scorecardresearch
Latest News

ബിജെപി നേതാവ് കപിൽ മിശ്രയുടെ ‘സമാധാന റാലി’യിലും കൊലവിളി

ആരെയും വെറുതെ വിടരുത്, ജിഹാദികളെ തുടച്ചുമാറ്റുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർന്നത്

kapil mishra, കപിൽ മിശ്ര, kapil mishra goli maaro slogan, കപിൽ മിശ്രയുടെ കൊലവിളി മുദ്രാവാക്യം, kapil mishra rally, kapil mishra jantar mantar rally, delhi violence, delhi city news, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ നിശിത വിമർശനമേറ്റുവാങ്ങിയ ബിജെപി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന റാലിയിൽ കൊലവിളി മുദ്രാവാക്യം. വിഐപി പ്രദേശങ്ങളിൽ നടത്തിയ സമാധാന റാലിയിലാണ് രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലാൻ ആഹ്വാനം ഉയർന്നത്.

സിഎഎ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ കപിൽ മിശ്ര നടത്തിയ കൊലവിളി പ്രസംഗമാണു വടക്കു കിഴക്കൻ ഡൽഹിയിൽ 42 പേരുടെ ജീവനെടുത്ത കലാപത്തിന് കാരണമായതെന്ന് ആരോപണമുയർന്നിരുന്നു.  കപിൽ മിശ്രയ്‌ക്കെതിരെ ഡൽഹി ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു.

കപിൽ മിശ്രയുടെ നേതൃത്വത്തിൽ നടക്കുന്ന ‘സമാധാന മാർച്ചി’ൽ ആയിരത്തി ഇരുന്നൂറോളം പേരാണു പങ്കെടുക്കുന്നത്. ഡൽഹി പീസ് ഫോറം എന്ന എൻ‌ജി‌ഒയാണ് റാലിയുടെ സംഘാടകർ. ജന്തർ മന്തറിൽനിന്ന് കൊണാട്ട് പ്ലേസിലേക്കും ജൻപഥി ലേക്കുമാണ് മാർച്ച് നടത്തിയത്. റാലിക്ക് പൊലീസിന്റെ അനുമതിയില്ല. ആരെയും വെറുതെ വിടരുത്, ജിഹാദികളെ തുടച്ചുമാറ്റുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർന്നത്.

Read More: ഷഹീൻബാഗിൽ നിരോധനാജ്ഞ; കനത്ത പൊലീസ് കാവൽ

ഡൽഹി കലാപത്തിൽ ഭജൻപുര, ശിവ വിഹാർ, കരാവൽ നഗർ, ന്യൂ മുസ്തഫാബാദ് പ്രദേശങ്ങളിൽ പരുക്കേറ്റതായി അവകാശപ്പെടുന്ന ആളുകളാണ് മിശ്രയ്‌ക്കൊപ്പം റാലിയിൽ പങ്കെടുത്തത്. കലാപത്തിൽ കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ, ഇന്റലിജൻസ് ബ്യൂറോ സ്റ്റാഫർ അങ്കിത് ശർമ, വിനോദ് കശ്യപ് എന്നിവരുടെ ഫോട്ടോകളുമായി ഒരു മിനി ട്രക്ക് റാലിക്കൊപ്പമുണ്ടായിരുന്നു.

“മോദിയെ പിന്തുണച്ച് രാജ്യസ്നേഹികൾ രംഗത്തുണ്ട്. അങ്കിത് ശർമയുടെ ത്യാഗം രാജ്യം ഓർക്കും,” എന്നിങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് റാലി മുന്നേറിയത്. കപിൽ മിശ്ര പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തില്ല. എന്നാൽ, റാലി ജിഹാദികളുടെ അക്രമത്തിനെതിരെയും അക്രമത്തിൽ നഷ്ടം നേരിട്ടവർക്ക് അനുകൂലമായുമാണെന്ന് കപിൽ മിശ്ര സൺഡേ എക്‌സ്‌പ്രസിനോട് പറഞ്ഞു.

ജന്തർ മന്തറിൽ നിന്ന് രാവിലെ പതിനൊന്ന ടെയാണ് റാലി ആരംഭിച്ചത്. ത്രിവർണ പതാകകളും അംബേദ്കറിന്റെ ഫോട്ടോകളും സമാധാന മാർച്ച് എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ചാണ് ആളുകൾ റാലിയിൽ പങ്കെടുത്തത്. അങ്കിത് ശർമയുടെ മരണത്തിൽ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കൊണാട്ട് പ്ലേസിലേക്കും ജൻപത്തിലേക്കും മാർച്ച് നടത്താൻ അവർക്ക് അനുമതിയില്ലെന്ന് ഡിസിപി (ന്യൂഡൽഹി) ഐഷ് സിങ്കാൽ പറഞ്ഞു, “സമാധാനപരമായ മാർച്ചായതിനാൽ ആരെയും തടഞ്ഞില്ല. മാർച്ചിൽ ഉന്നയിച്ച ഏതെങ്കിലും തരത്തിലുള്ള മുദ്രാവാക്യങ്ങൾക്കെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല, അതിനാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല, ” ഡിസിപി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Goli maaro slogan is back as kapil mishra leads peace march