പുതിയൊരു തിരഞ്ഞെടുപ്പ് ചരിത്രത്തിനാണ് കേരളത്തിൽ അരങ്ങൊരുങ്ങുന്നത്

author-image
Sabloo Thomas
New Update
Assembly elections 2021, നിയമസഭാ തിരഞ്ഞെുപ്പ് 2021, Kerala Assembly elections 2021,കേരള നിയമസഭാ തിരഞ്ഞെുപ്പ് 2021, cyber politics, സൈബൺ രാഷ്ട്രീയം,Social media, സോഷ്യൽ മീഡിയ, face book, ഫെയ്‌സ് ബുക്ക്, twitter, ട്വിറ്റർ, election campaign in social media, സോഷ്യൽ മീഡിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണം, election imageries, തിരഞ്ഞെടുപ്പ് ഇമേജറികൾ, Pinarayi Vijayan, പിണറായി വിജയൻ, Lathika Subhash, ലതിക സുഭാഷ്, KK Rama, കെകെ രമ, Mother of Valayar girls, വാളയാർ പെൺകുട്ടികളുടെ അമ്മ, Kuttiadi CPM workers protest, കുറ്റ്യാടിയിലെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം, Ponnanni CPM workers protest, പൊന്നാനിയിലെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം,  LDF, എൽഡിഎഫ്, UDF, യുഡിഎഫ് NDA, എൻഡിഎ, CPM, സിപിഎം, Congress, കോൺഗ്രസ്, BJP, ബിജെപി, LDF candidate list, എൽഡിഎഫ് സ്ഥാനാർഥി പട്ടിക, UDF candidate list, യുഡിഎഫ് സ്ഥാനാർഥി പട്ടിക, Indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam,ഐഇ മലയാളം

പ്രതീതി യാഥാർഥ്യങ്ങളുടെ ഒരു കാലത്താണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. യാഥാർഥ്യം എന്നതിനേക്കാൾ യാഥാർഥ്യത്തെക്കുറിച്ചുള്ള നമ്മളുടെ തോന്നലുകളാണ് നമ്മുടെ വിധി നിർണയങ്ങളെ സ്വാധീനിക്കുക.

Advertisment

ഇരുപത്തിനാല് മണിക്കൂർ വാർത്താ ചാനലുകളും നിരന്തരമായി നമ്മുടെ ബോധമനസുകളിലേക്ക് ഇടിച്ചുകയറി നിൽക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും. 24x7 പ്രവർത്തിക്കുന്ന ഈ സൈക്കിളാണ് നമ്മുടെ ബോധത്തെയും എന്തിനു അബോധത്തെ പോലും നിയന്ത്രിക്കുന്നത്.

യാഥാർഥ്യത്തെക്കുറിച്ചുള്ള ധാരണകൾ വിദഗ്‌ധമായി ഇമേജുകളിലൂടെ മാറ്റിമറിച്ച ദൃശ്യം സിനിമയിലെ ജോർജ് കുട്ടിയെ ഓർമയില്ലേ? സ്വർണക്കടത്ത് കേസും സ്വപ്നയും ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശവും കോവിഡ് മഹാമാരിക്കെതിരെയുള്ള സർക്കാരിന്റെ പ്രതിരോധവും ഭക്ഷ്യ കിറ്റുകളും ക്ഷേമ പെൻഷനുകളിൽ ഉണ്ടായിട്ടുള്ള വർധനവ് മാത്രമല്ല, അത് കൃത്യസമയങ്ങളിൽ അർഹതപ്പെട്ടവരിൽ എത്തിച്ചുവെന്നും ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളും.

തിരഞ്ഞെടുപ്പിൽ അജണ്ടയായി തീരാവുന്ന എന്തും മുൻപ് വോട്ടർമാരിലേക്ക് എത്തിയിരുന്നത് രാഷ്ട്രീയ വിശകലന യോഗങ്ങളിലൂടെയായിരുന്നു. എന്നാൽ ഇപ്പോൾ അവ അതാത് നിമിഷം, ടെലിവിഷൻ വാർത്തകൾ വഴി ന്യൂസ് സ്റ്റുഡിയോകളിൽ നടക്കുന്ന ചർച്ചകൾ വഴി, അനേകായിരം ഫേസ്ബുക്ക് പ്രൊഫൈലുകളിൽനിന്നു പ്രക്ഷേപണം ചെയ്യപ്പെടുന്ന പോസ്റ്റുകൾ വഴി, ട്വീറ്റുകൾ വഴി നമ്മുടെ സ്വീകരണ മുറികളുടെ സ്വകാര്യതയിലേക്കും നമ്മുടെ സൈബർ സാന്നിധ്യങ്ങളിലേക്കും പെയ്തിറങ്ങുകയാണ്. നമ്മുടെ തീരുമാനങ്ങളെ നിർണയിക്കുന്നത് കാഴ്ചയേക്കാൾ യാഥാർഥ്യമായ ഈ ഇമേജറികളുടെ സാന്നിധ്യമാണ്.

