/indian-express-malayalam/media/media_files/uploads/2022/11/Aadhar.jpg)
ന്യൂഡല്‍ഹി: ആധാര്‍ ഭൗതികമായോ ഇലക്ട്രോണിക് രൂപത്തിലോ സ്വീകരിക്കുന്നതിനു മുമ്പ് വിവരങ്ങള്‍ ശരിയാണോയെന്ന് ഉറപ്പുവരുത്തണമെന്നു സംസ്ഥാന സര്‍ക്കാരുകളോടും സ്ഥാപനങ്ങളോടും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ). ആധാറിന്റെ ദുരുപയോഗം തടയുന്നതിനായാണ് ഈ നിര്‍ദേശം.
ഒരു വ്യക്തി സമര്‍പ്പിക്കുന്ന ആധാര്‍ രേഖ, ഇ-ആധാര്‍, ആധാര്‍ പി വി സി കാര്‍ഡ്, എം-ആധാര്‍ എന്നിങ്ങനെ ഏതെങ്കിലും രൂപത്തിലുള്ള ആധാറിന്റെയും ആധികാരികത, അതിന്റെ ഉടമയുടെ സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നതു ശരിയായ നടപടിയാണെന്നു യു ഐ ഡി എ ഐ വ്യക്തമാക്കി.
''ആധാറിന്റെ ഉപയോഗത്തിനു മുന്‍പ് അതിന്റെ ആധികാരിക പരിശോധിച്ചുറപ്പിക്കേണ്ടതിന്റെ ആവശ്യകത സംസ്ഥാന സര്‍ക്കാരുകളോടുള്ള അഭ്യര്‍ത്ഥനയില്‍ യു ഐ ഡി എ ഐ ഊന്നിപ്പറഞ്ഞു. തിരിച്ചറിയൽ രേഖയായി ആധാര്‍ സമര്‍പ്പിക്കുമ്പോഴെല്ലാം അതിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നു സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു,''ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ആധാര്‍ വിവരങ്ങളുടെ ആധികാരികത സ്ഥിരീകതിക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതു സംബന്ധിച്ചും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നതിനുമായി യു ഐ ഡി എ ഐ സര്‍ക്കുലറുകള്‍ പുറത്തിറക്കി.
''സാധ്യതയുള്ള ഏതെങ്കിലും ദുരുപയോഗത്തില്‍ ഏര്‍പ്പെടുന്നതില്‍നിന്ന്, ധാര്‍മികത പുലര്‍ത്താത്ത വിഭാഗങ്ങളെയും സാമൂഹിക വിരുദ്ധരെയും ഇതു വിലക്കുന്നു. ഇത് ഉപയോഗ മര്യാദ പ്രോത്സാഹിപ്പിക്കുകയും ഏതെങ്കിലും 12 അക്ക നമ്പര്‍ ആധാര്‍ അല്ലെന്ന യു ഐ ഡി എ ഐയുടെ നിലപാട് ആവര്‍ത്തിക്കുകയും ചെയ്യുന്നു,'' പ്രസ്്താവന പറയുന്നു.
ഓഫ്ലൈന്‍ വെരിഫിക്കേഷന്‍ വഴി ആധാര്‍ രേഖകളില്‍ കൃത്രിമം കാണിക്കുന്നതു കണ്ടെത്താനാകും. ഇത്തരം കൃത്രിമത്വം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ആധാര്‍ നിയമത്തിലെ 35-ാം വകുപ്പ് പ്രകാരം പിഴ ഈടാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
എംആധാര്‍ ആപ്പ് അല്ലെങ്കില്‍ ആധാര്‍ ക്യു ആര്‍ കോഡ് സ്‌കാനര്‍ ഉപയോഗിച്ച് ആധാറിന്റെ ഏതു രൂപത്തിലുമുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആധികാരികത പരിശോധിക്കാം. ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ഫോണുകള്‍ക്കും വിന്‍ഡോ അധിഷ്ഠിത ആപ്ലിക്കേഷനുകള്‍ക്കും ക്യുആര്‍ കോഡ് സ്‌കാനര്‍ സൗജന്യമായി ലഭ്യമാണെന്നു പ്രസ്താവനയില്‍ പറയുന്നു.
ആയിരത്തോളം സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ആധാര്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റു വിവിധ പദ്ധതികളില്‍ ആധാര്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനു സംസ്ഥാനങ്ങളുമായി യു ഐ ഡി എ ഐ സജീവ ചര്‍ച്ചയിലാണ്.
തങ്ങളുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനു പൗരന്മാര്‍ക്ക് ആധാര്‍ കടലാസ് രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സ്വമേധയാ ഹാജരാക്കാം. നിലവില്‍ 135 കോടി ആധാറാണു യു ഐ ഡി എ ഐ വിതരണം ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.