ബെംഗളുരു: അറുപത്തിയേഴുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. മൃതദേഹം കാമുകിയും ഭര്‍ത്താവും ചേര്‍ന്നു ഉപേക്ഷിച്ചതാണെന്നു പൊലീസ് കണ്ടെത്തി. താനുമായുള്ള ലൈംഗിക ബന്ധത്തിനിടെ അപസ്മാരം ബാധിച്ചാണ് അറുപത്തിയേഴുകാരന്‍ മരിച്ചതെന്നാണു യുവതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
ബെംഗളൂരു ജെപി നഗറില്‍ നവംബര്‍ 17 നാണു പ്ലാസ്റ്റിക് കവറിനുള്ളില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞ പൊലീസ് ഇദ്ദേഹത്തിന്റെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍നിന്നാണു കാമുകിയുടെ വീട്ടിലെത്തിയതായി കണ്ടെത്തിയത്. അന്വേഷണം നടക്കുന്നതിനാല്‍ ഇരയുടെയും പ്രതികളുടെയും പേര് വെളിപ്പെടുത്താനാകില്ലെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
”അറുപത്തിയേഴുകാരനായ വ്യാപാരിയുമായി ബംഗളൂരുവിലെ 35 വയസുള്ള വീട്ടമ്മയുമായി പ്രണയബന്ധത്തിലായിരുന്നു. നവംബര്‍ 16ന് വൈകീട്ട് അഞ്ചോടെ യുവതിയുടെ വീട്ടിലെത്തിയെത്തിയ അദ്ദേഹം അവിടെ കിടക്കയില്‍ മരിച്ചു. ചീത്തപ്പേര് ഭയന്ന് പരിഭ്രാന്തയായ സ്ത്രീ ഭര്‍ത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി. തുടര്‍ന്ന് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ജെ പി നഗറിലെ ഒഴിഞ്ഞ സ്ഥലത്ത് തള്ളി,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വ്യാപാരി വീട്ടില്‍ വന്നതായും അപസ്മാരം ബാധിച്ച് തല്‍ക്ഷണം മരിച്ചതായും യുവതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. തങ്ങളുടെ ബന്ധം മറ്റുള്ളവര്‍ അറിയരുതെന്നു കരുതിയാണു മൃതദേഹം ഉപേക്ഷിച്ചതെന്നും യുവതി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
യുവതി പറഞ്ഞകാര്യം ശരിയാണോയെന്നു അറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാക്കുകയാണു പൊലീസ്.
”മരുമകളുടെ വീട്ടില്‍ പോകുകയാണെന്നു പറഞ്ഞാണു വ്യാപാരി വീട്ടില്‍നിന്ന് ഇറങ്ങിയതെന്നും തിരികെ വരാഞ്ഞതിനെത്തുടര്‍ന്നു കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പരാതി നല്‍കിയതായും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ മൊഴി നല്‍കി. വ്യാപാരിക്കു നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഓഗസ്റ്റില്‍ ആന്‍ജിയോഗ്രാമിനു വിധേയനായിരുന്നു,” പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തില്‍ നവംബര്‍ 19-നാണു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 176 (ഉദ്യോഗസ്ഥന് നോട്ടിസോ വിവരമോ നല്‍കാന്‍ നിയമപരമായി ബാധ്യസ്ഥനായ വ്യക്തി അതു നല്‍കാതിരിക്കുക), 201 (തെളിവ് നശിപ്പിക്കുക, അല്ലെങ്കില്‍ കുറ്റവാളിയെ മറച്ചുവയ്ക്കുന്നതിനു തെറ്റായ വിവരങ്ങള്‍ നല്‍കുക), 202 (കുറ്റകൃത്യം സംബന്ധിച്ച വിവരം നല്‍കുന്നതില്‍ മനഃപൂര്‍വം ഒഴിഞ്ഞുനില്‍ക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്.