/indian-express-malayalam/media/media_files/uploads/2018/10/wcc.jpg)
ഹേമാ കമ്മറ്റി റിപ്പോർട്ടിന്റെ വരവോടുകൂടി കേരളത്തിൽ ഫെമിനിസ്റ്റ് രാഷ്ട്രീയപ്രവർത്തനം കുറേക്കൂടി സജീവമായിരിക്കുന്നത് പ്രത്യാശയുണർത്തുന്ന സംഭവവികാസമാണ്. ഭരണാധികാരികളുടെ മേൽ ജനകീയസമ്മർദ്ദം വരുത്താനുള്ള പരിശ്രമത്തിൽ മുഖ്യധാരാ ഫെമിനിസ്റ്റുകളും സ്ത്രീസംഘടനകളും ഫെമിനിസ്റ്റ് മുഖ്യധാരയ്ക്കു പുറത്തുനിൽക്കുന്നവരും ഒരുപോലെ പങ്കുചേരുന്നു. മുഖ്യമന്ത്രിക്ക് ലൈംഗികപീഡനാരോപിതരായ നടന്മാർക്കെതിരെ സത്വരനടപടികൾ കൈക്കൊള്ളാനുള്ള സമ്മർദ്ദം ഏറിവരുന്നു. ഇത് ദീർഘകാലപോരാട്ടമാണെന്നും വ്യക്തമാകുന്നു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് വെളിവാക്കിയ ലൈംഗികപീഡനവിഷയത്തിന്മേലാണ് മാധ്യമങ്ങളുടെ കണ്ണ്, അധികപക്ഷവും. എന്നാൽ റിപ്പോർട്ട് വെളിവാക്കുന്ന ആണധികാര അതിലംഘനങ്ങളിൽ ഒന്നുമാത്രമാണത്. ഘടനാപരമായി നോക്കിയാൽ അതിന് വളംവച്ച സാഹചര്യങ്ങൾ റിപ്പോർട്ട് തിരിച്ചറിയുന്ന മറ്റുതരം അതിലംഘനങ്ങളോട് ബന്ധപ്പെട്ടുകിടക്കുന്നവയാണ്.
വിവേചനം, അമിതചൂഷണം, പ്രതികാരം എന്ന മൂന്നുതരം അതിലംഘനങ്ങളുമായി ഇഴപിരിച്ചെടുക്കാനാവാത്തവിധം കെട്ടുപിണഞ്ഞു കിടക്കുന്ന പ്രതിഭാസമാണ് മലയാളസിനിമയിലെ ലൈംഗികപീഡനം. മാത്രമല്ല, റിപ്പോർട്ടിൽ സൂചിപ്പിച്ച സംഭവങ്ങളിലും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരാതികളിലും ഫാസ്റ്റ്-ട്രാക്ക് കോടതി വന്നാലും സമയമെടുത്തു മാത്രമേ നിയമനടപടികളുണ്ടാവൂ. അതുകൊണ്ടുതന്നെ അവയിൽ നടപടി ആവശ്യപ്പെടുന്നതിനോടൊപ്പം, കുറ്റാരോപിതനായ എംഎൽഎ എം. മുകേഷിന്റെ രാജി ആവശ്യപ്പെടുന്നതിനോടൊപ്പം, വിവേചനത്തിനും ചൂഷണത്തിനും പ്രതികാരനടപടികൾക്കും പരിഹാരം കാണുന്ന ചട്ടക്കൂടിനെപ്പറ്റിയും വിഭാവനം ചെയ്യേണ്ടതുണ്ട്. അതായത്, സിനിമാരംഗത്തിന്റെ ജനാധിപത്യവത്കരണമാണ് ലൈംഗികപീഡന സംസ്കാരത്തെ എതിർത്തുതോൽപ്പിക്കാൻ ആവശ്യമായ അടിസ്ഥാനവ്യവസ്ഥ. അതാകട്ടെ, സിനിമാരംഗത്തെ തൊഴിലാളികളുടെ അവകാശസംരക്ഷണത്തെ ഉറപ്പാക്കുന്നതിനെ ആശ്രയിച്ചാണ് നിൽക്കുന്നത്.
