/indian-express-malayalam/media/media_files/uploads/2021/06/Flight.jpg)
കീവ്: യുക്രൈനുമായുള്ള സംഘര്‍ഷസാധ്യതയില്‍ അയവ് വരുത്തുന്ന സുപ്രധാന ചുവടുവയ്പുമായി റഷ്യ. യുക്രൈന്‍ അതിര്‍ത്തിക്കു സമീപം വിന്യസിച്ച സൈനികരില്‍ കുറച്ചുപേരെ അവരുടെ താവളങ്ങളിലേക്ക് പിന്‍വലിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. രാജ്യം സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം ക്രെംലിനും സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിക്കുസമീപം 1,30,000 സൈനികരെയാണ് റഷ്യ വിന്യസിച്ചത്.
റഷ്യയുടെ സുരക്ഷാ ആവശ്യങ്ങളെക്കുറിച്ച് പാശ്ചാത്യരാജ്യങ്ങളുമായി സംസാരിക്കുന്നത് തുടരാന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ഉന്നത നയതന്ത്രജ്ഞന്‍ നേരത്തെ ഉപദേശിച്ചിരുന്നു. ഉക്രൈനിലെ ആസന്നമായ റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള യുഎസ് മുന്നറിയിപ്പുകള്‍ക്കിടയില്‍ നയതന്ത്ര ശ്രമങ്ങള്‍ തുടരാന്‍ ഉദ്ദേശിക്കുന്നുവെന്നാണ് ക്രെംലിനില്‍ നിന്നുള്ള സൂചന.
യുക്രൈനെയും മറ്റു മുന്‍ സോവിയറ്റ് രാജ്യങ്ങളെയും നാറ്റോയില്‍ അംഗങ്ങളാവാന്‍ അനുവദിക്കില്ലെന്ന ഉറപ്പ് പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് റഷ്യ ആഗ്രഹിക്കുന്നു. അതുപോലെ സഖ്യം യുക്രൈനിലേക്കുള്ള ആയുധവിന്യാസം നിര്‍ത്തി കിഴക്കന്‍ യൂറോപ്പില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന ഉറപ്പും ലഭിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നു. ഈ ആവശ്യങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നിരസിച്ചിരുന്നു. ഏത് അധിനിവേശത്തിനും റഷ്യ കനത്ത വില നല്‍കുമെന്ന് യുഎസും അതിന്റെ നാറ്റോ സഖ്യകക്ഷികളും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ തത്കാലം യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. അനാവശ്യ യാത്രകള്‍ രാജ്യത്തിനുള്ളില്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളാണ് യുക്രൈനിലുള്ളത്.
"യുക്രൈനിലെ നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ചും താമസം അനിവാര്യമല്ലാത്ത വിദ്യാര്‍ഥികള്‍ താത്കാലികമായി രാജ്യം വിടുന്നത് പരിഗണിക്കണം. ഇന്ത്യൻ പൗരന്മാരോട് യുക്രൈനിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശിക്കുന്നു," കീവിലുള്ള ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.
ADVISORY FOR INDIAN NATIONALS IN UKRAINE.@MEAIndia@DrSJaishankar@PIB_India@DDNewslive@IndiainUkraine@IndianDiplomacy @OIA_MEA pic.twitter.com/LZezMhB8pF
— India in Ukraine (@IndiainUkraine) February 15, 2022
"ഇന്ത്യന്‍ പൗരന്മാര്‍ യുക്രൈനില്‍ എവിടെയാണ് എന്നുള്ളത് സംബന്ധിച്ച് എംബസിയെ വിവരം അറിയിക്കേണ്ടതാണ്. ആവശ്യമുള്ള സമയത്ത് എളുപ്പത്തില്‍ എത്താന്‍ വേണ്ടിയാണിത്. യുക്രൈനിലുള്ള പൗരന്മാര്‍ക്ക് എല്ലാ സേവനങ്ങളും നല്‍കുന്നതിന് എംബസി സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടരുന്നതാണ്," എംബസി അധികൃതര്‍ അറിയിച്ചു.റഷ്യ കീവ് ആക്രമിച്ചേക്കുമെന്ന ആശങ്കകൾക്കിടയിലാണ് എംബസിയുടെ നീക്കം.
നേരത്തെ യുക്രൈനിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടുമെന്നും ജീവനക്കാരെ പോളണ്ടിന്റെ അതിര്‍ത്തിക്ക് സമീപമുള്ള നഗരത്തിലേക്ക് മാറ്റുമെന്നും അമേരിക്ക അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് തങ്ങളുടെ പൗരന്മാര്‍ക്ക് അമേരിക്ക ഒന്നിലധികം മുന്നറിയിപ്പുകളും നല്‍കി കഴിഞ്ഞു. യുക്രൈനില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ എംബസിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
Also Read: പാര്‍ലമെന്റ് നടപടികള്‍ സംപ്രേഷണം ചെയ്യുന്ന ‘സന്‍സദ് ടിവി’യുടെ ചാനല്‍ യൂട്യൂബ് റദ്ദാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.