Advertisment

Also Read: ജനാധിപത്യത്തിൽ ഇപ്പോള്‍ നാം കാണികളാണ്

ഒരു ഉദാഹരണം പറയാം. കോൺഗ്രസിലെ വനിതാ പ്രാതിനിധ്യത്തിന്റെ പ്രശ്നം ഉയർത്തി കെപിസിസി ഓഫീസിന്റെ മുന്നിൽ ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത സംഭവം എടുക്കുക. ഇന്ന് അത് തത്സമയം എത്തിയത് ഭൂമിമലയാളത്തിൽ ഉടനീളമുള്ള വീടുകളുടെ സ്വീകരണ മുറികളിലേക്കാണ്. മുൻപ് ഇത്തരം ഒരു വാർത്ത കേരളം അറിയണമെങ്കിൽ വർത്തമാന പത്രങ്ങളിൽ പിറ്റേ ദിവസം അതിനെക്കുറിച്ച് ചിത്രസഹിതം വരണം.

മാധ്യമ വിസ്ഫോടനത്തിന്റെ ഈ കാലത്തെ കൃത്യമായി അഭിസംബോധന ചെയ്യാനുള്ള പാടവമായിരിക്കും ഏത് പാർട്ടിയുടെ ജയപരാജയങ്ങളെയും നിർണയിക്കുന്നത്.

അതുകൊണ്ടാണ് അണികൾ സിപിഎമ്മിനെ തിരുത്തിയ കുറ്റ്യാടിയില്‍ ഒടുവില്‍ കെ പി കുഞ്ഞമ്മദ് കുട്ടിയെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വത്തിന് തയാറാവേണ്ടി വരുന്നത്.

പൊതുജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഇത്തരം ഇമേജറികളോടുള്ള പ്രതികരണങ്ങളുടെ സ്വാഭാവം അനുസരിച്ചാവും ഓരോ രാഷ്ട്രീയ പാർട്ടിയുടെയും തിരഞ്ഞെടുപ്പിലെ ഭാവി.

കോൺഗ്രസ് വിട്ട് എൻ സിപിയുമായി പി സി ചാക്കോ അടുക്കുകയും ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത് പോലുള്ള സംഭവ വികാസങ്ങൾ നോക്കുക. വെറും ഒരു വ്യക്തിഗതമായ തീരുമാനം എന്നതിനപ്പുറം അത് ഇമേജറികൾ വഴി വോട്ടർമാരോട് സംവദിക്കുന്നത് മറ്റ് പലതും കൂടിയാണ്. ആ പാർട്ടിയിലെ ഗ്രൂപ്പ് താൽപ്പര്യങ്ങളുടെ വ്യാപ്തി. എല്ലാ തീരുമാനങ്ങളും ചിലരിൽ കേന്ദ്രീകരിക്കുന്നതു കൊണ്ട് ഉണ്ടാവുന്ന അനാരോഗ്യകരമായ പ്രവണതകൾ തുടങ്ങി പല സന്ദേശങ്ങൾ ഈ സംഭവം സമ്മതിദായകർക്ക് നല്കുന്നുണ്ട്. ഈ സംഭവത്തിന്റെ പിന്നിലെ യാഥാർഥ്യം എന്തായാലും അല്ലെങ്കിലും ഈ സന്ദേശം മാത്രമാണ് ജനങ്ങളുടെ നിർണയങ്ങളെ സ്വാധീനിക്കുക.

ഇത്തരം ഒരു ഇംപാക്ട് ഉണ്ടാക്കാനുള്ള ചാലക ശക്തി തന്നെയാണ് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്രയായി മത്സരിക്കാനുള്ള വാളയാർ പെൺകുട്ടികളുടെ അമ്മയുടെ തീരുമാനത്തിലും അന്തർലീനമായിരിക്കുന്നത്. വടകരയിൽ ആർഎംപി സ്ഥാനാർത്ഥിയായി യു ഡി എഫ് പിന്തുണയോടെ കെ. കെ രമയെ ഇറക്കാനുള്ള തീരുമാനത്തിന്റെ പിന്നിലും ഇത്തരം ഒരു പ്രതീക മൂല്യമാണ് ഉള്ളത്.