ഈ വിഷയം 'ആൽത്തിയ' എന്ന സ്ത്രീകൂട്ടായ്മ മുന്നോട്ടുവച്ചപ്പോൾ കേരള തൊഴിൽവകുപ്പുമന്ത്രിയുടെ ആദ്യപ്രതികരണം നിരാശാജനകമായിരുന്നു. ഹേമാ കമ്മറ്റി ഉന്നയിച്ചിരിക്കുന്നത് കലാപ്രവർത്തകരുടെ വിഷയങ്ങളാണെന്നും, അവർ തൊഴിലാളികളല്ലെന്നും, സാങ്കേതികത്തൊഴിലാളികളുടെ കാര്യത്തിൽ മാത്രമേ ലേബർവകുപ്പിന് ഇടപെടാനാവൂ എന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്സ്‌പ്രസ് പത്രം റിപ്പോർട്ടുചെയ്തു.
ഇത് കേവലം തെറ്റിദ്ധാരണയാണ്. സിനിമ വ്യവസായമാണെന്ന് ഇന്ത്യൻ നിയമവ്യവസ്ഥ പണ്ടേ അംഗീകരിച്ചതാണ്. ആ വ്യവസായത്തിലെ തൊഴിലാളികളെ - സിനി-വർക്കർ അഥവാ സിനിമാ തൊഴിലാളികളെ – കൃത്യമായും വ്യക്തമായും ഇന്ത്യൻ സിനിമാ വ്യവസായ നിയമങ്ങൾ നിർവചിച്ചിട്ടുമുണ്ട്. ആ നിർവചനപ്രകാരം അഭിനേതാക്കൾ, ഗായകർ, നർത്തകർ മുതലായ എല്ലാവരേയും സിനിമാതൊഴിലാളികളായി എണ്ണിയിട്ടുണ്ട്. ആ കാര്യം സുവ്യക്തമായി മലയാളി പൊതുമണ്ഡലത്തിനു മുന്നിൽ വയ്ക്കാൻ കേരളത്തിലെ മുഖ്യ സാമൂഹ്യ-സാമ്പത്തിക ഗവേഷണ കേന്ദ്രമായ സെൻറർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസിൽ വച്ച് നടന്ന പൊതുചർച്ച ശ്രമിച്ചു.
പ്രമുഖ ലേബർ ഇക്കോണമിസ്റ്റായ വിനോജ് എബ്രഹാം ചൂണ്ടിക്കാണിച്ചതുപോലെ, സിനിമാരംഗത്തെ തൊഴിൽപരമായ അനീതികളെ പരിഹാരിക്കാൻ ആവശ്യമായ നിയമചട്ടക്കൂട് ഇപ്പോൾത്തന്നെ ഇന്ത്യയിലുണ്ട്. അതിനെ കാലമനുസരിച്ചും, കേരളത്തിന്റെ സവിശേഷാവശ്യങ്ങളനുസരിച്ചും തിരുത്തിയും രൂപപ്പെടുത്തിയും സ്വീകരിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള മുഖ്യവെല്ലുവിളി. ഇന്ത്യൻ ഭരണഘടനപ്രകാരം തൊഴിൽ ഒരു കൺകറന്റ് (concurrent) വിഷയമായതുകൊണ്ടുതന്നെ, തീർച്ചയായും കേരള സർക്കാരിനു മുൻകൈ എടുക്കാം.
കേരളത്തിലെ അസംഘടിത-അനൗപചാരിക മേഖലകളിൽ പണിയെടുക്കുന്ന ഗാർഹികത്തൊഴിലാളികൾ, കച്ചവടരംഗത്തു പ്രവർത്തിക്കുന്ന സ്ത്രീത്തൊഴിലാളികൾ മുതലായവരെപ്പറ്റി സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് നടത്തിയിട്ടുള്ള ഗവേഷണത്തിന്റെ വെളിച്ചത്തിൽ, സിനിമാരംഗത്തെ അടിത്തട്ടുകളിലെ തൊഴിലാളിസ്ത്രീകളുടെ സ്ഥിതി ഇപ്പറഞ്ഞ വിഭാഗങ്ങളെക്കാളേറെ ദയനീയമാണെന്നാണ് ഹേമാ കമ്മറ്റി റിപ്പോർട്ട് നൽകുന്ന സൂചന. മാത്രമല്ല, മേൽപ്പറഞ്ഞ നാലുതരം അതിലംഘനങ്ങളും അനൗപചാരികമേഖലാ-അസംഘടിത സ്ത്രീത്തൊഴിലാളികൾ ചരിത്രപരമായി അനുഭവിച്ചിട്ടുള്ളതുമാണ്. സിനിമാരംഗത്തെ കലാപ്രവർത്തകരെ തൊഴിലാളികളായി തിരിച്ചറിയാതിരിക്കാൻ യാതൊരു ന്യായവുമില്ലെന്ന് ചുരുക്കം. മിനിമം കൂലിക്കുപരിയായി ന്യായമായ കൂലി എന്ന ആശയം പല വ്യവസായങ്ങളിലും ഇന്ന് പരിഗണിക്കപ്പെടുന്നുണ്ടെന്നും അതും വലിയ വേതനാന്തരം നിലനിൽക്കുന്ന സിനിമാരംഗത്ത് പരിഗണിക്കേണ്ടതാണെന്നും വിനോജ് എബ്രഹാം വാദിച്ചു.
കൃത്യവും സുതാര്യവുമായ ഉടമ്പടികൾ, അടിസ്ഥാനസൗകര്യങ്ങൾ മുതലായവ ഹേമാ കമ്മിറ്റിയും ആവശ്യപ്പെടുന്നുണ്ട്. അവ കൂടാതെ സ്ത്രീകൾക്ക് സിനിമയിലെ തൊഴിലവസരങ്ങളെപ്പറ്റി നേരിട്ട് അറിയാൻ സംവിധാനമുണ്ടാകണമെന്നും 'ആൽത്തിയ' ആവശ്യപ്പെടുന്നു. അവസരങ്ങളെപ്പറ്റിയുള്ള അറിവ് ഇടനിലക്കാരിലൂടെ മാത്രം അറിയാനിടവരുന്ന മുതലാളിത്തപൂർവ്വരീതിയാണ് സിനിമാമേഖലയിലെ നാലുതരം ലിംഗാനീതിപരമായ അതിലംഘനങ്ങളെയും സാധ്യമാക്കുന്ന മുഖ്യഘടകങ്ങളിലൊന്നെന്ന് കരടുരേഖ നിരീക്ഷിച്ചു.
ഇതിനു പകരം പ്രൊഫഷണൽ സ്വഭാവമുള്ള ഒരു സിനിമാ-തൊഴിൽ വെബ്സൈറ്റാണ് നിർദ്ദേശിക്കപ്പെടുന്നത്. എല്ലാ സിനിമാ പ്രോജക്ടുകളും നിർബന്ധമായും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന എല്ലാ തൊഴിലവസരങ്ങളുടെയും വിശദവിവരങ്ങളടക്കം ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സംവിധാനമുണ്ടാകണം. അവയ്ക്കായി അപേക്ഷകളയക്കാനും സൗകര്യമുണ്ടാകണം – ലഭിച്ച അപേക്ഷകളെ യോഗ്യത, പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ സുതാര്യമായി ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന രീതിയും ഉണ്ടാകണം. എല്ലാ സിനിമാപ്രോജക്ടുകളിലും പണിയെടുക്കുന്നവർക്കും നിർബന്ധമായും തൊഴിൽപരിചയ സർട്ടിഫിക്കറ്റുകൾ നൽകുന്ന രീതിയെ സാമാന്യവത്ക്കരിക്കണം. ആ സർട്ടിഫിക്കറ്റുകൾക്ക് മേൽപ്പറഞ്ഞ ഷോർട്ട് ലിസ്റ്റിങ്ങിൽ പ്രസക്തമാകണം. ചുരുക്കിപ്പറഞ്ഞാൽ ഇന്ന് സിനിമയിലെ മുകൾത്തട്ടിലുള്ളവർക്ക് കിട്ടുന്ന വൻതുകകളിൽ ഒരു ഭാഗം സിനിമാവ്യവസായത്തിനുള്ളിൽ നീതിസംവിധാനങ്ങൾ സൃഷ്ടിക്കാൻ വിന്യസിക്കണമെന്ന് ആൽത്തിയ ആവശ്യപ്പെടുന്നു.
