ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ‘നമ്പര്‍ വണ്‍ അഴിമതിക്കാരന്’ എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാവ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തന്റെ ചോര കൊണ്ട് എഴുതിയ കത്താണ് അമേഠിയില്‍ നിന്നുളള യുവാവ് കമ്മീഷന് അയച്ചത്. ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമര്‍ശം തന്നെ വേദനിപ്പിച്ചുവെന്നും കാണിച്ച് മനോജ് കശ്യപ് എന്നയാളാണ് കത്തയച്ചത്.
Read: രാജീവ് ഗാന്ധിയെക്കുറിച്ച് ഞാന്‍ പറഞ്ഞത് സത്യം മാത്രം: പ്രധാനമന്ത്രി നരേന്ദ്ര മോദി
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയെ പോലും പ്രശംസിച്ച രാജീവ് ഗാന്ധിയെ ആണ് മോദി അവഹേളിച്ചതെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രാജീവ് ഗാന്ധി ജനങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്നുണ്ടെന്നും പരാമര്‍ശം നടത്തിയ മോദിക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.
स्वर्गीय राजीव गाँधी जी के मोदी के अपमान जनक टिप्पणी पर अमेठी के इस नवजवान ने निर्वाचन आयोग को चुनाव सम्पन्न होने के बाद खून से लिखा पत्र। pic.twitter.com/tEHTLZ1oRN
— Deepak Singh (@DeepakSinghINC) May 7, 2019
അതേസമയം, രാജീവ് ഗാന്ധിക്കെതിരെ ഒരു യാഥാർഥ്യം മാത്രമാണ് താന്‍ പറഞ്ഞതെന്നാണ് മോദി പറഞ്ഞത്. ‘കോണ്‍ഗ്രസിന് എന്തിനാണ് ഇത്ര പൊളളുന്നത്. നിലവിലത്തെ പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ചീത്ത പറയുമ്പോഴും അദ്ദേഹത്തിന്റെ കുടുംബത്തിലെ ദാരിദ്ര്യത്തെ കളിയാക്കുമ്പോഴും കോണ്‍ഗ്രസ് അതിനെ അഭിനന്ദിക്കുന്നു. പക്ഷെ ഞാന്‍ എന്തെങ്കിലും അദ്ദേഹത്തിന്റെ (രാഹുലിന്റെ) അച്ഛനെ കുറിച്ച് പറഞ്ഞാല്‍ കോണ്‍ഗ്രസിന് സഹിക്കുന്നില്ല,’ മോദി പറഞ്ഞു.
തന്റെ അച്ഛനെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വിദ്വേഷമില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ‘നരേന്ദ്ര മോദി ഒരു രക്തസാക്ഷിയെ (രാജിവ് ഗാന്ധി) ആണ് അപമാനിച്ചത്. അദ്ദേഹം എന്റെ കുടുംബത്തോട് എത്രയൊക്കെ വിദ്വേഷം കാണിച്ചാലും എനിക്ക് അദ്ദേഹത്തോട് സ്നേഹം മാത്രമേ ഉളളൂ,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുലിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയും ആയ രാജീവ് ഗാന്ധിക്കെതിരെ മോദി കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘ഒന്നാം നമ്പര്‍ അഴിമതിക്കാരന്’ ആയിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു മോദി പറഞ്ഞത്. വിധി നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഇതിനോട് രാഹുല്‍ പ്രതികരിച്ചത്.
‘മോദിജി, യുദ്ധം അവസാനിച്ചു. നിങ്ങളുടെ കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ചുളള ചിന്ത എന്റെ അച്ഛന്റെ മേല്‍ പ്രയോഗിക്കുന്നത് നിങ്ങള്‍ക്ക് രക്ഷ നല്‍കില്ല. സ്നേഹത്തോടേയും ആലിംഗനത്തോടേയും, രാഹുല്‍,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദി രാജീവ് ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. ‘മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു സേവകര്‍ നിങ്ങളുടെ പിതാവിനെ വിളിച്ചിരുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരന് എന്ന പേരിലാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്,’ രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.