തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യയുടെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞ് വിശ്വസിപ്പിച്ചെന്നും നയനയുടെ ശരീരത്തിലെ പരുക്കുകളുടെ കാര്യം മറച്ചുവച്ചെന്നും കുടുംബം ആരോപിച്ചു. കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവും കുടുംബം ഉന്നയിച്ചിട്ടുണ്ട്.
കൊലപാതക സംശയം കുടുംബം തന്നെ ഉന്നയിച്ചതോടെ പുനരന്വേഷണത്തിന്റെ സാധ്യതകള്‍ തെളിഞ്ഞിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വീണ്ടും പരിശോധിക്കാന്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കാര്യങ്ങളാണ് ഇപ്പോള്‍ കുടുംബത്തെ കൊലപാതകമെന്ന സംശയത്തിലേക്ക് നയിച്ചത്.
കഴുത്തിനേറ്റ ക്ഷതമാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കൂടാതെ ശരീരഭാഗങ്ങളില്‍ പരുക്കുകളുമേറ്റിട്ടുണ്ട്.
അടിവയറ്റിന്റെ ഇടതു ഭാഗത്ത് ചവിട്ടേറ്റതുപോലുള്ള ക്ഷതമുണ്ട്. ഇതിന്റെ ആഘാതത്തില്‍ ആന്തരിക രക്തസ്രാവം സംഭവിച്ചു. പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളിലാണ് രക്തസ്രാവം ഉണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം പൊലീസ് മറച്ചുവച്ചെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
തിരുവനന്തപുരം മ്യൂസിയം പൊലീസായിരുന്നു കേസ് അന്വേഷിച്ചത്. നയനയ്ക്ക് പ്രമേഹമുണ്ടായിരുന്നതിനാല്‍ കുഴഞ്ഞുവീണ് മരിച്ചതാകാം എന്നായിരുന്നു പൊലീസ് നിഗമനം.
2019 ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തെ വാടക വീട്ടില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസെടുത്ത്. ശരീരത്തിലെ മുറിവുകള്‍ പൊലീസ് കാര്യമാക്കിയില്ലെന്നാണ് നയനയുടെ സുഹൃത്തുക്കളും പറയുന്നത്.