ന്യൂഡല്‍ഹി: പ്രധാനപ്പെട്ട ഒരു സന്ദേശം നല്‍കാന്‍ താന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് മോദി അറിയിച്ചു. ഉപഗ്രഹങ്ങളെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്ന നേട്ടം ഇന്ത്യ കൈവരിച്ചെന്നാണ് പ്രഖ്യാപനം. ലോകത്ത് ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ന് രാവിലെ 11.45നും 12നും ഇടയില്‍ സംസാരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയായിരുന്നു മോദിയുടെ അറിയിപ്പ്. ടെലിവിഷനിലോ റേഡിയോയിലോ സോഷ്യൽ മീഡിയയിലോ താന്‍ സംസാരിക്കുന്നത് കാണാമെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത്.

‘മേരേ പ്യാരേ ദേശ്‍വാസിയോ (എന്‍റെ പ്രിയപ്പെട്ട നാട്ടുകാരേ), ഇന്ന് രാവിലെ 11.45നും 12നും ഇടയില്‍ പ്രധാനപ്പെട്ട ഒരു സന്ദേശവുമായി ഞാൻ നിങ്ങൾക്കിടയിൽ വരും. ടെലിവിഷൻ, റേഡിയോ, സാമൂഹ്യമാധ്യമങ്ങളിൽ കാണുക’, മോദി ട്വീറ്റ് ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ കയ്യിലെടുക്കുന്ന എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ തന്നെയാവും പ്രധാനമന്ത്രി നടത്തുക എന്നായിരുന്നു നിഗമനം. രാജ്യത്തെ അപ്രതീക്ഷിതമായി അഭിസംബോധന ചെയ്താണ് മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ മോദിയുടെ പുതിയ ട്വീറ്റിനേയും ആകാംക്ഷയോടേയും ആശങ്കയോടേയും നോക്കി കണ്ടവരുമുണ്ട്.

12.37 pm: തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് ഇന്ത്യ പരീക്ഷിച്ചതെന്ന് പ്രധാനമന്ത്രി

12.36 pm: ‘മിഷന്‍ ശക്തി’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യം വളരെ ക്ലേശകരമാണെങ്കിലും മൂന്ന് മിനിറ്റിനുളളില്‍ വിക്ഷേപണം വിജയകരമായതായി പ്രധാനമന്ത്രി പറഞ്ഞു.

12.35 pm: ആന്റി- സാറ്റലൈറ്റ് മിസൈലായ എ-സാറ്റ് വിജയകരമായി വിക്ഷേപിച്ചതായാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

12.30 pm: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ സുപ്രധാനമായ നേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook