സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ രൂപപ്പെട്ട സബര്‍മതി ആശ്രമം സ്ഥിതി ചെയ്യുന്നത് അഹമ്മദാബാദിലാണ്. ഇപ്പോള്‍, നമ്മുടെ പ്രധാനമന്ത്രിയുടെ പേരിലുള്ള പുതിയ സ്മാരകമായ മോട്ടേരയിലെ പഞ്ചനക്ഷത്ര നരേന്ദ്ര മോദി സ്റ്റേഡിയവും ഈ നഗരത്തിലുണ്ട്. സബര്‍മതി ആശ്രമത്തില്‍ വളര്‍ന്ന ഇന്ത്യന്‍ ജനാധിപത്യത്തെ മോദി സ്റ്റേഡിയത്തില്‍ കുഴിച്ചുമൂടി എന്ന് പറയാന്‍ കഴിയും. രണ്ടും തമ്മിലുള്ള ദൂരം കാറില്‍ 14 മിനിറ്റിനുള്ളിലും ഗാന്ധിജിയെപ്പോലെ മാര്‍ച്ച് ചെയ്താല്‍ 66 മിനിറ്റിനുള്ളിലും താണ്ടാനാവും.
പുതിയ സ്മാരകത്തോടുള്ള എതിര്‍പ്പുകള്‍ എന്താണ്? ഒരു നേതാവ് തന്റെ ജീവിതകാലത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിനു പേരിട്ടതു കൊണ്ടാണോ? ഭാഗികമായി, അതെ. കാരണം സാധാരണയായി നമ്മുടെ നേതാക്കളെ അവരുടെ മരണശേഷം നാം കൊണ്ടാടുന്നു. ഭരണത്തിലുള്ള പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ വിലയിരുത്തുന്നതും ബുദ്ധിമുട്ടാണ്. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു. മോദിക്ക് ചരിത്രത്തില്‍ ഇതുവരെ ഒരു സ്ഥാനം കണ്ടെത്താനായിട്ടില്ല. അദ്ദേഹം സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയെയും ഭിന്നിപ്പിക്കുന്ന മതരാഷ്ട്രീയത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് എതിരാളികള്‍ ആരോപിക്കുന്നു.
പ്രധാനമന്ത്രി, പൊതുവായി ആരാധിക്കുന്ന മാതൃകാപുരുഷനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേര് സ്റ്റേഡിയത്തില്‍നിന്ന് മായ്ക്കപ്പെട്ടതിനെക്കുറിച്ചാണോ എതിര്‍പ്പ്? വീണ്ടും, ഭാഗികമായി അതെ. പട്ടേല്‍ മേല്‍നോട്ടം വഹിച്ചിരുന്ന നമ്മുടെ വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രത്തിന്റെ സംയോജന പദ്ധതി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പല ഭാഗങ്ങളും ഡല്‍ഹിയോട് അസംതൃപ്തരാണ്. ”കരുത്തനായ പ്രധാനമന്ത്രി” എന്ന് വിശേഷിക്കപ്പെടുന്നയാളുടെ കീഴില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ വഷളാകുന്നതിനാല്‍ ഫെഡറല്‍ ഘടനയ്ക്കു സംഭവിച്ച നാശനഷ്ടം പരിഹരിക്കാനാവാത്തതാണ്. ഇന്ത്യയിലുടനീളം മനസിന്റെ ശിഥിലീകരണത്തിന്റെ ഈ ഘട്ടത്തില്‍ പട്ടേലിനെ നാം കൂടുതല്‍ ഓര്‍മിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍, സ്വച്ഛ് ഭാരത് അഭിയാന്‍ ലോഗോയില്‍ ഗാന്ധി തന്റെ കണ്ണടയില്‍ ഒതുങ്ങിയതുപോലെ, ഗുജറാത്തിലെ കെവാഡിയയില്‍ ഒരു ലോഹ പ്രതിമയായിട്ടാണ് ഇപ്പോള്‍ ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ മാറിയിരിക്കുന്നത്.
Also Read: നന്ദി പ്രിയാ രമണി, റെബേക്ക ജോണ്‍…
സ്റ്റേഡിയത്തിന്റെ പ്രതീകമായ മോദി ഭരണകൂടത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള ഏറ്റവും ആശങ്കാജനകമായ വസ്തുത, പൗരന്മാര്‍ രാഷ്ട്രീയത്തില്‍ വെറും കാണികളായി മാറിയിരിക്കുന്നു എന്നതാണ്. അത് കോര്‍പ്പറേറ്റ് സ്‌പോണ്‍സര്‍മാരും ഒത്തുകളിയുമുള്ള ഒരു കായിക ഇനമായി ചുരുങ്ങിയിരിക്കുന്നു. മൊട്ടേര പോലുള്ള ബിംബങ്ങള്‍ നിര്‍മിക്കാനുള്ള വേണ്ടത്രയും ശേഷിയും സമ്പത്തും നാം ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ അവ നമ്മുടെ കൂട്ടായ ഭാവിയെ അര്‍ത്ഥമാക്കുന്നില്ല. മുതലാളിത്തം കൊണ്ടുവരുന്ന സ്വത്ത് ജനാധിപത്യം വിതരണം ചെയ്യുമെന്നാണല്ലോ സങ്കൽപ്പം. ഇപ്പോള്‍ നമുക്കുള്ളത് ”തിരഞ്ഞെടുപ്പ് മാത്രമുള്ള” ജനാധിപത്യമാണ്, പങ്കാളിത്ത ജനാധിപത്യ പ്രക്രിയയില്‍നിന്ന് ആളുകള്‍ അനുദിനം അപ്രത്യക്ഷമാകുന്നു. നേതൃത്വത്തിന്റെ ജനപ്രീതിയുടെ വില ശരാശരി ഇന്ത്യക്കാരുടെ പോരാട്ടങ്ങളില്‍നിന്നുള്ള അകൽച്ചയാണ്.
കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പില്‍ ജനാധിപത്യം കഷ്ടിച്ച് മരണത്തെ അതിജീവിച്ചു, ഡെമോക്രാറ്റുകള്‍ ട്രംപിസത്തെ കഷ്ടിച്ച് പരാജയപ്പെടുത്തിയപ്പോള്‍, നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ഭിന്നിപ്പും യോഗ്യതയില്ലാത്തതും മതപരമായി കൂടിച്ചേര്‍ന്നതുമായ സ്വേച്ഛാധിപത്യത്തില്‍നിന്ന് പിന്മാറാന്‍ ജനാധിപത്യം വികസിക്കേണ്ട അടുത്ത വെല്ലുവിളിയെ ഇന്ത്യ പ്രതിനിധീകരിച്ചേക്കാം.
നമ്മുടെ ജനാധിപത്യത്തിന്റെ ആരോഗ്യം മനസിലാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നമുക്ക് ചുറ്റുമുള്ള രാഷ്ട്രീയ പ്രക്രിയകള്‍ നിരീക്ഷിക്കുകയും നമ്മുടെ ഭരണഘടന ഉപയോഗിച്ച് വിലയിരുത്തുകയുമാണ്. ”ജീവിതം, സ്വാതന്ത്ര്യം, സന്തോഷം തേടല്‍” എന്നിവയാല്‍ അമേരിക്കന്‍ ജനാധിപത്യം സ്വയം നിര്‍വചിക്കുന്നതുപോലെ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തൂണുകള്‍ ”സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം” എന്നിവയാണ്.
അധികാരശ്രേണിയില്‍ നിങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്നതിനു വിധേയമാണ് ഇപ്പോള്‍ സ്വാതന്ത്ര്യം. നിങ്ങള്‍ പ്രധാനമന്ത്രിയാണെങ്കില്‍, ആന്തരികവും ബാഹ്യവുമായ ദുരുപയോഗത്തിന് നിങ്ങള്‍ ഉത്തരം നല്‍കില്ല. സമ്പത്തിന്റെയും മതത്തിന്റെയും സംയോജനമായ ഭരണവര്‍ഗത്തിന്, ശബ്ദമുയര്‍ത്തുന്ന സാധാരണ പൗരന്മാരെ ശ്വാസം മുട്ടിക്കാന്‍ കഴിയും. അതേസമയം പരിഷ്‌കാരങ്ങളുടെ പേരില്‍ രാജ്യം വില്‍ക്കാനും അധികാരം സ്വയം കയ്യിലെടുക്ക മതാത്മകതയോട് ക്ഷമിക്കാനും അവര്‍ക്ക് കഴിയും. ഒരു ട്വീറ്റിന്റെ പേരില്‍ നിങ്ങളെ ജയിലിലടയ്ക്കാം. നിങ്ങള്‍ക്ക് ഇപ്പോഴും സ്വന്തം മതമോ വിശ്വാസമോ ആചരിക്കാന്‍ കഴിയുമെങ്കിലും, പാര്‍ലമെന്റ് ഇപ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നു. മുത്തലാഖ്, ജമ്മു കശ്മീരിലെ വിഭജനം, സിഎഎ, എന്‍ആര്‍സി തുടങ്ങി ഒന്നിനുപുറകെ ഒന്നായി മുസ്ലിംകളുടെ അന്തസ് ഇടിച്ചുതാഴ്ത്താനുള്ള സംഘടിത ശ്രമം നടക്കുന്നു.
Also Read: ഗ്രെറ്റ തന്‍ബെര്‍ഗ്: കോലം കത്തിക്കുന്നതിനു പിന്നിലെ സ്ത്രീവിരുദ്ധത
സമത്വം ഇനി പ്രസക്തമായ മൂല്യമല്ല; ഫ്യൂഡല്‍ മനോഭാവമുള്ള ഒരു സാമൂഹ്യ ശ്രേണി നമുക്ക് പ്രശ്നമേയല്ല. ജീവിതത്തിന്റെ ”യഥാര്‍ത്ഥ സത്യം” ആയി അസമത്വം പ്രത്യയശാസ്ത്രപരമായി അംഗീകരിക്കുന്നതിനുള്ള പിന്തുണ മതദേശീയതയുടെ പേരില്‍ വര്‍ധിച്ചുവരികയാണ്. ആഗോളീകരണ കാലഘട്ടത്തിലെ മഹത്തായ പരീക്ഷണങ്ങളാണ് മത്സരവും വ്യക്തിത്വവും. എന്നാല്‍ ഈ മൂല്യങ്ങള്‍ ആഗിരണം ചെയ്യാന്‍ കഴിയുന്ന അമേരിക്കയല്ല ഇന്ത്യ. നമ്മുടെ രാജ്യത്തെ സാമൂഹ്യജീവിതത്തിന്റെ ഉദാഹരണങ്ങളാണ് സമരം ചെയ്യുന്നവർക്കും കോവിഡ് കാലത്ത് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്ത കുടിയേറ്റ തൊഴിലാളികള്‍ക്കും പാതയോരത്ത് ഒരുക്കിയ ഭക്ഷണശാലകൾ.
നീതി ഒരു വിദൂര സ്വപ്നമായി മാറിയിരിക്കുന്നു. ശതകോടീശ്വരന്‍ രാജും കോര്‍പ്പറേറ്റ് ലോബികളും സാമ്പത്തിക നീതിയുടെ ഏതൊരു സാധ്യതയില്‍ നിന്നും നമ്മെ അകറ്റുന്നുണ്ടെങ്കിലും, സാമൂഹ്യനീതി മെറിറ്റോക്രസിയുടെ പേരില്‍ രാഷ്ട്രീയ ചര്‍ച്ചയില്‍ നിന്ന് പുറന്തള്ളപ്പെട്ടു. ജുഡീഷ്യറിയുടെയും നീതിന്യായ വ്യവസ്ഥകളുടെയും ഏകപക്ഷീയതയെക്കുറിച്ച് നമ്മൾ പ്രതികരിക്കുന്നില്ല. നീതി ആവശ്യപ്പെടുന്ന ”കോപാകുലരായ യുവത്വം” ഇല്ല. പ്രതികരിക്കുന്നവരെ പരിഹസിക്കുകയോ ജയിലിലടയ്ക്കുകയോ ചെയ്യുന്നു.
