/indian-express-malayalam/media/media_files/uploads/2018/07/asim-1.jpg)
മാധ്യമങ്ങൾക്ക്, ഭരണസംവിധാനത്തിന്, സർക്കാരിന് എല്ലാം തന്നെ മുസ്‌ലിങ്ങൾ ഒരു ബാധയായി മാറിയിരിക്കുന്നു. ഞാൻ മുസ്‌ലിം ആയ ഒരിന്ത്യാക്കാരനാണ്, ഞാനല്ല പ്രശ്നം. ഈ രാജ്യത്തെ മുസ്‌ലിങ്ങൾക്ക് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധമാണ് ഞാൻ ചുറ്റും കാണുന്നത്. സർക്കാർ, ടി വി മാധ്യമങ്ങൾ, സാമൂഹ്യമാധ്യമങ്ങൾ - ഓരോയിടത്തുമുണ്ട് മുസ്‌ലിങ്ങൾക്ക് ചുറ്റുമുള്ള ആക്രോശങ്ങൾ .
ആ ആക്രോശങ്ങളാണ് പ്രശ്നം. പ്രശ്നം ഞാനല്ല.
ഐക്യം ഊട്ടിയുറപ്പിക്കുകയും, വിടവുകൾ നികത്തുകയും ചെയ്യുവാൻ ചുമതലയുള്ളവർ തന്നെയാണ് വിദ്വേഷത്തെ മുഖ്യധാരയിലേയ്ക്കെ ത്തിയ്ക്കുന്നത്. പ്രശ്നം ആ വിദ്വേഷമാണ്. പ്രശ്നം ഞാനല്ല.
കർഷകരുടെ കഷ്ടകാലം അവസാനിച്ചോ? ജനങ്ങൾക്ക് തൊഴിലുണ്ടോ? ഇവിടുത്തെ വിദ്യാഭ്യാസം ലോകനിലവാരത്തിലാണോ? അടിസ്ഥാന ആരോഗ്യപരിപാലനത്തിനുള്ള ചെലവ് വഹിക്കാനാകാതെ ദരിദ്രർ മരണമടയുന്നില്ലേ? അഴിമതി എന്നത് ചരിത്രം മാത്രമായി മാറിയോ? ഈ മേഖലകളിൽ ചിലർ നാലു വർഷം മുൻപ് ചില വാഗ്ദാനങ്ങൾ നൽകിയിരുന്നില്ലേ? ആ വാഗ്ദാനങ്ങളെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞോ? ‘അച്ഛേ ദിൻ “ നു പ്രതിബന്ധമായി നിൽക്കുന്നത് മുസ്‌ലിങ്ങൾ മാത്രമാണോ? അല്ല. അപ്പോൾ പിന്നെ, എന്തുകൊണ്ടാണ് ടെലിവിഷനുകൾ ഒരൊഴിയാബാധപോലെ മുസ്‌ലിങ്ങളുടെ ദൈനംദിനകാര്യങ്ങളെ എല്ലാ ദിവസവും ചർച്ച ചെയ്യുന്നത്?
ആ ബാധയാണ് പ്രശ്നം, പ്രശ്നം ഞാനല്ല.
ഓരോ രാത്രികളിലും ടി വി ജാലകത്തിൽ നിന്നലറിവിളിക്കുന്ന ആ മൊല്ലാക്കമാർ ആരാണ്? അവരാണു മുസ്‌ലിങ്ങളുടെ വാർപ്പു മാതൃകകൾ. മുസ്‌ലിങ്ങൾക്ക് വേണ്ടി അവർ സംസാരിക്കുമെന്ന് ആരാണ് തീരുമാനിച്ചത്? ടി വി അവതാരകർ? എന്തുകൊണ്ട്? അതോ മുസ്‌ലിങ്ങളെ പൈശാചികവത്കരിക്കുക എന്ന വിനോദത്തിൽ അവരും പങ്കാളികളാണോ?
ആ വിനോദമാണ് പ്രശ്നം, പ്രശ്നം ഞാനല്ല.
“ഹിന്ദു അപകടത്തിലാണ്,“ രാഹുലിന്റെ മുസ്‌ലിം പ്രേമം”, “കോൺഗ്രസ്സ് മുസ്‌ലിം പാർട്ടിയാണോ?“ “ മുസൽമാന്റെ വോട്ടു ബാങ്ക് രാഷ്ട്രീയം” ഇത്തരം തലക്കെട്ടുകളൊക്കെ ആരെഴുതുന്നു? ഈ പത്രപ്രവർത്തകർ? യഥാർത്ഥ പ്രശ്നങ്ങളെ തമസ്കരിക്കുന്നതിൽ മാധ്യമങ്ങൾ തിരക്കിലാണ്, അങ്ങനെ തീർത്തും പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സർക്കാരിനവർ രക്ഷാമാർഗ്ഗം ഒരുക്കുന്നു.
ഈ തമസ്കരണമാണ് പ്രശ്നം, ഞാനല്ല പ്രശ്നം.
മുസ്‌ലിങ്ങൾ മധ്യകാലീനരാണ്, മുസ്‌ലിങ്ങൾക്ക് പരിഷ്കാരമുണ്ടാകണം, മുസ്‌ലിങ്ങൾ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരപ്പെടണം. മുസ്‌ലിങ്ങൾ ആവശ്യത്തിനു അഭിപ്രായം വെളിപ്പെടുത്തില്ല, അവർ സ്ത്രീ വിരുദ്ധരാണ്, അവർ ആധുനികതയോട് വിമുഖത കാട്ടുന്നു. മുസ്‌ലിം എന്ന പ്രശ്നം നമുക്ക് പരിഹരിക്കേണ്ടതുണ്ട്. ഇതാണ് ടി വി ഇടങ്ങൾ നിറഞ്ഞാടുന്ന തിരക്കഥ.
ഈ തിരക്കഥയാണ് പ്രശ്നം, ഞാനല്ല പ്രശ്നം.
മാധ്യമങ്ങളും സർക്കാരും തമ്മിൽ ഒരു ചങ്ങാത്തമുണ്ട്. ഒരു നേതാവ്, ചില മുസ്‌ലിം ബുദ്ധിജീവികളെ കാണുന്നു. ഉടനെ ബഹളം പൊട്ടിപ്പുറപ്പെടുന്നു. മറ്റേതൊരു ഇന്ത്യാക്കാരനും വേണ്ടിയെന്നതുപോലെ തന്റെ പാർട്ടി മുസ്‌ലിങ്ങൾക്ക് വേണ്ടിക്കൂടിയുള്ളതാണെന്ന് നേതാവ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുന്നു. വളച്ചൊടിക്കപ്പെട്ട വ്യാഖ്യാനം ചർച്ച ചെയ്യപ്പെടുന്നു. “ ആ പാർട്ടി ഒരു മുസ്‌ലിം പാർട്ടിയാണ്” തലക്കെട്ടുകൾ മുഴങ്ങിക്കേൾക്കുന്നു. ടി വി അവതാരകർ തിളച്ചു മറിയുന്നു. അവർ വളരെ കോപത്തിലാണ്. എന്തുകൊണ്ട്? മുസ്‌ലിങ്ങളുമായുള്ള രാഷ്ട്രീയപരമോ സാമൂഹികപരമോ ആയ കൂട്ടുകെട്ടുകൾ ഇപ്പോഴൊരു കുറ്റകൃത്യമാണോ? അവരെക്കൂടി ചേർത്തു നിർത്തുമെന്നു പറയുന്നൊരു പാർട്ടി എന്തുകൊണ്ട് ക്രൂശിക്കപ്പെടണം? മുസ്‌ലിങ്ങൾ ഇന്ത്യക്കാരല്ലേ?
ആ ചങ്ങാത്തമാണ് പ്രശ്നം, പ്രശ്നം ഞാനല്ല.
മുസ്‌ലിങ്ങളെ വേട്ടയാടാം, തെരുവിലോ വീടുകളിലോ വച്ച് അവരെ കൊല്ലാം. അധികാരം പരസ്യമായിത്തന്നെ കുറ്റവാളികളുടെ കൂടെയായിരിക്കും. അവർ കുറ്റവാളികളെ മാലയിട്ടു സ്വ്വീകരിക്കും, മന്ത്രിയെ പുറത്താക്കുക എന്നാരും പറയില്ല. ഒരാൾ ഒരു മുസ്‌ലിമിനെ കൊല്ലുന്നു, ചുട്ടുകരിക്കുന്നു, ആ ക്രൂരത ഫിലിമിലാക്കുന്നു. നവ ഇന്ത്യ ആ കൊലയാളിയ്ക്കായി ഒരു നിശബ്ദനാടകം അവതരിപ്പിക്കുന്നു, നൂറുകണക്കിനാളുകൾ അയാളെ പിന്തുണയ്കുന്നു, അയാൾക്കായി പണം പിരിക്കുന്നു. നവ ഇന്ത്യയിലേയ്ക്കയാളെ സ്വാഗതം ചെയ്യുനു. ഒരു കുറ്റവാളിയോടോ, കൊലയാളിയോടോ ചേർന്നു നിൽക്കുന്നതും പ്രവർത്തിക്കുന്നതും ഇപ്പോൾ ഒരു മാനക്കേട് അല്ലാതായിരിക്കുന്നു. മന്ത്രിമാർ അതാണ് ചെയ്യുന്നത്.
ഈ മാനക്കേടില്ലായ്മയാണു പ്രശ്നം, വിദ്വേഷത്തിന്റെ ഈ ആഘോഷമാണ് പ്രശ്നം, ഞാനല്ല പ്രശ്നം.
കുറ്റകൃത്യത്തിന് ശേഷം രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കില്ല. എല്ലാത്തിനുമുപരി, ഒരു മുസ്‌ലിം ആണ് കൊല്ലപ്പെട്ടിരിക്കുന്നത്, വലിയ കാര്യമാണത്. ആ മൗനം കൊലയാളികളെ ധീരരാക്കുന്നു. അവരടുത്ത കൊലയ്ക്കായി പോകുന്നു. ഭരണകൂടത്തിലിരിക്കുന്നവരിൽ തങ്ങൾക്ക് പിന്തുണക്കാരുണ്ട് എന്നവർക്കറിയാം. തങ്ങൾ അഭിനന്ദിക്കപ്പെടുമെന്നും പ്രശസ്തരാക്കപ്പെടുമെന്നും അവർക്കറിയാം.
ഈ മൗനമാണ് പ്രശ്നം. പ്രശ്നം ഞാനല്ല.
പ്രധാനമന്ത്രി കർഷകരുടെ റാലിയ്ക്ക് പോകുന്നു, മുസ്‌ലിങ്ങളെ പറ്റി സംസാരിക്കുന്നു. എന്തുകൊണ്ട്? കർഷകർ അവരുടെ ദുരിതങ്ങൾ മറക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. സർക്കാർ തങ്ങളെ തോല്‍പ്പിച്ചു എന്നതവർ മറക്കണം. മുസ്‌ലിങ്ങളെ നിലയ്ക്കു നിർത്തുന്ന തിനായി വീണ്ടുമവർ തനിക്ക് വോട്ട് ചെയ്യണം. മുസ്‌ലിം എന്ന പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. അതിനാൽ കർഷകർ പരാതിപ്പെടരുത്. അതിനാലവർക്ക് വേണമെങ്കിൽ സ്വയം തൂങ്ങിമരിക്കാം. അദ്ദേഹത്തിന്റെ രാഷ്ട്രീയം നിലനിൽക്കണം
ഈ രാഷ്ട്രീയമാണു പ്രശ്നം, ഞാനല്ല പ്രശ്നം.
മതേതരത്വം, പുരോഗമനവാദം, ഐക്യം, എന്നിവ ചീത്ത വാക്കുകളാണ്, വളരെ മോശപ്പെട്ട വാക്കുകൾ. ഹിന്ദുക്കളുടെ ശത്രുക്കളാണവയിൽ വിശ്വസിക്കുന്നത്. ഇടതനും പുരോഗമനക്കാരും കൊമ്മികളുമാണു വരുന്നത്. മുസ്‌ലിങ്ങൾ വരുന്നു. ഹിന്ദു അപകടത്തിലാണ്. ഈ ആഖ്യാനം ഓക്കാനമുണ്ടാക്കുന്നതാണ്.
