/indian-express-malayalam/media/media_files/uploads/2019/04/modi-9.jpg)
ന്യൂഡല്‍ഹി: മുന്‍പ് അസാധ്യമായിരുന്ന കാര്യങ്ങളെല്ലാം ഇപ്പോള്‍ സാധ്യമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഇച്ഛാശക്തിക്ക് നന്ദി പറയണമെന്നും മോദി ഡല്‍ഹിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലഘട്ടത്തിലും ജനങ്ങള്‍ ഐപിഎല്‍ മത്സരങ്ങള്‍ കാണുന്നു, റംസാനും ഹോളിയും ആഘോഷിക്കുന്നു. ഈ സമയത്ത് തന്നെ രാജ്യം ഫോനി ചുഴലിക്കാറ്റിനെ നേരിട്ടു. അസാധ്യമായ കാര്യങ്ങളെല്ലാം ഇപ്പോള്‍ സാധ്യമായിരിക്കുകയാണെന്ന് മോദി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിച്ചു.
ഭീകരവാദികളുടെ കേന്ദ്രങ്ങളില്‍ കയറി ആക്രമിക്കാന്‍ പുതിയ ഇന്ത്യയ്ക്ക് സാധിച്ചു. പുതിയ ഇന്ത്യ സമ്മര്‍ദങ്ങളില്‍ പതറില്ല. ആരെയും അങ്ങോട്ട് ചെന്ന് പ്രകോപിപ്പിക്കുന്നില്ല. എന്നാല്‍, ആരെങ്കിലും ഇങ്ങോട്ട് പ്രകോപിപ്പിക്കാന്‍ വന്നാല്‍ അവര്‍ രക്ഷപ്പെടില്ല എന്നും മോദി പറഞ്ഞു.
രാജീവ് ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനമുന്നയിച്ചു. ദേശസുരക്ഷ ബലി കഴിക്കുന്ന നടപടിയാണ് രാജീവ് ഗാന്ധി ചെയ്തതെന്ന് മോദി കുറ്റപ്പെടുത്തി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഐഎന്‍എസ് വിരാടിനെ കുടുംബത്തിന് അവധി ആഘോഷിക്കാന്‍ വിട്ടു നല്‍കിയെന്ന് മോദി ആരോപിച്ചു. യുദ്ധോപകരണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദേശസുരക്ഷ ബലികഴിക്കുന്നതിന് തുല്യമല്ലേ എന്ന് മോദി ചോദിച്ചു. രാജീവ് ഗാന്ധി ആയതുകൊണ്ട് ജനങ്ങളൊന്നും അതിനെ ചോദ്യം ചെയ്തില്ല. ഒരു കുടുംബത്തെ മാത്രം ആനന്ദിപ്പിക്കുന്നതിലും ആ കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ മാത്രം നിറവേറ്റുന്നതിനും മാത്രമായിരുന്നു രാജ്യത്തെ ഭരണസംവിധാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read More: രാജീവ് ഗാന്ധിയെക്കുറിച്ച് ഞാന്‍ പറഞ്ഞത് സത്യം മാത്രം: പ്രധാനമന്ത്രി നരേന്ദ്ര മോദി
നേരത്തെയും രാജീവ് ഗാന്ധിക്കെതിരെ മോദി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ കൂടുതലും ഗാന്ധി - നെഹ്റു കുടുംബത്തെ കടന്നാക്രമിക്കുകയാണ് മോദി ചെയ്തത്. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദി രാജീവ് ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. ‘മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു സേവകര്‍ നിങ്ങളുടെ പിതാവിനെ വിളിച്ചിരുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്ന പേരിലാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്,’ രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.
തന്റെ അച്ഛനെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വിദ്വേഷമില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ‘നരേന്ദ്ര മോദി ഒരു രക്തസാക്ഷിയെ (രാജിവ് ഗാന്ധി) ആണ് അപമാനിച്ചത്. അദ്ദേഹം എന്റെ കുടുംബത്തോട് എത്രയൊക്കെ വിദ്വേഷം കാണിച്ചാലും എനിക്ക് അദ്ദേഹത്തോട് സ്നേഹം മാത്രമേ ഉളളൂ,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.