scorecardresearch

'ഒമിക്രോണ്‍' വ്യാപിക്കുന്നു; ജർമനിക്ക് പിറകെ യുകെയിലും പുതിയ വകഭേദം

യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ട് വിമാനത്താവളം ഉൾപ്പെടുന്ന ഹെസ്സെ സംസ്ഥാനത്താണ് ഒമിക്രോണിന്റെ ലക്ഷണങ്ങളോട് കൂടിയ രോഗബാധ

യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ട് വിമാനത്താവളം ഉൾപ്പെടുന്ന ഹെസ്സെ സംസ്ഥാനത്താണ് ഒമിക്രോണിന്റെ ലക്ഷണങ്ങളോട് കൂടിയ രോഗബാധ

author-image
WebDesk
New Update
Omicron, Covid

ന്യൂഡൽഹി: കോവിഡിന്റെ ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി യുകെയിൽ രണ്ട് പേരിൽ ഒമിക്രോൺ വകഭേദത്തെ കണ്ടെത്തിയതായി ബ്രിട്ടിഷ് ആരോഗ്യ മന്ത്രി സാജിദ് ജാവീദ് അറിയിച്ചു. ദക്ഷിണാഫ്രിക്കൻ യാത്രാ പശ്ചാത്തലമുള്ളവരിലാണ് രോഗബാധ കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

“ഇന്നലെ രാത്രി വൈകി എന്നെ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ബന്ധപ്പെട്ടു. യുണൈറ്റഡ് കിംഗ്ഡത്തിൽ ഈ പുതിയ വേരിയന്റായ ഒമിക്രോണിന്റെ രണ്ട് കേസുകൾ അവർ കണ്ടെത്തിയതായി എന്നെ അറിയിച്ചു. ഒന്ന് ചെംസ്ഫോർഡിലും മറ്റൊന്ന് നോട്ടിംഗ്ഹാമിലും," ജാവീദ് പറഞ്ഞു.

രോഗം തിരിച്ചറിഞ്ഞ രണ്ട് പേരോടും അവരുടെ വീട്ടുകാരോടും ഐസൊലേഷനിലേക്ക് മാറാൻ ആവശ്യപ്പെടുകയും വീണ്ടും പരിശോധന നടത്തുകയും ചെയ്തു.

വകഭേദം ജർമനിയിലും എത്തിയതായി റിപ്പോർട്ടുകളുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ ഒരു യാത്രക്കാരനിൽ മ്യൂട്ടേഷനുകൾ കണ്ടെത്തിയതായി പടിഞ്ഞാറൻ സംസ്ഥാനമായ ഹെസ്സെയിലെ ഒരു മന്ത്രി ശനിയാഴ്ച പറഞ്ഞു.

Advertisment

“കഴിഞ്ഞ രാത്രി, ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഒരു യാത്രക്കാരനിൽ ഒമിക്‌റോണിന്റെ മാതൃകയിലുള്ള നിരവധി മ്യൂട്ടേഷനുകൾ കണ്ടെത്തി," എന്നെ ഹെസ്സെയിലെ സാമൂഹികകാര്യ മന്ത്രി കെയ് ക്ലോസ് ട്വീറ്റ് ചെയ്തു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ട് വിമാനത്താവളം ഉൾപ്പെടുന്ന സംസ്ഥാനമാണ് ഹെസ്സെ.

വേരിയന്റിന്റെ സീക്വൻസിങ് നടക്കുന്നുണ്ടെന്നും രോഗം സ്ഥിരീകരിച്ച വ്യക്തി ഐസൊലേഷനിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ദക്ഷിണാഫ്രിക്കയിൽ നിന്ന് യാത്ര ചെയ്ത എല്ലാവരോടം സമ്പർക്കം പരിമിതപ്പെടുത്താനും പരിശോധന നടത്താനും കെയ് ക്ലോസ് അഭ്യർത്ഥിച്ചു.

ജർമ്മനിയിലും മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും കൊറോണ വൈറസ് കേസുകളിൽ കുതിച്ചുചാട്ടമുണ്ടായ സമയത്താണ് പുതിയ വേരിയന്റ് കണ്ടെത്തിയത്.

അതിവേഗം പടരുന്ന പുതിയ കോവിഡ് വകഭേദം ഡെൽറ്റയെക്കാള്‍ അപകടകാരിയായിരിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ജാഗ്രത പാലിക്കുന്നുണ്ട്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മേഖലയില്‍ നിന്നുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിരവധി രാജ്യങ്ങള്‍ ഇതിനോടകം തന്നെ തീരുമാനമെടുത്തു. ഇത് ഓഹരി വിപണിയില്‍ വലിയ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്തു.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുതിയ വകഭേദമായ ബി.1.1.529 നെ വളരെയധികം അപകടകാരിയെന്നാണ് വിശേഷിപ്പിച്ചത്. ഒമിക്രൊൺ എന്നാണ് വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് പുതിയ വകഭേദം പ്രഖ്യാപിച്ചത്. ഇസ്രയേൽ, ബൽജിയം, ബോട്സ്വാന, ഹോങ്കോങ് എന്നീ രാജ്യങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വകഭേദത്തിന്റെ നൂറോളം ജീനോം സീക്വൻസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവില്‍ രോഗബാധിതരായ പലര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശമുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനും ജാഗ്രത പുലര്‍ത്താനും ഹെല്‍ത്ത് സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി. മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പടരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ട് ഡോസും കൂടാതെ ബൂസ്റ്റര്‍ വാക്സിനെടുത്തവരിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും വകഭേദത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

"വകഭേദത്തിന് നിരവധി ജനിതകമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ ചിലതെല്ലാം ആശങ്ക നല്‍കുന്നതാണ്. നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വകഭേദങ്ങളെക്കാള്‍ കൂടുതല്‍ അപകടകാരിയാണെന്നാണ് പ്രാഥമിക പരിശോധനയില്‍ നിന്ന് വ്യക്തമാകുന്നത്," ഡബ്ല്യുഎച്ച്ഒയുടെ പ്രസ്താവനയില്‍ പറയുന്നു.

"ദക്ഷിണാഫ്രിക്കയിലെ എല്ലാ പ്രവിശ്യകളിലും തന്നെ പുതിയ വകഭേദം വ്യാപിച്ചിട്ടുള്ളതായാണ് തോന്നുന്നത്. മുന്‍പ് സ്ഥിരീകരിച്ച വകഭേദങ്ങളേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നത്. പെട്ടെന്ന് പടരാനുള്ള ശേഷിയും വകഭേദത്തിനുള്ളതായി മനസിലാക്കുന്നു," പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദമായിരുന്നു കോവിഡിന്റെ ഏറ്റവും അപകടകാരിയായ വകഭേദമായി ഇതുവരെ വിലയിരുത്തിയിരുന്നത്. നിലവില്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ ഡെല്‍റ്റ വ്യാപിച്ചു കഴിഞ്ഞു. ഇത് തന്നെയാണ് ഇന്ത്യയിലെ രണ്ടാം തരംഗത്തിന്റേയും നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ രോഗവ്യാപനത്തിന്റെയും കാരണം.

ഡെല്‍റ്റയേക്കാള്‍ അപകടകാരിയാണോ എന്നത് വിലയിരുത്താന്‍ സമയമായിട്ടില്ലെന്നാണ് ശാസ്ത്രജ്ഞന്മാരില്‍ നിന്ന് ഇന്ത്യന്‍ എക്സ്പ്രസ് മനസിലാക്കിയത്. എന്നിരുന്നാലും ജാഗ്രത കടുപ്പിക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ വ്യക്തമാക്കി.

"പുതിയ വകഭേദത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും ലഭ്യമായിട്ടില്ല. മുപ്പതിലധികം ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിവേഗം പടരുമോ, രോഗപ്രതിരോധശേഷി ഇല്ലാതാക്കാന്‍ സാധിക്കുമോ എന്നത് പരിശോധിക്കണം. പക്ഷെ കൃത്യമായ ജാഗ്രത പുലര്‍ത്തണം," വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ പറഞ്ഞു.

പുതിയ വകഭേദത്തിന്റെ വരവ് അപ്രതീക്ഷിതമായിരുന്നില്ലെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷൻ ആന്‍ഡ് റിസര്‍ച്ചിലെ (ഐഐഎസ്ഇആര്‍) പ്രതിരോധശേഷി വിഭാഗത്തിലെ വിനീത ബാല്‍ വ്യക്തമാക്കി. കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തി കേസുകള്‍ അതിവേഗം കണ്ടെത്താനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ വകഭേദം ഏറ്റവും വ്യാപകമായ ദക്ഷിണാഫ്രിക്കയിൽ മതിയായ വാക്സിനുകൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാണിച്ചു. "വാക്സിന്‍ വിതരണത്തിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. ഭാവിയില്‍ ഇതുപോലെയുള്ള സാഹചര്യങ്ങളെ അതിജീവിക്കാന്‍ വാക്സിൻ കൊണ്ട് സാധിക്കും," ഡോ. ബാല്‍ പറഞ്ഞു. അടുത്ത മൂന്ന് ആഴ്ചകള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണെന്ന് വൈറോളജിസ്റ്റ് ഗംഗന്‍ദീപ് കങ് പറഞ്ഞു.

Also Read: ആശങ്ക ഉയർത്തി ബി.1.1.529; പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Covid Vaccine Covid Death Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: