ന്യൂഡൽഹി: ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗർ കുറ്റക്കാരനെന്ന് ഡൽഹി കോടതി. കൂട്ടു പ്രതിയായ ശശി സിങ്ങിനെ വെറുതെ വിട്ടു. ഡിസംബർ 18 നാണ് സെൻഗറിന്റെ ശിക്ഷാ വിധി പുറപ്പെടുവിക്കുക.
സുപ്രീം കോടതിയുടെ നിർദേശപ്രകാരം ലക്‌നൗവിലെ കോടതിയിൽനിന്നു തീസ് ഹസാരി ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയ കേസിൽ ഓഗസ്റ്റ് അഞ്ച് മുതൽ ജഡ്ജി ധർമേഷ് ശർമ ദിവസവും വാദം കേൾക്കുകയായിരുന്നു. സിബിഐയുടെയും പ്രതികളുടെയും വാദങ്ങള്‍ കോടതി കേട്ടു. കുല്‍ദീപ് സെൻഗര്‍ എംഎല്‍എയടക്കം ഒൻപത് പേരാണ് കേസില്‍ പ്രതികൾ. ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് എംഎൽഎ അടക്കമുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read More: ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം; ബിജെപി എംഎല്‍എ സെന്‍ഗാറിനെതിരെ ഉന്നാവ് പെണ്‍കുട്ടി
ഇപ്പോൾ 19 വയസ് പ്രായമുള്ള പെൺകുട്ടിയെ 2017 ൽ സെൻഗർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പൊലീസ് പരാതി സ്വീകരിച്ചില്ലെങ്കിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ തീകൊളുത്തി മരിക്കുമെന്ന് പെൺകുട്ടി ഭീഷണിപ്പെടുത്തി ദിവസങ്ങൾ കഴിഞ്ഞാണ് സെൻഗർ അറസ്റ്റിലായത്. യുപിയിലെ ബാംഗർമൗവിൽനിന്ന് നാല് തവണ ബിജെപി എംഎൽഎയായ സെൻഗറിനെ 2019 ഓഗസ്റ്റിൽ പാർട്ടിയിൽ നിന്ന് പുറത്താക്കി.
ഇക്കഴിഞ്ഞ ജൂൺ 28ന് വാഹനാപകടം സൃഷ്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയെ ഓഗസ്റ്റ് ആറിനാണ് ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. കിങ് ജോർജ് ആശുപത്രിയിൽനിന്ന് സുപ്രീം കോടതി ഇടപെട്ടാണ് പെൺകുട്ടിയെ ഡൽഹി എയിംസിലേക്ക് മാറ്റിയത്. സ്വദേശമായ ഉത്തർപ്രദേശിലെ ഉന്നാവിൽനിന്നു റായ്ബറേലിയിലേക്ക് പോകുംവഴി പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു.
2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ പീഡിപ്പിച്ചുവെന്നതാണ് കേസ്. കേസിൽ ബിജെപി എംഎൽഎ ജയിലിലാണ്. ഇയാൾക്കെതിരെ പോക്‌സോ അടക്കം ചുമത്തിയിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിക്ക് സംഭവം നടക്കുമ്പോള്‍ 18 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും വാദം തള്ളിയ കോടതി പോക്‌സോ ചുമത്തുകയായിരുന്നു.