/indian-express-malayalam/media/media_files/uploads/2018/09/sreesanth-2.jpg)
മുംബൈ: ബിജെപിക്കു വേണ്ടി ഇനിയും രാഷ്ട്രീയത്തില്‍ തുടരുമെന്നു വ്യക്തമാക്കി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ശശി തരൂരിനെ തോല്‍പ്പിക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞു. ക്രിക്കറ്റിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ശ്രീശാന്ത് അഭിമുഖത്തില്‍ സംസാരിച്ചു.
ഞാൻ ശശി തരൂരിന്റെ വലിയ ആരാധകനാണ്. എങ്കിലും തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തോല്‍പ്പിക്കും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും ശ്രീശാന്ത് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
Read Also: ശ്രീശാന്ത് ദ്രാവിഡിനെ പരസ്യമായി അപമാനിച്ചിരുന്നു; വാതുവെപ്പില്‍ പുതിയ ആരോപണം
ഐപിഎല്ലിലെ ഒത്തുകളി കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിഞ്ഞിരുന്ന നാളുകള്‍ ദുസ്സഹമായിരുന്നെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ഒത്തുകളി നടത്തിയിട്ടില്ലെന്ന് ശ്രീശാന്ത് ആവര്‍ത്തിച്ചു. നൂറ് കോടി രൂപ ലഭിച്ചാല്‍ പോലും താന്‍ അതു ചെയ്യില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
"ശാരീരികമായും മാനസികമായും വൈകാരികപരമായും തളര്‍ന്നുപോയ നാളുകളാണ് അത്. ജയിലിലായിരുന്ന നാളുകളിൽ പുലര്‍ച്ചെ രണ്ടരയ്‌ക്കൊക്കെ ഉറക്കത്തില്‍നിന്ന് വിളിച്ചുണർത്തി പൊലീസ് ഉദ്യോഗസ്ഥര്‍ എന്നെ ചോദ്യം ചെയ്യാറുണ്ട്. മാനസികമായി ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ട നാളുകളാണ് അത്," ശ്രീശാന്ത് പറഞ്ഞു.
Read Also: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വർഷമായി കുറച്ചു, അടുത്ത വർഷം കളിക്കാം
മാനസിക സമ്മർദത്തിൽനിന്നു പുറത്തുകടക്കാന്‍ എന്നെ സഹായിച്ചത് സംഗീതമാണ്. പലപ്പോഴും മാനസികമായി തളർന്നു. സഹോദരി ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണനാണ് പാട്ടു കേള്‍ക്കാന്‍ പറഞ്ഞത്. അതുവഴിയാണ് മാനസിക സമ്മര്‍ദത്തിൽനിന്നു പുറത്തുകടന്നതെന്നും ശ്രീശാന്ത് പറഞ്ഞു.
"ജയിലിനകത്ത് രാത്രി വെളിച്ചം അണയ്ക്കാറില്ല. അതിനാൽ ഉറങ്ങാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. പല രാത്രികളിലും നന്നായി ഉറങ്ങാന്‍ സാധിച്ചില്ല. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളായിരുന്നു അത്. പലപ്പോഴും ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു. പിന്നീട് സ്വയം ആ ചിന്തയില്‍നിന്നു പുറത്തുകടന്നു. ദൈവത്തെ പോലൊരു ശക്തിയാണ് അതില്‍നിന്നു എന്നെ പിന്തിരിപ്പിച്ചത്. കഴിഞ്ഞ ആറു വര്‍ഷമായി ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചു," ശ്രീശാന്ത് പറഞ്ഞു.
എങ്ങനെയാണ് ഇതെല്ലാം സംഭവിച്ചതെന്നു ഞാന്‍ സ്വയം ചോദിക്കാറുണ്ട്. എന്തുകൊണ്ടു ഞാന്‍ ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തി? അതിനുമാത്രം എന്തു തെറ്റാണ് ഞാന്‍ ചെയ്തത്? ഇത്തരം ചോദ്യങ്ങളെല്ലാം സ്വയം ചോദിക്കാറുണ്ട്. പൂർവ ജന്മത്തില്‍ ചെയ്ത എന്തെങ്കിലും കാര്യമാകാം ഈ വേദനയ്‌ക്കൊക്കെ കാരണമെന്നു ചിന്തിക്കാറുണ്ടെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ പറഞ്ഞു.
Read Also: Horoscope of the Week (Sept 29-Oct 6, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
"ജയിലില്‍ വച്ച് ഒരു പാട്ട് എഴുതി സംഗീതം നൽകി. റോഷ്‌ണി എന്നാണ് പാട്ടിന്റെ പേര്. ഞാന്‍ രചിച്ച് ഈണം നല്‍കിയ പാട്ട് സഹോദരി ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്‍ ആലപിക്കും" ശ്രീശാന്ത് പറഞ്ഞു.
"ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഏഴു വര്‍ഷമെടുത്തു. ഒത്തുകളി ആരോപണം നേരിട്ടവരും ഒത്തുകളിച്ചവരും ഇന്നും ക്രിക്കറ്റിലുണ്ട്. എനിക്ക് അവരുടെ പേരുകളെല്ലാം തെളിവു സഹിതം വെളിപ്പെടുത്താന്‍ സാധിക്കും. ഞാന്‍ നേരിട്ട മാനസിക സംഘർഷത്തിലൂടെ അവര്‍ക്കു കടന്നുപോകാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല" ശ്രീശാന്ത് പറഞ്ഞു.
"ജീവിതത്തില്‍ ഇപ്പോള്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. എനിക്കിപ്പോള്‍ ജീവിതത്തെ കൃത്യമായി നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ട്. സംഗീതത്തില്‍നിന്നും സിനിമയില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും നല്ലതു മാത്രമാണ് സംഭവിക്കുന്നത്. എല്ലാവരോടും നന്ദി മാത്രമാണ് എനിക്ക് പറയാനുള്ളത്. നാല് വയസുളള മകള്‍ക്കും രണ്ടു വയസുള്ള മകനും അടുത്ത വര്‍ഷം ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ ഭാഗ്യം ലഭിക്കും. ജീവിതത്തില്‍ പരാജയപ്പെട്ടവരോട് ഒരൊറ്റ കാര്യമേ പറയാനുള്ളൂ. സ്വന്തം കഴിവില്‍ യാതൊരു സംശയവും വേണ്ട. നരക ജീവിതത്തില്‍നിന്നു ശ്രീശാന്തിന് തിരിച്ചുവരാന്‍ സാധിച്ചെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും. ഞാന്‍ നിങ്ങള്‍ക്കൊരു പ്രചോദനമായിരിക്കും" ശ്രീശാന്ത് പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.