/indian-express-malayalam/media/media_files/uploads/2020/03/anurag.jpg)
ന്യൂഡൽഹി: താൻ കൊലവിളി മുദ്രാവാക്യങ്ങൾ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂർ. "രാജ്യദ്രോഹികളെ എന്തു ചെയ്യണം? അവരെ വെടിവച്ചു കൊല്ലണം," എന്ന് ഠാക്കൂർ പ്രസംഗിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോളാണ് മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാൻ അനുരാഗ് ഠാക്കൂർ ശ്രമം നടത്തിയത്.
ഡൽഹി തിരെഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അനുരാഗ് ഠാക്കൂർ നടത്തിയ പ്രസംഗം ഡൽഹിയിലെ കലാപത്തിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഛണ്ഡിഗഡിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അനുരാഗ് ഠാക്കൂർ.
Read More: ബിജെപി നേതാവ് കപിൽ മിശ്രയുടെ 'സമാധാന റാലി'യിലും കൊലവിളി
“നിങ്ങൾ കള്ളം പറയുകയാണ്. നിങ്ങൾ ആദ്യം കാര്യമെന്തെന്ന് സ്വയം അറിയണം. പകുതി അറിവും തെറ്റായ വിവരവും അപകടകരമാണ്,” കേന്ദ്ര ധനകാര്യ സഹമന്ത്രി പറഞ്ഞു.
കാര്യങ്ങൾ വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ വിഷയം ജുഡീഷ്യറിയുടെ പരിഗണനയിലാണെന്നും അതിനാൽ ഇപ്പോൾ പ്രതികരിക്കാൻ താത്പര്യമില്ലെന്നും അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.
“പോലീസ് അവരുടെ ജോലി ചെയ്യുന്നു. ഡൽഹി കലാപത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കണം. വിവിധ മതങ്ങളിൽ വിശ്വസിക്കുന്ന ആളുകൾ ഒന്നിച്ച് ഐക്യത്തോടെ ജീവിക്കുന്നു എന്നാണ് നമ്മുടെ രാഷ്ട്രത്തിന്റെ കരുത്ത്. അതാണ് രാഷ്ട്രനിർമ്മാണത്തിന് നൽകുന്ന സംഭാവന.”
സിഎഎ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങളും കൊലവിളി ആഹ്വാനവും നടത്തിയതിന്റെ പേരിൽ അനുരാഗ് ഠാക്കൂർ, മറ്റ് ബിജെപി നേതാക്കളായ പർവേഷ് സാഹിബ് സിങ്, കപിൽ മിശ്ര എന്നിവർക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. വടക്ക് കിഴക്കൻ ഡൽഹിയിൽ 42 പേരുടെ ജീവൻ നഷ്ടപ്പെടാൻ ഇടയായ കലാപത്തിലേക്ക് നയിച്ചത് ഇവരുടെ കൊലവിളി പ്രസംഗമാണ് എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ബുധനാഴ്ച (ഫെബ്രുവരി 26) ഹൈക്കോടതി പൊലീസിന് ഒരു ദിവസം അനുമതി നൽകിയിരുന്നു. എന്നാൽ ഇതിന് പുറമെ ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റുകയും കേസ് മറ്റൊരു ബെഞ്ചിന് കൈമാറുകയും ചെയ്തു. കേസ് പുതിയ ബെഞ്ചിന് കൈമാറിയതോടെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ പൊലീസിന് നാലാഴ്ചത്തെ സമയം നൽകി.
ജനുവരി 27 ന് ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഠാക്കൂർ പലതവണ “ദേശദ്രോഹികളെ എന്ത് ചെയ്യണം” എന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി കൂടിനിന്നവർ "വെടിവച്ച് കൊല്ലണം" എന്ന് ഉച്ചത്തിൽ പറയുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.