scorecardresearch

കെ റെയില്‍ പദ്ധതി അനുവദിക്കരുതെന്ന് യുഡിഎഫ് എംപിമാര്‍; നാളെ റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച

പദ്ധതിയെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന് പറഞ്ഞ ശശി തരൂര്‍ എംപിമാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ഒപ്പിട്ടില്ല

പദ്ധതിയെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന് പറഞ്ഞ ശശി തരൂര്‍ എംപിമാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ഒപ്പിട്ടില്ല

author-image
WebDesk
New Update
SilverLine project, K-Rail, ie malayalam

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് യോഗം വിളിച്ചു. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ചര്‍ച്ച. പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ നിവേദനം നല്‍കിയ പശ്ചാത്തലത്തിലാണ് നടപടി. യു‍ഡിഎഫിന്റെ 18 എംപിമാര്‍ നിവേദനത്തെ പിന്തുണച്ചു.

Advertisment

63,941 കോടിയുടെ പദ്ധതി സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന് എംപിമാര്‍ നിവേദനത്തില്‍ പറയുന്നു. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെടുന്നു.

പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി തേടിയിട്ടില്ലെന്നും എംപിമാര്‍ ആരോപിക്കുന്നു. നിയമങ്ങള്‍ അട്ടിമറിച്ച് പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തെ കേന്ദ്രം പിന്തുണയ്ക്കരുതെന്നും നിവേദനത്തില്‍ പറയുന്നു. പുതിച്ചേരി എം.പി. വി. വൈദ്യലിംഗവും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് എംപിമാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ഒപ്പു വെക്കാത്തതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശശി തരൂര്‍. കെ റെയില്‍ പദ്ധതി സംബന്ധിച്ച് കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ചും അതിന്റെ സങ്കീർണമായ വിവിധ വശങ്ങൾ മൂലം സംസ്ഥാനത്തിനും ജനങ്ങൾക്കും എന്ത് നേട്ടം എന്ത് നഷ്ടം എന്നതിനെക്കുറിച്ചു പഠിക്കാൻ സമയം വേണമെന്നുമുള്ള അഭിപ്രായം ഞാൻ നേരത്തെ പറഞ്ഞിരുന്നതായി തരൂര്‍ വ്യക്തമാക്കി.

Advertisment

"അതു കൊണ്ടു തന്നെ ഈ നിവേദനത്തിൽ ഒപ്പ് വച്ചില്ല എന്നത് കൊണ്ട് കെ റെയിൽ പദ്ധതിക്ക് ഞാൻ നിലവിൽ അനുകൂലമാണ് എന്നതല്ല അർത്ഥം. മറിച്ച് ഈ പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാൻ സമയം വേണമെന്നാണ്," തരൂര്‍ വ്യക്തമാക്കി.

"എന്റെ സുഹൃത്തുക്കളായ എംപിമാർ ഒപ്പ് വച്ച നിവേദനത്തിൽ നിന്ന് വ്യക്തമാകുന്നത് ഈ പദ്ധതിയെക്കുറിച്ചുള്ള വളരെ പ്രസക്തമായ ചില ചോദ്യങ്ങൾക്ക് മറുപടി ലഭിക്കേണ്ടതുണ്ട് എന്നതാണ്. പ്രത്യേകിച്ചും ഇതിന്റെ സാമൂഹ്യ പ്രശ്നങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ അത് പോലെ തന്നെ ഈ പദ്ധതി വരുത്തി വെക്കുന്ന സാമ്പത്തിക ബാധ്യത തുടങ്ങിയവയില്‍ വ്യക്തയുണ്ടാകണം," തരൂര്‍ കൂട്ടിച്ചേര്‍ത്തു.

"കൃത്യമായ പഠനത്തിലൂടെയും വിദഗ്ധരുടെ വിശകലനത്തിലൂടെയും മാത്രമേ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. മാത്രവുമല്ല അതിലൂടെ നമുക്ക് ഈ സങ്കീർണ്ണവും, അതേ സമയം പ്രധാനപ്പെട്ടതുമായ വികസന പദ്ധതിയുടെ കാര്യത്തിൽ കൃത്യമായ ഒരു തീരുമാനത്തിലെത്താൻ കഴിയുകയും ചെയ്യും," തരൂര്‍ പറഞ്ഞു.

പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡിപിആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡിപിആര്‍ പുറത്തുവിടണമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഡിപിആര്‍ രഹസ്യരേഖയാക്കി വച്ചിരിക്കുന്നതു തന്നെ ഇതിലെ ദുരൂഹതകള്‍ പുറത്തുവരുമെന്നു ഭയന്നാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

80 ശതമാനം മണ്ണിട്ട് നികത്തിയ പാതയിലൂടെ കെ റെയില്‍ ഓടിക്കുമെന്നാണ് പറയുന്നത്. പ്രളയ, ഭൂകമ്പ സാധ്യതകളും ഭൂഘടന, നീരൊഴുക്ക് തുടങ്ങിയ ഘടകങ്ങളുമൊന്നും ഡിപിആറിലില്ല. മൂന്നു പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തിന് വ്യാജഡിപിആറിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ താങ്ങാവുന്നതല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Also Read: ലഖിംപൂർ ഖേരി കൊലപാതകം ആസൂത്രിതം; ആശിഷ് മിശ്ര അടക്കമുള്ളവർക്കെതിരെ എസ്ഐടിയുടെ കണ്ടെത്തൽ

Congress Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: