/indian-express-malayalam/media/media_files/uploads/2019/03/satellite-1-2.jpg)
ഉപഗ്രഹവേധ മിസൈല്‍ ബഹിരാകശത്തേക്ക് വിജയകരമായി വിക്ഷേപിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ എന്നാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
നിലവില്‍ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ ഈ സംവിധാനം ഉള്ളൂ. ഈ ശ്രേണിയിലേക്കാണ് ഇന്ത്യയും ഉയര്‍ന്നിരിക്കുന്നത്. പരീക്ഷണം നടത്തിയിട്ടില്ലെങ്കിലും തങ്ങള്‍ക്കും ഉപഗ്രഹവേധ മിസൈല്‍ ഉണ്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.
'കുറച്ചു സമയം മുമ്പ്, നമ്മുടെ ശാസ്ത്രജ്ഞര്‍ ഭൗമോപരിതലത്തില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ ഒരു ഉപഗ്രഹം തത്സമയ ഉപഗ്രഹം വിക്ഷേപിച്ചു. ഇത് എ-എസ്എടി(A-SAT) ഉപയോഗിച്ച് താഴെ വീഴ്ത്താൻ വേണ്ടിത്തന്നെ ചെയ്തതായിരുന്നു. മൂന്ന് മിനുട്ടിനുള്ളില്‍ അത് ലക്ഷ്യം പൂര്‍ത്തിയാക്കി. വളരെ ഉയര്‍ന്ന നിലവാരമുള്ള സാങ്കേതിക ശേഷി ആവശ്യമായ അത്യധികം പ്രയാസകരമായി ഒന്നായിരുന്നു മിഷന്‍ ശക്തി,' പ്രധാനമന്ത്രി പറഞ്ഞു.
Read More: ബഹിരാകാശ രംഗത്ത് ഇന്ത്യ സുപ്രധാന നേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി
രാജ്യങ്ങള്‍ ഗതിനിയന്ത്രണത്തിനായും, ആശയവിനിമയത്തിനായും ആയുധ നിര്‍മ്മാണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായും ഉപഗ്രഹങ്ങളെ ഉപയോഗിക്കുന്നു. ശത്രുരാജ്യങ്ങളുടെ മിസൈലുകളെ താഴെ വീഴ്ത്താനും അതുവഴി അവരുടെ രാജ്യത്തെ ആയുധ ശേഖരത്തെ പോലും നിർവീര്യമാക്കാനുള്ള കഴിവുണ്ട്.
അമേരിക്കയും അന്നത്തെ സോവിയറ്റ് യൂണിയനും 1970ല്‍ ശീത യുദ്ധത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു രാജ്യവും സംഘട്ടന ഘട്ടത്തിലോ അബദ്ധത്തിലോ പോലും മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹം താഴെ വീഴ്ത്തിയിട്ടില്ല.
പരീക്ഷണ സമയത്ത്, രാജ്യങ്ങള്‍ സ്വന്തം ഉപഗ്രഹങ്ങളെ തന്നെയാണ് ലക്ഷ്യമിടുന്നത്. അവ ഇപ്പോള്‍ ഉപയോഗശൂന്യമായതും എന്നാല്‍ ബഹിരാകാശത്തു തന്നെ തുടരുന്നവയുമായിരിക്കും. പരീക്ഷണത്തിനായി ഇന്ത്യയുടെ ഉപഗ്രഹം ഉപയോഗിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഏത് ഉപഗ്രഹമാണ് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ഉപഗ്രഹ വിരുദ്ധ പരീക്ഷണങ്ങള്‍ അത്യധികം വിവാദപരവും ഇവ ബഹിരാകാശത്തെ ആയുധവത്കരണത്തിലേക്ക് നയിക്കുന്നവയുമാണെന്നതിനാല്‍ 1967ലെ ബഹിരാകാശ ഉടമ്പടി പ്രകാരം ഇത് നിരോധിച്ചിട്ടുണ്ട്. അതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഈ പരീക്ഷണം ഇന്ത്യയുടെ പ്രതിരോധ നീക്കമാണെന്നും ബഹിരാകാശത്തെ അടിസ്ഥാനസൗകര്യങ്ങളെ കൂടുതല്‍ സുരക്ഷിതമാക്കാനാണെന്നുമാണ് മോദി പറഞ്ഞത്.
'ഇന്ന് നാം ബഹിരാകാശവും ഉപഗ്രഹങ്ങളും എല്ലാ തരം ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. കൃഷി, പ്രതിരോധം, ദുരന്തനിവാരണം, ആശയവിനിമയം, വിനോദം, കാലാവസ്ഥ, ഗതിനിയന്ത്രണം, വിദ്യാഭ്യാസം, വൈദ്യമേഖലയിലെ ആവശ്യങ്ങള്‍ ഉള്‍പ്പെടെ മറ്റഉ പല ആവശ്യങ്ങളും ഇതില്‍ വരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ ഉപഗ്രഹങ്ങളുടെയെല്ലാം സുരക്ഷ എന്നത് വളരെ പ്രധാനമാണ്,' മോദി പറഞ്ഞു.
'ഞങ്ങള്‍ കൈവരിച്ച ഈ നേട്ടം ആരെയും ലക്ഷ്യം വച്ചുകൊണ്ടല്ല എന്ന് ഞാന്‍ രാജ്യാന്തര സമൂഹത്തിന് ഉറപ്പു നല്‍കുന്നു. അതിവേഗം പുരോഗമിക്കുന്ന ഇന്ത്യയുടെ ഒരു പ്രതിരോധ നടപടിയാണിത്. ബഹിരാകാശത്തെ ആയുധവത്കരണത്തിന് ഇന്ത്യ എല്ലാകാലത്തും എതിരാണ്. ഇന്നത്തെ പരീക്ഷണം അതിന് ഒരു മാറ്റവും വരുത്തില്ല. ഇന്നത്തെ പരീക്ഷണം അന്താരാഷ്ട്ര നിയമങ്ങളോ ഉടമ്പടിയോ ലംഘിക്കുന്നില്ല. 130 കോടി ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഞങ്ങള്‍ ആധുനിക സാങ്കേതിക വിദ്യ മാത്രമേ ഉപയോഗിക്കൂ. ഈ മേഖലയുടെ സുരക്ഷയ്ക്കായി ശക്തമായ ഒരു ഇന്ത്യയാണ് ആവശ്യം. യുദ്ധ പരിസ്ഥിതി സൃഷ്ടിക്കുകയല്ല, മറിച്ച് സമാധാനം ഉറപ്പു വരുത്തുകയാണ് ഞങ്ങളുടെ തന്ത്രപ്രധാനമായ ലക്ഷ്യം,' പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.