ഏറെക്കാലമായി നാം മതങ്ങളെ വിമർശിച്ചു കൊണ്ടിരിക്കുന്നു. ഏറെക്കുറെ പൂർണ്ണമായും നാമീ വിമർശനം ചെയ്തു വരുന്നത് സ്വന്തം മതം ശരിയാണെന്നും മറ്റു മതങ്ങൾ തെറ്റാണെന്നും തെളിയിക്കുന്നതിനു വേണ്ടിയാണ്. അതിനിടെ, മതം സ്വയമേവ, അധഃപതനത്തിലേയ്ക്ക് കൂടുതൽ കൂടുതൽ അടുത്തു. അതിനാൽ, മതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ നിലവാരം മനസ്സിലാക്കുന്നത് അടിയന്തിരമായ ആവശ്യമായി മാറി.

കേരളത്തിലെ നാലു പാതിരിമാർ, രണ്ടു കുട്ടികളുടെ അമ്മയായ ഒരു സ്ത്രീയെ, അവരുടെ കുമ്പസാര രഹസ്യത്തിലെ ലൈംഗികപരമായ ഉള്ളടക്കമുപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തതായി വാർത്ത പുറത്തു വരുന്നു. കുമ്പസാര രഹസ്യം വെളിപ്പെടുത്തരുതെന്ന് മതപരമായ കല്‍പ്പനയുള്ളതാണ്. അങ്ങനെയാകുമ്പോൾ, ഈ നാലുപേരും നിയമത്തിന്റെ കണ്ണിൽ ഹീനമായ കുറ്റം ചെയ്തവരാണ് എന്നു മാത്രമല്ല, അവർ അനുശീലിക്കുന്ന മതത്തിന്റെയും തങ്ങളുടെ തൊഴിലിന്റെയും അടിസ്ഥാന നിയമങ്ങൾ തന്നെ ലംഘിച്ചവരാണ്.

മറ്റൊരു സംഭവത്തിൽ, ഒരു കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റം ഒരു ബിഷപ്പിൽ ചുമത്തപ്പെട്ടിരിക്കുന്നു. കേരളത്തിലെ ഒരു പുരോഹിതൻ ഒരു കൗമാരക്കാരിയെ ഗർഭിണിയാക്കുകയും, അവൾ പ്രസവിച്ചപ്പോൾ, ആ കുഞ്ഞിന്റെ പിതൃത്വവും ഹീനമായ ആ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതിനു, പെൺകുട്ടിയുടെ പിതാവിനു കൈക്കൂലി നൽകുകയും ചെയ്തത് അധികകാലം മുൻപല്ല. കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ച പാതിരിമാരുടെ അപവാദകഥകൾ ആഗോളതലത്തിൽ ഏറെക്കാലം സഭകളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചിലിയിലെ 34 ബിഷപ്പുമാരെ സ്ഥാനഭ്രഷ്ടരാക്കുവാൻ കല്‍പ്പന കൊടുത്തത് ഫ്രാൻസിസ് മാർപാപ്പയ്ക്ക് അഭിമാനിക്കത്തക്കതായി.

