/indian-express-malayalam/media/media_files/uploads/2023/01/Anjali-Delhi-FI.jpg)
ന്യൂഡല്‍ഹി: വര്‍ഷത്തില്‍ ഏറ്റവും ശക്തമായ പൊലീസ് പട്രോളിങ്ങുള്ള ദിവസം. 18,000 പൊലീസുകാരാണ് ഡല്‍ഹിയിലെ തെരുവുകളില്‍ സുരക്ഷയ്ക്കാണി അണിനിരന്നത്. എന്നിട്ടും കാറിടിച്ച് കൊലപ്പെടുത്തിയ ഇരുപതുകാരിയായ അഞ്ജലി സിങ്ങിന്റെ മൃതദേഹം കണ്ടെത്താന്‍ ആവശ്യമായത് രണ്ട് നീണ്ട മണിക്കൂറുകളായിരുന്നു. ഇതിനിടയില്‍ മൃതദേഹം ഔട്ടർ ഡൽഹിയിലെ സുൽത്താൻപുരിക്കും കാഞ്ജവാലയ്ക്കും ഇടയിൽ 10 കിലോമീറ്ററിലധികം വലിച്ചിഴച്ചു.
അഞ്ജലിയുടെ മൃതദേഹം അഞ്ച് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിനടയിലായാണ് വലിച്ചിഴയ്ക്കപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
/indian-express-malayalam/media/media_files/uploads/2023/01/image.png)
ഭയങ്കരമായ കാഴ്ചയായിരുന്നു. ബഹളം കേട്ട് ഞാന്‍ കടയുടെ പുറത്തെത്തിയപ്പോഴാണ് മൃതദേഹം കാറിനടയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതായി കാണുന്നത്. ഞാന്‍ ഉറക്കെ ആക്രോശിച്ചെങ്കിലും ആരുമത് കേട്ടില്ല. ഞാന്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചതിന് ശേഷം പിന്നാലെ പോയി. പക്ഷെ അവര്‍ വാഹനത്തിനുള്ളില്‍ പാട്ട് വച്ചിരുന്നതിനാല്‍ ഒന്നും കേട്ടില്ല, ദൃക്‌സാക്ഷികളിലൊരാളായ ദീപക് ദഹിയ പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് കോളുകളാണ് ലഭിച്ചതെന്ന് സ്പെഷ്യല്‍ പൊലീസ് കമ്മിഷണര്‍ (ലൊ ആന്‍ഡ് ഓര്‍ഡര്‍) സാഗര്‍ പ്രീത് ഹൂഡ പറഞ്ഞു.
എന്നാല്‍ അഞ്ച് കോളുകള്‍ ലഭിച്ചതായാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ആദ്യ കോള്‍ വരുന്നത് പുലര്‍ച്ചെ രണ്ടരയോടെയാണ്. രോഹിണി ജില്ലയിലെ പൊലീസിനാണ് കോള്‍ ലഭിച്ചത്. അപകടം സംഭവിച്ചുവെന്ന വിവരമാണ് വിളിച്ചയാണ് കൈമാറിയത്.
"ഉദ്യോഗസ്ഥര്‍ ശ്രമിച്ചു, പക്ഷെ കാര്‍ കണ്ടെത്താനായില്ല. അപകടത്തില്‍പ്പെട്ട സ്ത്രീയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു," ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
3.20-നായിരുന്നു രണ്ടാമത്തെ കോള്‍. അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ കണ്ടെത്തിയെന്ന് പട്രോളിങ് സ്റ്റാഫാണ് വിളിച്ചറിയിച്ചത്. 3.56-ന് ഇക്കാര്യം ഡയറിയില്‍ ചേര്‍ത്തെങ്കിലും സ്കൂട്ടര്‍ ഓടിച്ചയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്നരയ്ക്കാണ് ദീപക് ദഹിയയുടെ കോള്‍ ലഭിക്കുന്നത്.
"മൃതദേഹം വലിച്ചിഴയ്ക്കപ്പെടുന്ന കാര്യം അറിഞ്ഞതോടെ ഞങ്ങള്‍ അതിവേഗം നടപടികള്‍ സ്വീകരിച്ചു. പക്ഷെ കുറ്റവാളികള്‍ കടന്നു കളഞ്ഞു. മൃതദേഹം കണ്ടെത്താനായില്ല. 4.15-ന് ടെ മൃതദേഹവുമായി ബന്ധപ്പെട്ട് വീണ്ടും ഫോൺ വന്നു. കാഞ്ജവാല ജൗന്തി ഗ്രാമത്തിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്," ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
പുതുവത്സരദിനത്തില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ജലി സിങ്ങിനെ ഇടിച്ചിട്ട കാര്‍, തുടര്‍ന്ന് സുല്‍ത്താന്‍പുരിയില്‍ നിന്നു കാഞ്ജവാലയിലേക്കു മൃതദേഹം വലിച്ചിഴച്ചു. വസ്ത്രം കീറിപ്പറഞ്ഞ നിലയിലാണു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും അശ്രദ്ധമൂലം മരണത്തിനു കാരണമായതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ അഞ്ച് പ്രതികളെ ഡല്‍ഹി കോടതി മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
അഞ്ച് പ്രതികളും - ഗ്രാമീൺ സേവ ഓട്ടോ ഓടിക്കുന്ന ദീപക് ഖന്ന (26), ഉത്തം നഗറിലെ ബാങ്കിൽ ജോലി ചെയ്യുന്ന അമിത് ഖന്ന (25), കൊണാട്ട് പ്ലേസിലെ സ്പാനിഷ് കൾച്ചർ സെന്ററിൽ ജോലി ചെയ്തിരുന്ന കൃഷൻ (27), സലൂണില്‍ ജോലി ചെയ്യുന്ന മിഥുൻ (26), സുൽത്താൻപുരിയിലെ ബിജെപി പ്രവർത്തകൻ മനോജ് മിത്തൽ (27) എന്നിവരാണ് അറസ്റ്റിലായത്. ദീപക്കായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും എഫ്‌ഐആറിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.