കോവിഡ്-19-ന് കാരണമാകുന്ന കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദമായ ഒമിക്രോൺ (ബി.1.1.529) വകഭേദത്തെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയിരിക്കുകയാണ്. പുതിയ സാഹചര്യം ആശങ്കാജനകമാണെന്നാണ് അവിടത്തെ ഉദ്യോഗസ്ഥർ പറയുന്നത്.
പുതിയ വകഭേദം പല രാജ്യങ്ങളിലേക്കും വ്യാപിക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇവ ആരോഗ്യ സംവിധാനങ്ങളെ പ്രയാസത്തിലാക്കുമെന്നും വാക്സിനുകളുടെ ശേഷിയെ മറികടക്കുമെന്നും സമ്പദ്വ്യവസ്ഥയും അതിർത്തികളും വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ സങ്കീർണമാക്കുമെന്നുമുള്ള ആശങ്കകളുണ്ട്. ഒമിക്രോൺ ഭീഷണി വെള്ളിയാഴ്ച ആഗോള വിപണികളെയെല്ലാം ബാധിച്ചു. പുതിയ വകഭേദത്തെക്കുറിച്ച് ഇതുവരെയുള്ള വിവരങ്ങൾ പരിശോധിക്കാം.
ഒമിക്രോണും മറ്റു വകഭേദങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്?
ബി.1.1.529 എന്ന വകഭേദത്തിന്റെ സ്പൈക്ക് പ്രോട്ടീനിൽ ധാരാളം മ്യൂട്ടേഷനുകൾ വഹിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സ്പൈക്ക് പ്രോട്ടീൻ ശരീരത്തിലെ കോശങ്ങളിലേക്കുള്ള വൈറസിന്റെ പ്രവേശനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. വാക്സിനുകൾ ലക്ഷ്യമിടുന്നതും ഇതിനെയാണ്. പുതിയ വകഭേദം മുമ്പത്തേതിനേക്കാൾ കൂടുതൽ പകരുമോ അല്ലെങ്കിൽ കൂടുതൽ മാരകമാണോ എന്ന് നിർണയിക്കാൻ ഗവേഷകർ ഇപ്പോഴും ശ്രമിക്കുന്നു.
ഒമിക്രോൺ എവിടെനിന്ന് വന്നു?
ഈ വകഭേദത്തിന്റെ ഉദ്ഭവം സംബന്ധിച്ച് ഇതുവരെ ഊഹാപോഹങ്ങൾ മാത്രമാണുള്ളത്. രോഗപ്രതിരോധ ശേഷി കുറഞ്ഞ വ്യക്തിയുടെ, ഒരുപക്ഷേ ചികിത്സിക്കാത്ത എച്ച്ഐവി/എയ്ഡ്സ് രോഗിയുടെ ദീർഘകാല അണുബാധയിൽ ഇത് പരിണമിച്ചതാകാമെന്നാണ് ലണ്ടനിലെ യുസിഎൽ ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ശാസ്ത്രജ്ഞൻ പറഞ്ഞത്.
ദക്ഷിണാഫ്രിക്കയിൽ 8.2 ദശലക്ഷം ആളുകൾ എച്ച്ഐവി ബാധിതരാണ്, ലോകത്തിലെ ഏറ്റവും കൂടുതൽ എച്ച്ഐവി ബാധിതർ. ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ വർഷം തിരിച്ചറിഞ്ഞ ഒരു വകഭേദമായ ബീറ്റയും എച്ച്ഐവി ബാധിതനായ വ്യക്തിയിൽ നിന്നായിരിക്കാം ഉരുത്തിരിഞ്ഞതെന്നു ഗവേഷകർ കരുതുന്നു.
ഒമിക്രോൺ എത്ര വ്യാപകമാണ്?
വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിൽ നൂറോളം കോവിഡ് കേസുകൾ കണ്ടെത്തി, അവയിൽ പുതിയ വകഭേദമാണ് കൂടുതൽ. ജോഹന്നാസ്ബർഗ് ഉൾപ്പെടുന്ന ദക്ഷിണാഫ്രിക്കൻ പ്രവിശ്യയിൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട 1,100 പുതിയ കേസുകളിൽ 90 ശതമാനവും പുതിയ വകഭേദം മൂലമാണെന്ന് ആദ്യ പിസിആർ പരിശോധനാ ഫലങ്ങൾ കാണിക്കുന്നുവെന്ന് രണ്ട് ദക്ഷിണാഫ്രിക്കൻ . സർവകലാശാലകളിൽ ജീൻ സീക്വൻസിങ് സ്ഥാപനങ്ങൾ നടത്തുന്ന ബയോ ഇൻഫോർമാറ്റിക്സ് പ്രൊഫസർ ടുലിയോ ഡി ഒലിവേര പറയുന്നു.
അയൽരാജ്യമായ ബോട്സ്വാനയിൽ, പൂർണമായി വാക്സിനേഷൻ എടുത്ത ആളുകളിൽ തിങ്കളാഴ്ച നാല് കേസുകൾ രേഖപ്പെടുത്തി. ഹോങ്കോങ്ങിൽ, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു യാത്രക്കാരന് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഒരു ഹോട്ടൽ മുറിയിൽ ക്വാറന്റൈൻ ചെയ്ത വ്യക്തിയിൽ മറ്റൊരു കേസ് തിരിച്ചറിഞ്ഞു.
എന്താണ് പ്രതികരണം?
പുതിയ വകഭേദത്തെക്കുറിച്ചുള്ള വാർത്തകൾ വെള്ളിയാഴ്ച വിപണികളെ ബാധിച്ചു. ഏഷ്യൻ വിപണികളിൽ യാത്രയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ഓഹരികൾ ഏറ്റവും വലിയ ഇടിവുണ്ടാക്കി, കാരണം നിക്ഷേപകർ ഇത് യാത്രയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് യുകെ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. സ്ഥിതിഗതികൾ വഷളാകുകയാണെങ്കിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്കായി അതിർത്തി നിയമങ്ങൾ കർശനമാക്കുന്നത് തള്ളിക്കളയില്ലെന്ന് ഓസ്ട്രേലിയ പറഞ്ഞു.
ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പരിശോധന ഇന്ത്യ ശക്തമാക്കി. ചൈനയുടെ കറൻസിയായ യെൻ, സാധാരണയായി സുരക്ഷിതമായി കാണാൻ തുടങ്ങുകയും ഡോളറിനെതിരെ അതിന്റെ മൂല്യം 0.4 ശതമാനം ഉയരുകയും ചെയ്തു. അതേസമയം ദക്ഷിണാഫ്രിക്കൻ റാൻഡ് ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു.
ഒമിക്രോൺ എത്രത്തോളം ആശങ്കാജനകമാണ്?
ഈ വകഭേദം എത്രത്തോളം ആശങ്കാജനകമാണെന്ന് പറയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. പുതിയ വകഭേദത്തിന്റെ 100-ൽ താഴെ മുഴുവൻ ജീനോമിക് സീക്വൻസുകൾ ലഭ്യമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇത് പഠിക്കാൻ എടുക്കുന്ന സമയവും നിലവിലെ വാക്സിനുകൾ ഇതിനെതിരെ എത്രത്തോളം നന്നായി പ്രവർത്തിക്കുന്നു എന്നതും അടക്കമുള്ള വിഷയങ്ങൾ പരിശോധിക്കും. വൈറസുകൾ എല്ലായ്പ്പോഴും പരിവർത്തനം ചെയ്യുന്നു, മാറ്റങ്ങൾ ചിലപ്പോൾ വൈറസിനെ ദുർബലമാക്കുന്നു അല്ലെങ്കിൽ ചിലപ്പോൾ ആന്റിബോഡികളിൽ നിന്ന് ഒഴിഞ്ഞുമാറാനും മനുഷ്യരെ ബാധിക്കാനും അതിനെ കൂടുതൽ സമർത്ഥമാക്കുന്നു.
‘റിസ്ക്’ രാജ്യങ്ങളില്‍നിന്നുള്ളവർക്ക് ഏഴു ദിവസത്തെ ക്വാറന്റൈയുമായി ഇന്ത്യ
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ‘റിസ്ക്’ പട്ടികയിലുള്ള രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെ ഉദ്ദേശിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രസര്‍ക്കാര്‍.
യുകെ ഉള്‍പ്പെടെ യൂറോപ്പിലെ എല്ലാ രാജ്യങ്ങളും കൂടാതെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്വെ, സിംഗപ്പൂര്‍, ഹോങ്കോങ, ഇസ്രായേല്‍ എന്നീ 11 രാജ്യങ്ങളാണു ‘റിസ്ക്’ പട്ടികയിലുള്ളത്. ‘റിസ്ക്’ രാജ്യങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ കാര്യത്തില്‍ അഞ്ച് ഘട്ട നടപടിയാണ് ആരോഗ്യ മന്ത്രാലയം തയാറാക്കിയിരിക്കുന്നത്.
- ‘റിസ്ക്’ രാജ്യങ്ങളില്‍നിന്നും എത്തുന്ന യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനയ്ക്കു വിധേയമാകണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം.
- ‘റിസ്ക്’ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ എത്തിച്ചേരുന്ന സമയത്ത് കോവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കണം. ഫലം ലഭിച്ചുകഴിഞ്ഞാല്‍ മാത്രമേ വിമാനത്താവളത്തില്‍നിന്നു പുറത്തുപോകുകയോ കണക്റ്റിങ് ഫ്ളൈ റ്റില്‍ സഞ്ചരിക്കുകയോ ചെയ്യാവൂ.
- പരിശോധനാഫലം നെഗറ്റീവാണെങ്കിലും ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അടുത്ത ഏഴ് ദിവസം ആരോഗ്യസ്ഥിതി സ്വയം നിരീക്ഷിക്കണം.
- വിമാനത്താവളത്തിലെ പരിശോധനയില്‍ ഫലം പോസിറ്റീവാകുന്ന യാത്രക്കാരുടെ സാമ്പിളുകള്‍ ജീനോം പരിശോധനയ്ക്കായി ഐഎന്‍എസ്എസിഒജി ലബോറട്ടറിയിലേക്ക് അയയ്ക്കണം. ഇത്തരം യാത്രക്കാരെ പ്രത്യേക ഐസൊലേഷന്‍ സൗകര്യത്തിലേക്ക് അയയ്ക്കുകയും സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ചികിത്സിക്കുകയും ചെയ്യണം.
- പോസിറ്റീവ് കേസുകളില്‍ സമ്പര്‍ക്ക ബാധിതരെ കണ്ടെത്തി ഇന്‍സ്റ്റിറ്റ്യൂഷണല്‍ അല്ലെങ്കില്‍ ഹോം ക്വാറന്റൈനിലേക്കും മാറ്റണം. ഇവരെ പ്രോട്ടോക്കോള്‍ അനുസരിച്ച് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കണം.
ഹോം ക്വാറന്റൈനിലോ സ്വയം ആരോഗ്യ നിരീക്ഷണത്തിലോ ഉള്ള യാത്രക്കാരില്‍ രോഗലക്ഷണങ്ങളോ വീണ്ടും പരിശോധന നടത്തുമ്പോള്‍ പോസിറ്റീവാണെന്നോ കണ്ടെത്തിയാല്‍, അവര്‍ ഉടന്‍ തന്നെ സ്വയം ഐസൊലേറ്റ് ചെയ്ത് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Also Read: കുട്ടികളിലെ കോവിഡ് വാക്സിനേഷൻ പുതിയ വകഭേദങ്ങളെ തടയും, കാരണങ്ങൾ ഇവയാണ്