ഹേമാ കമ്മറ്റി ശുപാർശകൾ നിർദ്ദേശിക്കുന്ന ട്രൈബ്യുണൽ സംവിധാനത്തിനും കാലതാമസമുണ്ടാകാനിടയുണ്ട്. മാത്രമല്ല, മേൽപ്പറഞ്ഞ ചർച്ചയിൽ പ്രമുഖ ഫെമിനിസ്റ്റ് സാമൂഹ്യഗവേഷകയായ പ്രവീണാ കോടോത്ത് ഓർമ്മിപ്പിച്ചതു പോലെ, മുകളിൽ നിന്ന് പുതിയ സംവിധാനങ്ങൾ കീഴ്ത്തട്ടിൽ നിലവിലുള്ള സ്ത്രീസുരക്ഷാസംവിധാനങ്ങളെ തേച്ചുമായ്ചു കളയാനേ ദീർഘകാലത്തിൽ ഉതകൂ. നാട്ടിൽ സ്ത്രീകളെ തൊഴിലിടങ്ങളിൽ സംരക്ഷിക്കുന്ന നിയമത്തിന് പ്രസക്തിയില്ലെന്ന വാദം സ്വീകരിക്കാനാവില്ല – പുതിയ സംവിധാനം നിലവിൽ വരുന്നതുവരെ അവർ നാട്ടിലെ നിയമസംരക്ഷണത്തിനു പുറത്ത നിന്നുകൊള്ളണമെന്ന ആവശ്യം അവരുടെ പൗരാവകാശങ്ങളെത്തന്നെ ലംഘിക്കുംവിധമാണ്. ജില്ലാതലത്തിൽ ഇപ്പോൾത്തന്നെ നിലവിലുള്ള തദ്ദേശ പരാതിക്കമ്മറ്റികളുടെ സഹായത്തോടെ ഓരോ സിനിമാപ്രോജക്ടിലും ആന്തരിക (പരാതി) സമിതികൾ ഉണ്ടാക്കണമെന്നും വേണ്ടത്ര സ്ത്രീകൾ ഇല്ലാത്തപക്ഷം തദ്ദേശ പരാതി സമിതി അംഗങ്ങളെയോ ഡബ്ള്യൂസിസി നിർദ്ദേശിക്കുന്നവരെയോ അംഗങ്ങളാക്കണമെന്നാണ് ആൽത്തിയ അവതരിപ്പിച്ച കരടുനയരേഖ ആവശ്യപ്പെട്ടത്.
ഈ പ്രക്രിയകളിൽ ഡബ്ള്യൂസിസിക്ക് കാര്യമായ പ്രാധാന്യവും പങ്കാളിത്തവും നൽകണമെന്ന് ഈ നയരേഖ ഊന്നിപ്പറയുന്നു. AMMA, FEFKA എന്നിവയെ ഒരുതരത്തിലും തൊഴിലാളിസംഘടനകളോ തൊഴിൽസംഘങ്ങളോ ആയി എണ്ണാൻ കഴിയില്ലെന്നും അവ മുതലാളിത്തപൂർവ അധികാരമൂല്യങ്ങളാൽ നയിക്കപ്പെടുന്നവയാണെന്നും തെളിയിക്കുന്ന വിവരങ്ങളാണ് ഹേമാ കമ്മിറ്റി ശേഖരിച്ചു കഴിഞ്ഞിച്ചുള്ളത്.
സിനിമയിലെ സ്ത്രീപ്രവർത്തകരെ തൊഴിലാളികളായി അംഗീകാരണമെന്ന് ആദ്യം ആവശ്യപ്പെട്ട സംഘടന ഡബ്ള്യൂസിസിയാണെന്നത് നിസ്തതർക്കമാണ്. ഈ പുതിയ സിനിമാ-തൊഴിൽനയരേഖ പരിഹരിക്കാൻ ശ്രമിക്കുന്ന വിഷയങ്ങളെ ജനങ്ങൾക്കും സർക്കാരിനും മുന്നിലെത്തിക്കുന്നതിൽ സ്തത്യർഹമായ പങ്കു വഹിച്ചതും അവർ തന്നെ. ആ സ്ഥിതിക്ക് സിനിമാവ്യവസായത്തെ കൂടുതൽ ജനാധിപത്യപരമായി പുനർവിന്യസിക്കുന്ന പ്രക്രിയയിൽ അവർക്ക് മുന്തിയ സ്ഥാനം തന്നെ നൽകേണ്ടതുണ്ട്. ഓരോ സിനിമാ പ്രോജക്ടിലും നിയമപ്രകാരമുള്ള ആന്തരികസമിതി രൂപീകരിച്ചതായ തെളിവു നൽകിയാൽ മാത്രമേ സിനിമാ ഷൂട്ടിങിനുള്ള അനുമതി നൽകാൻ കഴിയൂ എന്ന വ്യവസ്ഥ ഉണ്ടാകേണ്ടതുണ്ട്. ഷൂട്ടിങ് ആരംഭിച്ചതിനു ശേഷം ജില്ലാതല തദ്ദേശ പരാതി സമിതി അവിടം സന്ദർശിക്കണം, ആ സന്ദർശനത്തിനായി ഡബ്ള്യൂ സി സി നിർദ്ദേശിക്കുന്ന ഒരു അംഗത്തെ കുറഞ്ഞത് കൂട്ടിച്ചേർക്കുകയും വേണം. പോരായ്മകൾ കൃത്യമായ സമയപരിധിക്കുള്ളിൽ പരിഹരിക്കാത്തപക്ഷം ഷൂട്ടിങ് നിർത്തിവയ്ക്കാനുള്ള വകുപ്പും ഉണ്ടാക്കണം.
സിനിമ എന്ന തൊഴിലിടം സദാ മാറിക്കൊണ്ടിരിക്കുന്നതാണ് അവിടെ നടക്കുന്ന അതിലംഘനങ്ങൾക്ക് കളമൊരുക്കുന്ന പ്രധാനപ്പെട്ട ഘടകം. അതുകൊണ്ടുതന്നെ സിനിമാതൊഴിലിടത്തിന്റെ വിപുലവും സമഗ്രവുമായ നിർവ്വചനം ഉടൻ പ്രഖ്യാപിക്കണമെന്നും 'ആൽത്തിയ'യുടെ കരട് നയരേഖ ആവശ്യപ്പെടുന്നു.
പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടങ്ങളായി വേർതിരിച്ചുകൊണ്ട് സിനിമാനിർമ്മാണത്തിലെ എല്ലാ അടരുകളും ഉൾപ്പെട്ട നിർവ്വചനം താമസിയാതെതന്നെ പുറപ്പെടുവിക്കേണ്ടതാണ്. ഈ രംഗത്തെ സ്ത്രീകളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താനും പരാതിപ്പെടുന്നവരെ പ്രതികാരനടപടികളിൽ നിന്നു സംരക്ഷിക്കാനും സൂക്ഷ്മമായ നിർദ്ദേശങ്ങൾ കരടുനയരേഖ മുന്നോട്ടുവച്ചു. പ്രതികാരനടപടികൾക്കു വിധേയരായ തൊഴിലാളികളെയും വ്യക്തമായി നിർവ്വചിക്കേണ്ടിവരും, ആദ്യംതന്നെ. ഈ വിഭാഗത്തിൽ പെടുന്നവർക്ക് സിനിമയുടെ പൊതുമേഖലയിൽ ലഭ്യമായ വിഭവങ്ങളിലും അവസരങ്ങളിലും (സർക്കാർ പരസ്യചിത്ര നിർമ്മാണത്തിലടക്കം) മുൻഗണന നൽകേണ്ടതുണ്ടെന്നും, പ്രതികാര നടപടിക്കു വിധേയരായെന്ന് തെളിയിക്കാനാവുന്ന സ്ത്രീതൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും തുടങ്ങിയ നിർദ്ദേശങ്ങളാണ് നയരേഖയിലുള്ളത്.
തൊഴിൽവിഷയങ്ങളെയും തൊഴിൽവകുപ്പിനെയും കേന്ദ്രീകരിച്ചുകൊണ്ടുള്ള ഈ പ്രവർത്തനം ആവശ്യമാകുന്നതെന്തുകൊണ്ട്? ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് കഴിവുറ്റ ഒരു സ്ത്രീ വന്നാൽ പോരെ? പോര, ഞങ്ങൾ ഉറപ്പിച്ചു പറയുന്നു. അങ്ങനെയൊരു സ്ത്രീ അവിടെ വന്ന് ഒറ്റയ്ക്കു പടവെട്ടി എല്ലാം ശരിയാക്കുമെന്ന തോന്നൽ മലയാളകച്ചവടസിനിമ വിളമ്പിയ ആണധികാര-ഫാന്റസി മാത്രമാണ്.
ജനാധിപത്യവത്ക്കരണം താഴെനിന്നാണ് ഉണ്ടാകാറ് – മുകളിൽ നിന്നല്ല. ഹേമാ കമ്മിറ്റിയുടെ ട്രൈബ്യൂണൽ നിർദ്ദശവും മുഖ്യധാരാ ഫെമിനിസ്റ്റുകളുടെ ഫീമോക്രാറ്റ് നിർദ്ദേശവും പ്രശ്നകരമാകുന്നത് ഇതിനാലാണ്. വരുന്ന സ്ത്രീ കഴിവുറ്റവർ തന്നെയെങ്കിലും തീർത്തും സ്ത്രീവിരുദ്ധമായ സംവിധാനത്തോട് അവർ പൊരുതിത്തോൽക്കാനാണിട. വിപ്ളവങ്ങൾ മാത്രമല്ല ചരിത്രത്തിലുണ്ടായിട്ടുള്ളതെന്നും, പ്രതിവിപ്ളവങ്ങൾ പഴയതിലും മോശമായ സാമൂഹ്യാവസ്ഥകൾക്കു കാരണമായേക്കാം എന്നും നമ്മൾ മറന്നുകൂട.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.