/indian-express-malayalam/media/media_files/uploads/2020/02/modi-trump.jpg)
ന്യൂഡൽഹി: ഇന്ത്യാ സന്ദർശന വേളയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾട് ട്രംപ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പ്രകടിപ്പിക്കുമെന്നും മോദിയുമായി മതസ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
“ജനാധിപത്യത്തെയും മതസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് പ്രസിഡന്റ് ട്രംപ് തന്റെ പൊതുയോഗങ്ങളിലും പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാത്രമായും സംസാരിക്കും. അദ്ദേഹം ഈ വിഷയങ്ങൾ ഉന്നയിക്കും. പ്രത്യേകിച്ചും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. കാരണം അത് ഭരണത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്,” വൈറ്റ്ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച ഒരു കോൺഫറൻസ് കോളിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വ്യാപകമായ പ്രതിഷേധത്തിന് കാരണമായ പൗരത്വ ഭേദഗതി നിയമത്തെയും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനെയും (എൻആർസി) കുറിച്ച് ചോദിച്ചപ്പോൾ, “നിങ്ങൾ ഉന്നയിച്ച ചില പ്രശ്നങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്” എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read More: ഇന്ത്യയുമായി വ്യാപാരം ചർച്ച ചെയ്യും, സ്വീകരിക്കാൻ ഒരു കോടിയോളം ആളുകൾ എത്തും: ഡോണൾഡ് ട്രംപ്
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും ജനാധിപത്യ പാരമ്പര്യങ്ങൾ, മതന്യൂനപക്ഷങ്ങളോടുള്ള ആദരവ് എന്നിവ നിലനിർത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ലോകം ഉറ്റു നോക്കുന്നുണ്ടെന്ന് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളെക്കൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് വിജയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചതിനെ കുറിച്ചും ഉദ്യോഗസ്ഥൻ പരാമർശിച്ചു.
"പ്രധാനമന്ത്രി മോദി കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തുന്നതിന് എത്തരത്തിലാണ് മുൻഗണന നൽകുന്നത് എന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. നിയമവാഴ്ചയിൽ എല്ലാവർക്കും മതസ്വാതന്ത്ര്യവും തുല്യ പരിഗണനയും കാത്തുസൂക്ഷിക്കക്കുന്നതിൽ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു, ”ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളോടും വ്യവസ്ഥകളോടും യുഎസിന് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ, “ഞങ്ങളുടെ സാർവത്രിക മൂല്യങ്ങളായ നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നതിൽ ഞങ്ങൾക്ക് ഈ പ്രതിബദ്ധതയുണ്ട്. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളോടും വ്യവസ്ഥകളോടും ഞങ്ങൾക്ക് വലിയ ബഹുമാനമുണ്ട്, ആ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ ഇന്ത്യയെ തുടർന്നും പ്രോത്സാഹിപ്പിക്കും.”
"മതസ്വാതന്ത്ര്യം, മതന്യൂനപക്ഷങ്ങളോടുള്ള ബഹുമാനം, എല്ലാ മതങ്ങൾക്കും തുല്യത എന്നിവ ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. അതിനാൽ ഈ വിഷയങ്ങൾ പ്രസിഡന്റ് ഉന്നയിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്."
ഇന്ത്യക്ക് ശക്തമായ ജനാധിപത്യ അടിത്തറയുണ്ടെന്നും മതപരവും ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളാൽ സമ്പന്നമാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us