സാഹോദര്യമാണ് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ട മൂല്യം. ഇന്ത്യന്‍ സമൂഹത്തിലെ മറ്റു വിഭാഗങ്ങളോടുള്ള നിസംഗതയാണ് ഇതിനെ മാറ്റിസ്ഥാപിക്കുന്നത്. പരസ്പരം കൂടുതല്‍ ബന്ധിപ്പിക്കാന്‍ നാം തയാറല്ല. ഈ അന്യവല്‍ക്കരണത്തെ ന്യായീകരിക്കുന്നതുപോലെ കൊറോണ വൈറസ് എത്തി. ഡല്‍ഹിക്കു ചുറ്റും പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പൂർണമായി അവഗണിക്കാം. നിസംഗതയ്ക്കപ്പുറം, മതത്തിന്റെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ വര്‍ധിച്ചുവരുന്ന വൈരമുണ്ട്. സാഹോദര്യത്തിന്റെ പുതിയ ചൈതന്യം സൃഷ്ടിക്കുന്നതില്‍ ദേശീയവാദ പ്രബോധനങ്ങള്‍ പരാജയപ്പെട്ടു.
Also Read: സ്വയംഭരണം നഷ്ടമാകുന്ന സര്‍വകലാശാലകള്‍
ദരിദ്രരുടെ സ്വന്തം രാജ്യമാണ് ഇന്ത്യയെന്ന് ഗാന്ധിജി വിശ്വസിച്ചു. അതേസമയം ഇന്ത്യയും ഇന്ത്യക്കാരും സമ്പന്നരും ശക്തരുമാകാന്‍ ദൈവനിശ്ചയുള്ളവരാണെന്നു മോദി ഭരണകൂടം പറയുന്നു. നമ്മുടെ ആളോഹരി വരുമാനവും മധ്യവര്‍ഗവും പരസ്യങ്ങളില്‍ പറയുന്നതുപോലെ ഇന്ത്യയെ പ്രതിഫലിപ്പിക്കുന്നില്ല. നാം അറുപതുകളിലെ ‘ഹിന്ദു വളര്‍ച്ചാ നിരക്കിലേക്ക്’ മടങ്ങുകയാണ്. സമ്പദ്‌വ്യവസ്ഥയും ജനാധിപത്യവും കുറച്ചു വര്‍ഷങ്ങളായി സ്ഥിരമായി താഴേക്കു നീങ്ങുന്നു
രാഷ്ട്രീയപ്രക്രിയയില്‍നിന്ന് ആളുകളെ പുറന്തള്ളുന്ന പ്രതീകമായി ഇപ്പോൾ നരേന്ദ്ര മോദി സ്റ്റേഡിയം നിൽക്കുന്നത്. നിരന്തരമായ പരിശ്രമത്തിലൂടെ ആളുകള്‍ രൂപപ്പെടുത്താതെ ഒരു ജനാധിപത്യവും നിലനില്‍ക്കില്ല.
മോഡി സ്റ്റേഡിയം സൃഷ്ടിക്കുന്ന അമിതവും വഴിതെറ്റിക്കുന്നതുമായ ആവേശത്തില്‍നിന്നു മാറി സബര്‍മതി ആശ്രമം പ്രതിനിധീകരിക്കുന്ന മൂല്യങ്ങളിലേക്ക് മടങ്ങുക എന്നതാണ് പ്രതിവിധി. ഇന്ത്യക്കാര്‍ക്കു സാധ്യമാക്കാന്‍ കഴിയുന്ന ഏറ്റവും ചെറുതും എന്നാല്‍ പ്രധാനപ്പെട്ടതുമായ മാർച്ചായിരിക്കാം ഇത്.
- സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ)യുമായി ബന്ധപ്പെട്ടവരാണ് എഴുത്തുകാര്‍