/indian-express-malayalam/media/media_files/uploads/2020/08/V-Consol-App.jpg)
ആലപ്പുഴ: കോവിഡ് പ്രതിസന്ധി ലോകത്തിലാകെ വലിയ മാറ്റങ്ങൾക്ക് കാരണമായി. അതിലൊന്നാണ് ഓൺലെെൻ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം. വിദ്യാഭ്യാസം പോലും പൂർണമായി ഓൺലെെനിലേക്ക് ചുരുങ്ങി. വീഡിയോ കോൺഫറൻസിങ്ങിനായി വിദേശീയ ആപ്പുകളെ മാത്രമാണ് നാം ഉപയോഗിച്ചിരുന്നത്.
വീഡിയോ കോൺഫറൻസിങ്ങിന് ഇന്ത്യയിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത് 'സൂം' ആപ് ആണ്. 'സൂം' ആപ് സുരക്ഷിതമല്ലെന്നും സ്വകാര്യതയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ഉണ്ടെന്നും പൊതുവേ ആരോപണം ഉയർന്നിരുന്നു. എന്നാൽ, മറ്റ് വഴികൾ ഇല്ലാത്തതിനാൽ കോടതികളിൽ അടക്കം 'സൂം' ആപ് തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് വീഡിയോ കോൺഫറൻസിങ്ങിന് തദ്ദേശീയ സാങ്കേതിക വിദ്യ തയാറാക്കുന്നതിനു കേന്ദ്രസർക്കാർ 'ഇന്നൊവേഷൻ ചലഞ്ച്' പ്രഖ്യാപിച്ചത്.
Read Also: ഹെെക്കോടതിയിൽ വാദം കേൾക്കുന്നതിനിടെ സൂം ആപ് പണിമുടക്കി
ഇപ്പോൾ ഇതാ, കേന്ദ്ര സർക്കാരിന്റെ ഇന്നൊവേഷൻ ചലഞ്ചിൽ താരമായിരിക്കുകയാണ് കേരളത്തിലെ സ്റ്റാർട്‌അപ് കമ്പനി. ആലപ്പുഴ സ്വദേശി ജോയ് സെബാസ്‌റ്റ‌്യന്റെ നേതൃത്വത്തിലുള്ള 'ടെക്‌ജൻഷ്യ' കമ്പനിക്കാണ് കേന്ദ്ര സർക്കാരിന്റെ ചലഞ്ചിൽ ഒന്നാം സമ്മാനം. ഒരു കോടി രൂപയും മൂന്നു വർഷത്തേക്കുള്ള കരാറുമാണ് സമ്മാനം. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് വിജയികളെ പ്രഖ്യാപിച്ചത്.
പന്ത്രണ്ടായിരത്തിലേറെ കമ്പനികളില്‍ നിന്നാണ് ജോയ് സെബാസ്‌റ്റ‌്യന്റെ ടെക്‌ജൻഷ്യ കമ്പനി ഡിസൈന്‍ ചെയ്‌ത വീഡിയോ കോൺഫറൻസിങ് ആപ്പിന് അംഗീകാരം ലഭിച്ചത്. 'വീ കണ്‍സോള്‍' എന്നാണ് ആപ്പിന്റെ പേര്. ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിങ് ടൂളായി 'വീ കൺസോൾ' മാറിയിരിക്കുകയാണ്.
ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലാണ് ജോയ് സെബാസ്‌റ്റ‌്യന്റെ ടെക്‌ജൻഷ്യ കമ്പനി പ്രവർത്തിക്കുന്നത്.
“ഞാൻ 2009 ൽ ഒരു സുഹൃത്ത് ടോണി തോമസിനൊപ്പമാണ് ടെക്ജെൻഷ്യ ആരംഭിച്ചത്. ഞങ്ങൾ സ്കൂളിൽ ഒന്നിച്ച് പഠിച്ചവരാണ്. അദ്ദേഹം ഇപ്പോൾ ഓസ്ട്രേലിയയിലേക്ക് മാറി. വീഡിയോ കോൺഫറൻസിങ് പരിഹാരങ്ങളിൽ ഞങ്ങൾ ആദ്യം മുതൽ ആർ & ഡിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഞങ്ങളുടെ ബി 2 ബി മോഡലിനായി യുഎസ്, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള കുറച്ച് ക്ലയന്റുകൾ ഉണ്ട്. വർഷങ്ങൾ പോകെ ഞങ്ങളുടെ കമ്പനി വളർന്നു. ഇപ്പോൾ 65 പേർക്ക് ജോലി നൽകുന്നു,” കൊല്ലത്തെ ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് എംസിഎ പൂർത്തിയാക്കിയ സെബാസ്റ്റ്യൻ പറയുന്നു.
കേരളത്തില്‍ നിന്ന് മറ്റൊരു കമ്പനിക്കും ആദ്യ റൗണ്ട് കടക്കാന്‍ സാധിച്ചില്ല. സമ്മാനത്തിനർഹരായ ജോയിയെയും സംഘത്തെയും ധനമന്ത്രി തോമസ് ഐസക് അഭിനന്ദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.