Also Read: ബലാത്സംഗം എന്നല്ലാതെ മറ്റെന്താണ് വിളിക്കുക?

ബിജെപിക്ക് കേരളത്തിൽ ആദ്യമായി വിജയിക്കാന്‍ സാധിച്ച നിയമസഭാ നിയോജകമണ്ഡലമായ നേമത്തെ യു ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനത്തിലുള്ള അനിശ്ചിതത്വവും ഒടുവിൽ എംപിമാരെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനം മറികടന്ന്, എംപിയായ കെ മുരളീധരനെ അവിടെ മത്സരിപ്പിക്കാനുള്ള യു ഡി എഫ് തീരുമാനത്തിൽ കാണുന്നതും അത്തരം ഒരു പ്രതീകാത്മക മൂല്യമാണ്.

സിപിഎമ്മിന്റെ വി ശിവൻകുട്ടിയും ബി ജെപിയുടെ കുമ്മനം രാജശേഖരനും മത്സര രംഗത്തുള്ള നേമത്ത് വാസ്തവത്തിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായി മുരളീധരൻ വരുന്നതു വരെ കോൺഗ്രസിൽ നടന്ന രാഷ്ട്രീയ നാടകങ്ങൾ പലർക്കും അസംബന്ധമായി തോന്നുമെങ്കിലും അതിന്റെ പ്രതീകാത്മമായ മൂല്യം വലുതാണ്, കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്നാംസ്ഥാനത്താണ് യു ഡി എഫ് മുന്നണി ഈ മണ്ഡലത്തിലെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശശിതരൂരിനേക്കാൾ വോട്ട്   ബിജെപി സ്ഥാനാർത്ഥി നേടിയ നിയമസഭാ മണ്ഡലവുമാണ് നേമം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഈ മണ്ഡലം ഉൾപ്പെടുന്ന വാർഡുകളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് നേരിടേണ്ടി വന്നത് ദയനീയ പരാജയവുമായിരുന്നുവെന്ന് കൂടി മനസിലാക്കുമ്പോഴാണ് ഈ പ്രതീകാത്മകതയുടെ മൂല്യം തിരിച്ചറിയാൻ സാധ്യമാകുന്നത്.

പിണറായി വിജയന്‍ സ്വന്തം മണ്ഡലമായ ധര്‍മടത്തെ പ്രചാരണ പരിപാടികള്‍ തുടങ്ങി കഴിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ ഒരു സ്‌ഥാനാർഥിയെ കണ്ടെത്താൻ കോൺഗ്രസിനു കഴിയാതെ വന്നതു പോലുള്ള വിഷയങ്ങൾ പൊതുബോധത്തിന്റെ മുന്നിൽ തുറന്നിടുന്ന ചോദ്യങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ സ്വാധീനം ചെലുത്താൻ സാധ്യതയുള്ളവയാണ്.

നാട്ടിൻപുറത്തെ ചായക്കടകളിലും കലുങ്കുകളിലുംനിന്ന് രാഷ്ട്രീയ ചർച്ചകൾ സൈബർ സ്പേസ് എന്ന ഭാവനാ ലോകത്തേക്ക് മാറുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ മുന്നിൽ ഇനിയുണ്ടാവുക ലക്ഷ്യങ്ങളെക്കാൾ അവയിലേക്ക് എത്താനുള്ള പുതിയകാല മാർഗങ്ങളെ കുറിച്ചുള്ള ആകുലതകളാവും. 24 മണിക്കൂർ വാർത്താ സൈക്കിളുകളിൽ തങ്ങൾ എങ്ങനെ പ്രസക്തരായി നിൽക്കുമെന്ന ചോദ്യമാവും അവരെ ബുദ്ധിമുട്ടിക്കുക. ഓർക്കുക ഈ തിരഞ്ഞെടുപ്പ് വാസ്തവത്തിൽ കേരളത്തിലെ സൈബർ രാഷ്ട്രീയത്തിന്റെ പുതിയ ഒരു കാലഘട്ടത്തിന്റെ തുടക്കം കുറിക്കുന്ന ഒന്നാണ്.

Social Media Cpm Bjp Congress Udf Ldf Nda Kerala Assembly Elections 2021

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: