scorecardresearch

ഇന്ത്യയുടെ തെറ്റായ ഭൂപടം: ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ യുപിയിൽ കേസ്

ബജ്‌റംഗദള്‍ പശ്ചിമ യുപി കണ്‍വീനര്‍ പ്രവീണ്‍ ഭാട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്

ബജ്‌റംഗദള്‍ പശ്ചിമ യുപി കണ്‍വീനര്‍ പ്രവീണ്‍ ഭാട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്

author-image
WebDesk
New Update
Twitter India, UP Police files FIR against Twitter, Twitter map news, Twitter India map, Twitter India MD booked, Manish Tiwari twitter, Bulandshahar Police, India news, IT act, IT act twitter, ie malayalam

ന്യൂഡല്‍ഹി: ഇന്ത്യയുടെ വികലമാമായ ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യ എംഡി മനിഷ് മഹേശ്വരി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. ഉത്തര്‍പ്രദേശ് പൊലീസ് ബുലന്ദ്ഷാഹര്‍ ജില്ലയിലെ ഖുര്‍ജ നഗര്‍ സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ബജ്‌റംഗദള്‍ പശ്ചിമ യുപി കണ്‍വീനര്‍ പ്രവീണ്‍ ഭാട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

ട്വിറ്റര്‍ വെബ്സൈറ്റിലെ 'കരിയേഴ്സി'നു കീഴിലുള്ള 'ട്വീപ് ലൈഫ്' വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ലോക ഭൂപടത്തില്‍ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്തായിട്ടാണ് ചിത്രീകരിച്ചിരുന്നത്. സംഭവം വന്‍ വിവാദമായതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ട്വിറ്റര്‍ ഈ ഭൂപടം പിന്‍വലിച്ചിരുന്നു.

''ലോക ഭൂപടത്തില്‍ ലഡാക്കും ജമ്മു കശ്മീരും ഇന്ത്യയുടെ ഭാഗങ്ങളായി കാണിക്കുന്നില്ല. ഇത് യാദൃശ്ചികമല്ല. ഈ പ്രവൃത്തി ഞാനടക്കമുള്ള ഇന്ത്യക്കാരുടെ വികാരത്തെ വ്രണപ്പെടുത്തി,'' പ്രവീണ്‍ ഭാട്ടി പരാതിയില്‍ പറഞ്ഞതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ട്വിറ്റര്‍ ഇന്ത്യ എംഡി മനിഷ് മഹേശ്വരിക്കൊപ്പം ന്യൂസ് പാര്‍ട്ണര്‍ഷിപ്പ് മേധാവി അമൃത ത്രിപാഠിയെയും എഫ്ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയത്തിലെ 505 (2) വകുപ്പ് പ്രകാരം പൊതുസ്ഥലത്ത് കുഴപ്പം സൃഷ്ടിച്ചതിനാണു കേസെടുത്തത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 74-ാം വകുപ്പ് (വഞ്ചനാപരമായ ഉദ്ദേശ്യത്തിനുള്ള പ്രസിദ്ധീകരണം) പ്രകാരമുള്ള കുറ്റവും എഫ്‌ഐആറിലുണ്ടെന്നു പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

വികലമായ ഭൂപടം പ്രസിദ്ധീകരിച്ച സംഭവം സര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ പരിശോധിക്കുന്നുണ്ടെന്നും വിശദീകരണം തേടി ഉടന്‍ ട്വിറ്ററിനു നോട്ടീസ് നല്‍കുമെന്നും ഐടി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, ഭൂപടം സംബന്ധിച്ച വിഷയത്തില്‍ പ്രതികരണം തേടി ട്വിറ്ററിന് ഇന്ത്യന്‍ എക്‌സ്പ്രസ് അയച്ച ഇമെയിലിന് പത്രം അച്ചടിക്കുന്നതുവരെയും മറുപടിയുണ്ടായില്ല.

Also Read: ബ്രേക്കില്ലാതെ ഇന്ധനനിരക്ക്; എറണാകുളത്ത് പെട്രോൾ വില നൂറിലേക്ക്

ഇത് മൂന്നാം തവണയാണ് ഔദ്യോഗിക ഭൂപടത്തില്‍നിന്ന് വ്യത്യസ്തമായത് ട്വിറ്റർ ഇന്ത്യ പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍, ലേയിലെ ഹാള്‍ ഓഫ് ഫെയിം യുദ്ധസ്മാരകത്തില്‍നിന്നുള്ള തത്സമയ സംപ്രേഷണത്തിനിടെ സ്ഥലമായി 'ജമ്മു കശ്മീര്‍, പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന' എന്നാണ് ട്വിറ്ററിന്റെ ഓട്ടോമാറ്റിക് ജിയോ ടാഗിങ് ഫീച്ചര്‍ പ്രദർശിപ്പിച്ചത്. ട്വിറ്റര്‍ അന്ന് മാപ്പ് പറഞ്ഞിരുന്നു. ഒരു മാസത്തിനുശേഷം, കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനുപകരം ജമ്മു കശ്മീരിന്റെ ഭാഗമായാണ് ലേയെ കാണിച്ചത്.

പുതിയ ഐടി നിയമം സംബന്ധിച്ച് ട്വിറ്ററും കേന്ദ്രസര്‍ക്കാറും തമ്മില്‍ പോര് തുടരുന്നതിനിടെയാണു ഭൂപട വിവാദം. ട്വിറ്ററിന് ഇന്റര്‍മീഡിയറി പദവി ഇല്ലാതായെന്നും അതിനാല്‍ ഐടി നിയമത്തിലെ 79-ാവം വകുപ്പ് പ്രകാരമുളള നിയമ പരിരക്ഷ നല്‍കാനാവില്ലെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഐടി നിയമം അനുശാസിക്കുന്ന പ്രകാരമുള്ള ഗ്രീവന്‍സ് ഓഫിസറെ ട്വിറ്റര്‍ ഇന്ത്യ പിന്നീട് നിയമിച്ചെങ്കിലും അദ്ദേഹം കഴിഞ്ഞദിവസം രാജിവച്ചിരുന്നു.

Uttar Pradesh Twitter Police Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: