/indian-express-malayalam/media/media_files/uploads/2023/05/rahul-gandhi-2.jpg)
രാഹുൽ ഗാന്ധിയെ ഡി.കെ.ശിവകുമാർ സ്വീകരിക്കുന്നു
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടാനായതിനു പിന്നിൽ പാവപ്പെട്ടവരുടെയും ദലിതരുടെയും ഗോത്രവർഗക്കാരുടെയും പിന്തുണ കൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടകയിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തിന് ശുദ്ധവും അഴിമതി രഹിതവുമായ സർക്കാർ നൽകുമെന്ന് രാഹുൽ പറഞ്ഞു.
''കഴിഞ്ഞ 5 വർഷമായി നിങ്ങൾ അനുഭവിച്ച ബുദ്ധമിട്ടുകൾ എനിക്കും നിങ്ങൾക്കും മാത്രമേ അറിയൂ. കോൺഗ്രസിന്റെ വിജയത്തിനുശേഷം, ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എങ്ങനെ വിജയിച്ചു എന്നതിനെക്കുറിച്ച് പല രീതിയിൽ പലരും എഴുതി, വ്യത്യസ്ത വിശകലനങ്ങൾ നടത്തി. എന്നാൽ ദരിദ്രർക്കും ദലിതർക്കും ഗോത്രവർഗക്കാർക്കും പിന്നാക്ക സമുദായങ്ങൾക്കുമൊപ്പം നിന്നതുകൊണ്ടാണെന്ന് ഞാൻ പറയും. ഞങ്ങളുടെ പക്കൽ സത്യമുണ്ടായിരുന്നു. ബിജെപിക്ക് പണവും പൊലീസും എല്ലാം ഉണ്ടായിരുന്നു, എന്നാൽ കർണാടകയിലെ ജനങ്ങൾ അവരുടെ എല്ലാ ശക്തികളെയും പരാജയപ്പെടുത്തി,'' രാഹുൽ പറഞ്ഞു.
പുതിയ കർണാടക സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗാന്ധിയും പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടിയുടെ അഞ്ച് പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിയമമാക്കി മാറ്റുമെന്ന് പ്രതിജ്ഞയെടുത്തു. ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലെ വിജയത്തോടെ, വിദ്വേഷത്തെ പരാജയപ്പെടുത്താൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞുവെന്നും സ്നേഹം വിജയിച്ചുവെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
कर्नाटक की जनता को मैं दिल से धन्यवाद देता हूं।
— Congress (@INCIndia) May 20, 2023
इस जीत का सिर्फ एक कारण है कि कांग्रेस पार्टी कर्नाटक के गरीबों, कमजोरों, पिछड़ों, दलितों, आदिवासियों के साथ खड़ी हुई।
हमारे पास सच्चाई थी और गरीब लोग थे, BJP के पास धन, ताकत, पुलिस, सारा कुछ था।
उनकी सारी ताकत को कर्नाटक… pic.twitter.com/4Q6zXtNYs2
കർണാടക മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ജി.പരമേശ്വരയ്യ, കെ.എച്ച്.മുനിയപ്പ, കെ.ജെ.ജോർജ്, എം.ബി.പാട്ടീൽ, സതീശ് ജാർക്കിഹോളി, പ്രിയങ്ക ഖാർഗെ, രാമലിംഗ റെഡ്ഡി, ബി.സെഡ്. സമീർ, അഹമ്മദ് ഖാൻ തുടങ്ങിയ കോൺഗ്രസ് എംഎൽഎമാരും സിദ്ധരാമയ്യ മന്ത്രിസഭയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാക്കളായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, എൻസിപി നേതാക്കളായ ശരദ് പവാർ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, കമൽഹാസൻ തുടങ്ങിയവർ അടക്കമുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.