/indian-express-malayalam/media/media_files/uploads/2022/06/Mamata-Banerjee.jpg)
കൊല്‍ക്കത്ത: അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ പാര്‍ഥ ചാറ്റര്‍ജി ജയിലിലായതിനു പിന്നാലെ പശ്ചിമബംഗാളില്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്കു മമത ബാനര്‍ജി. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകീട്ട് നടക്കും.
നാലോ അഞ്ചോ പുതു മുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ ബുധനാഴ്ച പുനഃസംഘടിപ്പിക്കുമെന്നും മമത അറിയിച്ചു. അറസ്റ്റിലായ പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തുനിന്നും പാര്‍ട്ടിപദവികളില്‍നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് നീക്കിയിരുന്നു. മറ്റു രണ്ടു മന്ത്രിമാര്‍ അന്തരിച്ച ഒഴിവും മന്ത്രിസഭയില്‍ നിലനില്‍ക്കുന്നുണ്ട്.
''സുബ്രത മുഖര്‍ജിയും സാധന് പാണ്ഡെയും അന്തരിച്ചു. പാര്‍ത്ഥ ദാ (പാര്‍ത്ഥ ചാറ്റര്‍ജി) ജയിലിലാണ്. പഞ്ചായത്ത്, വ്യവസായം, ഉപഭോക്തൃകാര്യങ്ങള്‍ തുടങ്ങി നിരവധി സുപ്രധാന വകുപ്പുകളാണ് അവര്‍ കൈകാര്യം ചെയ്തിരുന്നത്. എനിക്കു കൂടുതല്‍ സമ്മര്‍ദ്ദം നേരിടാന്‍ കഴിയില്ല. അതിനാല്‍, ചില പുതുമുഖങ്ങളെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ചില നേതാക്കളെ മാറ്റും. ബുധനാഴ്ച ചെറിയൊരു സത്യപ്രതിജ്ഞാ ചടങ്ങ് നടത്തും,'' മന്ത്രിസഭാ യോഗത്തിനു ശേഷം മമത പറഞ്ഞു.
മന്ത്രിസഭയില്‍ കൂടുതല്‍ യുവമുഖങ്ങളുണ്ടാകുമെന്നാണു തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്നുള്ള വിവരം.''പാര്‍ട്ടിയിലെ യുവാക്കള്‍ക്കിടയില്‍, അഭിഷേക് ബാനര്‍ജിക്കു മമത ബാനര്‍ജിയേക്കാള്‍ സ്വാധീനമുണ്ട്. സ്വാഭാവികമായും, പുതിയ മന്ത്രിസഭയില്‍ അഭിഷേകിനു കൂടുതല്‍ അധികാരമുണ്ടാകുമെന്ന് വ്യക്തമാണ്,''അവര്‍ പറഞ്ഞു.
ബംഗാളില്‍ ഏഴ് ജില്ലകള്‍ ഉടന്‍ രൂപീകരിക്കുമെന്നു മമത പ്രഖ്യാപിച്ചിട്ടുണ്ട്. മുര്‍ഷിദാബാദ്, നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നിവയെ വിഭജിച്ച് ബെറാംപൂര്‍, കാന്‍ഡി, ഇച്ചമോട്ടി, ബസിര്‍ഹട്ട്, റാണാഘട്ട്, സുന്ദര്‍ബന്‍ എന്നിവയും ബങ്കുര വിഭജിച്ച് ബിഷ്ണുപൂര്‍ ജില്ലയുമാണു രൂപീകരിക്കുക. ഇതോടെ ബംഗാളില്‍ ജില്ലകളുടെ എണ്ണം 30 ആവും. നിലവില്‍ 23 ജില്ലകളാണുള്ളത്.
വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നടത്തിയ അധ്യാപക റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ചാറ്റർജിയെയും അദ്ദേഹത്തിന്റെ അടുത്ത സുഹുത്ത് അർപ്പിത മുഖർജിയെയും 23നാണ് ഇ ഡി അറസ്റ്റ് ചെയ്തത്. അർപിതയുടെ രണ്ട് ഫ്ളാറ്റുകളിൽനിന്നായി 48.90 കോടി രൂപയും ഏകദേശം ആറ് കിലോ സ്വർണവും ഇ ഡി കണ്ടെടുത്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us