ഈ ആഖ്യാനമാണ് പ്രശ്നം. പ്രശ്നം ഞാനല്ല.
വ്യാജവാർത്തകൾ മുകളിൽ നിന്നേ വരുന്നു. അത് മന്ത്രിമാരുടെയും നേതാക്കളുടെയും ഇടയിൽ പങ്കിടപ്പെടുന്നു. എന്നിട്ടവർ അതിന്റെ പരിശോധനയ്ക്ക് ശ്രമിക്കുന്നതായി നാടകം കളിക്കുന്നു. മതഭ്രാന്ത് മേൽത്തട്ടിൽ നിന്നേ വരുന്നു. വിദ്വേഷം മുഖ്യധാരയിൽ തന്നെ മുൻപൊരിക്കലും ഇല്ലാതിരുന്ന രീതിയിൽ സാധാരണവത്കരി ക്കപ്പെട്ടിരിക്കുന്നു.
ഈ വ്യാജവാർത്താ പകർച്ചവ്യാധി, ഈ മതഭ്രാന്ത് ഇതാണ് പ്രശ്നം, പ്രശ്നം ഞാനല്ല.
അവരെന്താണ് ചെയ്യാനാഗ്രഹിക്കുന്നത്? മുസ്‌ലിങ്ങളുടെ രക്തത്തിനായി അലറിവിളിക്കുന്ന ഒരു സംഘമായി ഹിന്ദുക്കളെ ഒന്നാകെ മാറ്റിയെടുക്കുക. അതെ, ഹിന്ദു അപകടത്തിലാണ്. ഈ കുഴലൂത്തുകാർ അപകടകരമായ ഈ പാതാളത്തിലേയ്ക്കവരെ നയിക്കുന്നു. ഹിന്ദു അപകടത്തിലാണ് എന്നതിലൂടെ മുസ്‌ലിം വിരോധികൾ ആയി മാറുന്ന ജനം, ഉടനടിയുള്ള അഡ്രിനാലിൻ ഉണർവ്വല്ലാതെ, സർക്കാരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. രാജ്യം നശിച്ചു പോകട്ടെ, എങ്കിലും മുസ്‌ലിങ്ങളെ നിലയ്ക്കുനിർത്തണം.
വിഷലിപ്തമായ ഈ അഡ്രിനാലിൻ ഉണർവ്വാണ് പ്രശ്നം, ഞാനല്ല പ്രശ്നം.
മിക്കവാറും ടി വി അവതാരകർ ആൾക്കൂട്ട ശിക്ഷാവിധിക്കാരുടെ ഭാഗം തന്നെയാണ്. അവർ, ഓരോ രാത്രിയിലും നമ്മുടെ ഐക്യത്തെ, സാമൂഹികബന്ധങ്ങളെ രാജ്യത്തിന്റെ ഭാവിയെ കൈയേറ്റം ചെയ്യുന്നു. അവരെ മാധ്യമപ്രവർത്തകരെന്ന് വിളിക്കരുത്. അവർ കോട്ടൂം ബൂട്ടുമിട്ട മതഭ്രാന്തരാണ്. അവർ അപരാധികളാണ്, ശത്രുതയും വെറുപ്പും സമ്പാദിക്കുന്നവർ.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എന്നോടു സംസാരിക്കൂ. നിങ്ങൾക്ക് വേണ്ടി എന്നെ നിർവചിക്കുവാൻ, ഏതൊക്കെയോ ഭ്രാന്തന്മാരെ അനുവദിക്കാതിരിക്കൂ. നമുക്കു സംസാരിക്കാം. നമ്മെ വളഞ്ഞിരിക്കുന്ന വിദ്വേഷത്തിന്റെ അപസ്വരങ്ങളെ നമുക്കു മറികടക്കാം. നമുക്കൊരു സംഭാഷണമാരംഭിക്കാം.
#ഒരു മുസ്‌ലിമിനോടു സംസാരിക്കുക. #TalktoAMuslim
മുഹമ്മദ് അസിം ഡൽഹിയിൽ പത്രപ്രവർത്തകനാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.