scorecardresearch

കർണാടക: കോണ്‍ഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങള്‍ ഇന്ന് തന്നെ മന്ത്രിസഭ പാസാക്കുമെന്ന് സിദ്ധരാമയ്യ

കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്

Siddaramaiah, DK Shivakumar, ie malayalam
സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രി

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ അഞ്ച് ഉറപ്പുകള്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം തേടുമെന്നും അവ നടപ്പാക്കാനുള്ള ഉത്തരവ് ഇന്ന് തന്നെ പുറപ്പെടുവിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഭരണാധികാരികളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിച്ച ഭരണം ഞങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജി.പരമേശ്വരയ്യ, കെ.എച്ച്.മുനിയപ്പ, കെ.ജെ.ജോർജ്, എം.ബി.പാട്ടീൽ, സതീശ് ജാർക്കിഹോളി, പ്രിയങ്ക ഖാർഗെ, രാമലിംഗ റെഡ്ഡി, ബി.സെഡ്. സമീർ, അഹമ്മദ് ഖാൻ തുടങ്ങിയ കോൺഗ്രസ് എംഎൽഎമാരും സിദ്ധരാമയ്യ മന്ത്രിസഭയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാക്കളായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, എൻസിപി നേതാക്കളായ ശരദ് പവാർ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, കമൽഹാസൻ തുടങ്ങിയവർ അടക്കമുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

224 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകളാണ് നേടിയത്. തിരഞ്ഞെടുപ്പിൽ ശക്തമായി പിന്തുണച്ച സമുദായങ്ങളെ അടിസ്ഥാനമാക്കി മന്ത്രിമാരെ തീരുമാനിക്കണമെന്ന് പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. 

ആദ്യം 28 പേരെങ്കിലും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും ചർച്ചകളിൽ തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ആദ്യ എട്ടു മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടത്. മന്ത്രിസഭയിൽ 34 പേരെയാണ് പരാമവധി ഉൾപ്പെടുത്താനാവുക.

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കർണാടകയിൽ ആര് മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ഉത്തരമായത്. സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായും ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയായും ചുമതലയേൽക്കുമെന്ന് കേന്ദ്ര നേതൃത്വമാണ് അറിയിച്ചത്. ശിവകുമാർ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും തുടരും.

രണ്ടര വർഷം മുഖ്യമന്ത്രി പദം പങ്കിടാമെന്ന ഫോർമുല പാർട്ടി നേതൃത്വം അംഗീകരിച്ചതായാണ് ശിവകുമാർ ക്യാംപ് അവകാശപ്പെടുന്നത്. എന്നാൽ, ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Siddaramaiah dk shivakumar sworn in as karnataka cm deputy cm