കൊൽക്കത്ത: അഴിമതി കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത പാർഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കിയതായി തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അച്ചടക്ക സമിതി യോഗം ചേർന്നാണ് തീരുമാനം. ഇന്ന് വൈകുന്നേരമാണ് ചാറ്റർജിയെ ബംഗാൾ മന്ത്രിസഭയിൽ നിന്ന് നീക്കി ഉത്തരവായത്. മമത സർക്കാരിൽ വാണിജ്യ-വ്യവസായ മന്ത്രിയായിരുന്നു.
വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നടത്തിയ അധ്യാപക റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ചാറ്റർജിയെയും അദ്ദേഹത്തിന്റെ അടുത്ത സുഹുത്ത് അർപ്പിത മുഖർജിയെയും കഴിഞ്ഞ ആഴ്ച ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ഇ ഡി നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് 20 കോടി രൂപ കഴിഞ്ഞ ആഴ്ച കണ്ടെടുത്തിരുന്നു.

ബുധനാഴ്ച മുഖർജിയുടെ രണ്ടാമത്തെ ഫ്ലാറ്റിൽ നിന്ന് 27.90 കോടി രൂപയും ഏകദേശം ആറ് കിലോ സ്വർണവും ഇ ഡി വീണ്ടും പിടിച്ചെടുത്തു. ഇന്ന് അർപിതയുടെ മറ്റൊരു ഫ്ലാറ്റിലും ഇ ഡി പരിശോധന നടത്തിയിരുന്നു. ഇതോടെ ആകെ 50 കോടിയോളം രൂപ പിടിച്ചെടുത്തതായാണ് വിവരം.
സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ പാർഥ ചാറ്റർജിക്കെതിരെ പ്രതിഷേധം ഉയർന്നു വന്നിരുന്നു. കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് (ടിഎംസി) ജനറൽ സെക്രട്ടറിയും വക്താവുമായ കുനാൽ ഘോഷ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ചാറ്റർജിയുടെ പുറത്താക്കൽ.
ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ബാനർജി ആദ്യം വിമുഖത കാണിച്ചതായി ടിഎംസി വൃത്തങ്ങൾ പറയുന്നു. എന്നാൽ അർപിത മുഖർജിയുടെ ഫ്ലാറ്റിൽ നിന്ന് രണ്ടാം തവണയും പണം കണ്ടെടുത്തതിനെത്തുടർന്ന് ചാറ്റർജിയെ ഉടൻ പുറത്താക്കാൻ പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു എന്ന് വൃത്തങ്ങൾ പറഞ്ഞു.