Read in English: Faith Vs Blind Faith

ഇരട്ടത്താപ്പും, ലൈംഗിക വൈകൃതങ്ങളും കുറ്റവാസനകളുമെല്ലാം ഒരു മതത്തിലെ മാത്രം പുരോഹിതന്മാരുടെ സവിശേഷതയാണെന്ന് ആരും കരുതുന്നില്ല. തീർത്തും സങ്കല്‍പ്പിക്കാൻ പോലുമാകാത്ത തരം കുറ്റകൃത്യങ്ങളെ തങ്ങളുടെ സഭകൾക്കുള്ളിൽ തന്നെ ന്യായീകരിക്കുന്നതും അത്തരം കുറ്റവാളികളെ സം‌രക്ഷിക്കുന്നതും ഭക്തി മാർഗ്ഗത്തിലുള്ള കടമയാണെന്നു വിശ്വസിക്കുവാൻ തക്കവിധം മസ്തിഷ്കപ്രക്ഷാളനം നടത്തപ്പെട്ടവരാണ് എല്ലാ മത സമൂഹത്തിലെയും അംഗങ്ങൾ എന്നത് ഖേദകരമായ വസ്തുതയാണ്. മറ്റു മത സമൂഹങ്ങളിലെ കുറ്റകൃത്യങ്ങളെ ആക്രമിക്കുക എന്നതും തങ്ങളുടെ മതാധിഷ്ഠിത കർത്തവ്യമാണെന്നവർ വിശ്വസിക്കുന്നു. വാസ്തവത്തിൽ മറിച്ചാണ് സംഭവിക്കേണ്ടത്. ഒരാൾ സ്വന്തം മതത്തിന്റെ ജീർണ്ണതകളിൽ കൂടുതൽ അസഹിഷ്ണുവാകണം, മറ്റു സമൂഹങ്ങളിലെ തെറ്റുകുറ്റങ്ങളെ കഴുകൻ കണ്ണുകൊണ്ട് നോക്കിക്കാണേണ്ടതുമില്ല. ഗോയ്ഥേ പറഞ്ഞതുപോലെ ഓരോരുത്തരും തങ്ങളുടെ പടിവാതിലുകൾ വൃത്തിയാക്കിയിട്ടാൽ മാത്രമേ നഗരം പൂർണ്ണമായും വൃത്തിയാകൂ. എന്നാൽ, അതിനു വിരുദ്ധമായി, ഓരോരുത്തരും അയൽക്കാരന്റെ വാതിലിലെ മാലിന്യങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നാൽ, നഗരം, പെരുകുന്ന മാലിന്യക്കൂമ്പാരങ്ങളാൽ വീർപ്പുമുട്ടും. ഇതാണു നമ്മുടെ മതജീവീതത്തിന്റെ വർത്തമാനകാല അവസ്ഥ.

നമ്മുടെ മതപരമായ വീക്ഷണത്തിൽ യുക്തിയുടെ സ്ഫുരണമുണ്ടെങ്കിൽ, മതാധിപന്മാർ, സാധാരണ ജനങ്ങളെക്കാളധികമായി സദാചാര നിലവാരവും ആത്മീയ ഔന്നത്യവും ഉള്ളവരായിരിക്കണമെന്ന് നാം ആവശ്യപ്പെടുമായിരുന്നു. അവരാണ് നമ്മെ നയിക്കേണ്ടത്. അന്ധൻ എങ്ങനെയാണ് പാതി ആന്ധ്യം ബാധിച്ചവനെ നയിക്കുക? ഈ ലളിത യുക്തിയാണു നാം അറിയില്ലെന്ന് നടിക്കുന്നത്. ഒരുപക്ഷേ, പൗരോഹിത്യ വിരുദ്ധമായ നിലപാടുകളിൽ ഉറച്ചു നിന്നാൽ ദൈവകോപത്തിനിരയാകും എന്നു നാം ഭയക്കുന്നതു കൊണ്ടാകാമിത്. പുരോഹിതന്മാർക്കായി സത്യത്തെ തള്ളിപ്പറയുവാൻ ദൈവം നമ്മോടാവശ്യപ്പെടുന്നു എന്ന ഹീനമായ നുണയിലാണ് അയുക്തിപരമായ ഈ ഭയത്തിന്റെ വേരുകൾ. എന്നാൽ സത്യം അതിനു വിരുദ്ധമാണ്. സത്യത്തെ വഞ്ചിച്ച് നാം ദൈവത്തെ അവഹേളിക്കുന്നു. ഇന്ന്, മത സമൂഹങ്ങളിൽ കുറ്റവാളികളും വഞ്ചകരും പെരുകുന്നുവെങ്കിൽ നാമെല്ലാം അതിനുത്തരവാദികളാണ്, ബോധപൂർവ്വമല്ലെങ്കിൽ പോലും.

അലൗകികമായ അനുഗ്രഹങ്ങളുടെ മധ്യവർത്തികളും ചില്ലറക്കച്ചവടക്കാരുമാണ് പുരോഹിതർ എന്നതാണു മതങ്ങൾ നമ്മിലേയ്ക്ക് ഒളിച്ചുകടത്തിയ ഏറ്റവും വികലമായ നുണ. ഉദാഹരണത്തിനു മരണാനന്തരജീവിതത്തിന്റെ കാര്യമെടുക്കൂ. ധാർമ്മികതയിലും ബൗദ്ധികതയിലും, സാമാന്യജനങ്ങളെക്കാൾ വളരെ താഴ്ന്ന നിലവാരത്തിലായിരിക്കുകയും എന്നാൽ, മരണാനന്തരജീവിതത്തെ ക്കുറിച്ചുള്ള ജ്ഞാനത്തിൽ വിദഗ്ദ്ധരായിരിക്കുകയും ചെയ്യുന്നവരെ നാമെത്ര അനായാസമാണു വിശ്വസിക്കുന്നതെന്നുള്ളത് വിചിത്രമായ വസ്തുതയാണ്.

മതാശയങ്ങളിൽ അവശ്യം നടത്തപ്പെടേണ്ട പരിഷ്കരണം മരണാനന്തര ജീവിതത്തിൽ നിന്നും മരണപൂർവ്വ ജീവിതത്തിലേയ്ക്ക് ശ്രദ്ധാകേന്ദ്രം മാറ്റിക്കൊണ്ടുള്ള പുനഃക്രമീകരണമാണ്. രണ്ടാമത്തേത് യുക്തിപൂർവ്വമുള്ള ചിന്തയ്ക്ക് സ്വീകാര്യമാണ്. ആദ്യത്തേതാകട്ടെ കെട്ടുകഥകളിലും തെറ്റിദ്ധാരണകളിലും അവസാനിക്കുന്ന മണ്ഡലവും. മരണത്തെക്കുറിച്ചുള്ള മായക്കഥകളാൽ നൂറ്റാണ്ടുകളായി മനുഷ്യർ കബളിപ്പിക്കപ്പെടുന്നു. അതിനാലാണ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കാൾ മാർക്സ് പറഞ്ഞത്.

വിശ്വാസത്തിന്റെ വിപരീതം യുക്തിയല്ല, അത് അന്ധമായ വിശ്വാസമാണ്. യുക്തിയും വിവേകവുമില്ലാത്ത വിശ്വാസം അന്ധമായ വിശ്വാസമാണ്. അത് കുറ്റകൃത്യങ്ങളുടെ ഫലഭൂയിഷ്ടമായ വിളനിലമാണ്. ഇപ്പോൾ വെളിച്ചത്ത് കൊണ്ടുവരപ്പെട്ട വിശുദ്ധ കുറ്റവാളികൾ അന്ധമായ വിശ്വാസത്തിന്റെ സംഭരണക്കാരും ചില്ലറവിതരണക്കാരുമാണ്. ആത്മീയമായ കാഴ്ചപ്പാടിൽനിന്നു നോക്കിയാൽ, അന്ധവിശ്വാസത്തിന്റെ പ്രചാരകരെല്ലാം തന്നെ കുറ്റവാളികളാണ്. യുക്തിരഹിതമായ മതപ്രതിപത്തി മാനവികതയ്ക്കെതിരായുള്ള കുറ്റകൃത്യമാണ്. സ്ത്രീകളും കുട്ടികളുമാണ് ഇതിന്റെ ഏറ്റവും എളുപ്പത്തിൽ വഴിപ്പെടാവുന്ന പ്രകടമായ ഇരകൾ. പക്ഷേ യുക്തിരഹിത മതം , അതിന്റെ വില്‍പ്പനക്കാരുൾപ്പടെ എല്ലാവരെയും തന്നെ ഇരകളാക്കുന്നുണ്ട്. ലൈംഗികാക്ഷേപങ്ങൾ പോലെയുള്ള കുറ്റങ്ങളുടെ കർത്താക്കളായ പുരോഹിതന്മാരുമായുള്ള അദൃശ്യബന്ധം നാം തിരിച്ചറിയണം. ഒപ്പം, നമ്മുടെ മതപ്രതിപത്തിയും സമ്പൂർണ്ണ മാനവികതയുടെ അധഃപതനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നാം ധാരണയുള്ളവരായിരിക്കണം. മനുഷ്യവർഗ്ഗത്തിന്റെ വിമലീകരണത്തിനായുള്ള മതത്തെ മലിനീകരണത്തിന്റെയും ധാർമ്മികപാപ്പരത്തത്തിന്റെയും സ്രോതസ്സായി മാറാൻ അനുവദിക്കുന്നത് തെറ്റാണ്. ചികിത്സകൊണ്ട് രോഗം വരുത്തേണ്ടതുണ്ടോ?

വേദ പണ്ഡിതനും സാമൂഹ്യപ്രവർത്തകനുമാണ് സ്വാമി അഗ്നിവേശ്,
സെയിന്റ് സ്റ്റീഫൻ കോളജിന്റെ മുൻപ്രിൻസിപ്പലും
വിദ്യാഭ്യാസ വിചക്ഷണനുമാണ് വൽസൻ തമ്പു,

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook