/indian-express-malayalam/media/media_files/uploads/2019/09/narendra-modi-1.jpg)
നാഗ്‌പൂർ: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയും പ്രധാനമന്ത്രിക്കു കത്തെഴുതുകയും ചെയ്തതിന് ആറ് വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടി മഹാരാഷ്ട്രയിലെ സർവകലാശാല പിൻവലിച്ചു. വാര്‍ധയിലെ മഹാത്മ ഗാന്ധി രാജ്യാന്തര ഹിന്ദി വിശ്വവിദ്യാലയ (എംജിഎഎച്ച്‌വി)മാണു ദലിത്, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.
യൂണിവേഴ്‌സിറ്റി അധികൃതർ നടത്തിയ ചർച്ചയിൽ പുറത്താക്കൽ നടപടി പിൻവലിക്കാനുള്ള തീരുമാനമായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പേരിൽ നടപടിയെടുക്കാൻ സർവകലാശാലയ്ക്ക് അധികാരമില്ലെന്ന് ജില്ലാ കലക്‌ടർ വിവേക് ബിമൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാർഥികൾക്കുള്ള സ്വാഭാവിക നീതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുറത്താക്കൽ നടപടി പിൻവലിക്കുന്നതെന്ന് സർവകലാശാല വ്യക്തമാക്കി.
Read Also: 70 ദിവസത്തിനുശേഷം കശ്‌മീരിൽ പോസ്റ്റ്‌പെയ്ഡ് സർവീസ് പുനഃസ്ഥാപിച്ച് ബിഎസ്എൻഎൽ
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേയും ബലാത്സംഗക്കേസില്‍ ആരോപണവിധേയരായ നേതാക്കളെ സംരക്ഷിക്കുന്നുവെന്നും ആരോപിച്ചാണ് ചന്ദന്‍ സരോജ്, നീരജ് കുമാര്‍, രാജേഷ് സര്‍ത്തി, രജനീഷ് അംബേദ്കര്‍, പങ്കജ് വേല, വൈഭവ് പിമ്പാല്‍ക്കര്‍ എന്നീ വിദ്യാര്‍ഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയത്. ഇതിനുപിന്നാലെ വിദ്യാർഥികളെ സർവകലാശാല പുറത്താക്കി.
മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനും ധര്‍ണ നടത്തി നീതിന്യായ നടപടിക്രമങ്ങളില്‍ ഇടപെടുന്നതിനുമാണു വിദ്യാര്‍ഥികളെ പുറത്താക്കിയതെന്ന് ആക്ടിങ് രജിസ്ട്രാര്‍ രാജേശ്വര്‍ സിങ് ഒക്‌ടോബര്‍ ഒന്‍പതിനു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്.
Read Also: അഴിമതിക്കാരൊക്കെ എത്തേണ്ടിടത്ത് എത്തി: നരേന്ദ്ര മോദി
അതേസമയം, ഒന്‍പതിനു നടന്ന ധര്‍ണയില്‍ നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നെങ്കിലും താനടക്കമുളള ദലിത്, മറ്റു പിന്നാക്ക വിഭാഗങ്ങില്‍പ്പെട്ട ആറു പേരെ തിരഞ്ഞുപിടിച്ച് പുറത്താക്കുകയായിരുന്നുവെന്നു ചന്ദന്‍ സരോജ് ആരോപിച്ചു. മുന്നാക്ക വിഭാഗക്കാരായ നിരവധി പേര്‍ സമരത്തിലുണ്ടായിരുന്നതായും ചന്ദന്‍ സരോജ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പശ്ചാത്തലത്തില്‍ പ്രക്ഷോഭങ്ങള്‍ വിലക്കിയ സാഹചര്യത്തിലാണു വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിയെന്നു ആക്ടിങ് വൈസ് ചാന്‍സലര്‍ കൃഷ്ണ കുമാര്‍ സിങ് ഇന്ത്യന്‍ എക്‌സ്‌പ്രസിനോടു പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.