/indian-express-malayalam/media/media_files/uploads/2023/01/narendra-modi-1.jpg)
അഹമ്മദാബാദ്: വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോള്‍ വിഘടന ശക്തികള്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നടന്ന 'സൗരാഷ്ട്ര-തമിഴ് സംഗമം' പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
“നാം വൈവിധ്യത്തില്‍ സന്തോഷിക്കുന്നു. വ്യത്യസ്ത ഭാഷകളും വൈദഗ്ധ്യവും നമ്മള്‍ ആഘോഷിക്കുന്നു. നമ്മുടെ വിശ്വാസങ്ങളിൽ വൈവിധ്യമുണ്ട്. ഈ വൈവിധ്യം നമ്മെ ഭിന്നിപ്പിക്കുന്നില്ല, മറിച്ച് അത് നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.
"2047-ല്‍ വികസിത രാഷ്ട്രമാകുക എന്ന ലക്ഷ്യം പൂര്‍ത്തികരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും നമുക്ക് വെല്ലുവിളികളെ നേരിടേണ്ടതായി വന്നിട്ടുണ്ട്. രാജ്യത്തെ ഇനി നമുക്ക് മുന്നോട്ട് നയിക്കേണ്ടതുണ്ട്. വിഘടന ശക്തികളേയും ഭിന്നിപ്പിക്കുന്നവരേയും നാം നേരിടും. ദുഷ്കരമായ സാഹചര്യത്തിലും നേട്ടങ്ങളുണ്ടാക്കാനുള്ള ശക്തി ഇന്ത്യക്കുണ്ട്," പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയുടെ ചരിത്രത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ മറച്ചു വച്ചിരിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. “നമ്മുടെ പൈതൃകത്തെക്കുറിച്ച് അറിയുകയും അടിമത്ത്വത്തില്‍ നിന്ന് സ്വയം മോചിതരാകുകയും ചെയ്യുമ്പോൾ മാത്രമേ നമുക്ക് നമ്മുടെ പൈതൃകത്തെക്കുറിച്ച് കൂടുതൽ അഭിമാനം തോന്നുകയുള്ളൂ. അത് കാശി-തമിഴ് സംഗമമോ സൗരാഷ്ട്ര-തമിഴ് സംഗമമോ ആകട്ടെ, ഈ പരിപാടികൾ ഇതിന് പ്രോത്സാഹനമായി മാറുകയാണ്," പ്രധാനമന്ത്രി പറയുന്നു.
"ഗുജറാത്തും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളിൽ പലതും നമ്മുടെ അറിവിൽ നിന്ന് ബോധപൂർവം മറച്ചുവക്കപ്പെട്ടു. വിദേശ അധിനിവേശത്തിൽ തമിഴ്നാട്ടിലേക്ക് കുടിയേറിയ സൗരാഷ്ട്ര സ്വദേശികളെക്കുറഇച്ചുള്ള വിവരങ്ങൾ ഏതാനും ചരിത്രകാരന്മാരിൽ ഒതുങ്ങി. പക്ഷേ, ഈ രണ്ട് സംസ്ഥാനങ്ങളും പുരാതന കാലം മുതൽ ബന്ധിപ്പിച്ചിരുന്നു," അദ്ദേഹം ചൂണ്ടിക്കാണിച്ചു.
“ഇന്ത്യയില്‍ വിദേശ അധിനിവേശം ആരംഭിച്ചപ്പോൾ, രാജ്യത്തിന്റെ സംസ്കാരത്തിന് നേരെയുള്ള ആക്രമണം സോമനാഥ് ക്ഷേത്രത്തിനെതിരായ ആക്രമണത്തിന്റെ രൂപത്തിൽ വന്നു. അക്കാലത്ത് ആധുനിക മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിവരസാങ്കേതികവിദ്യയുടെ കാലമായിരുന്നില്ല അത്. വേഗത്തിൽ ഓടുന്ന ട്രെയിനുകളോ വിമാനങ്ങളോ ഉണ്ടായിരുന്നില്ല. പക്ഷേ, നമ്മുടെ രാജ്യം ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ വ്യാപിച്ചുകിടക്കുന്നുണ്ടെന്ന് നമ്മുടെ പൂർവികർക്ക് അറിയാമായിരുന്നു," മോദി പറയുന്നു.
"അതിനാൽ, അവർ പുതിയ ചുറ്റുപാടുകളോടും ഭാഷകളോടും ആളുകളോടും എങ്ങനെ പൊരുത്തപ്പെടും എന്നതിനെക്കുറിച്ച് ആശങ്കപ്പെട്ടില്ല. തങ്ങളുടെ വിശ്വാസങ്ങളും വ്യക്തിത്വവും സംരക്ഷിക്കുന്നതിനായി അവർ സൗരാഷ്ട്രയിൽ നിന്ന് തമിഴ്നാട്ടിലേക്ക് കുടിയേറി. തമിഴ്നാട്ടിലെ ജനങ്ങൾ അവരെ സ്വാഗതം ചെയ്യുകയും പുതിയ ജീവിതം ആരംഭിക്കാൻ അവരെ പിന്തുണയ്ക്കുകയും ചെയ്തു. ‘ഏക്ക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്നതിന് ഇതിലും നല്ല ഉദാഹരണം മറ്റെന്തുണ്ട്?," പ്രധാനമന്ത്രി മോദി ചോദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us