/indian-express-malayalam/media/media_files/uploads/2019/05/gautam-cats-004.jpg)
ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ മുസ്‌ലിം യുവാവിന് നേരെ ഒരുസംഘം ആളുകള്‍ നടത്തിയ ആക്രമണത്തെ ആദ്യമായി അപലപിച്ച ബിജെപി എംപി ഗൗതം ഗംഭീറിനെതിരെ അധിക്ഷേപം. ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് വിജയിച്ച ഗൗതം ഗംഭീറാണ് ആക്രമണത്തെ അപലപിച്ച് ഇന്നലെ രംഗത്തെത്തിയത്. 'ദുഃഖകരമായ' സംഭവമാണ് നടന്നതെന്ന് പറഞ്ഞ ഗംഭീര്‍ 'മാതൃകാപരമായ നടപടി' സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇന്ത്യ മതേതര രാജ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗംഭീർ ആക്രമണത്തെ അപലപിച്ചതിന് പിന്നാലെയാണ് ട്വിറ്ററില്‍ അസഭ്യവർഷവും അധിക്ഷേപങ്ങളുമായി തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയത്. എന്നാല്‍ വിമര്‍ശനങ്ങളോ ട്രോളുകളോ താന്‍ ഭയപ്പെടുന്നില്ലെന്ന് ഗംഭീര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. കപടതയില്‍ ജീവിക്കുന്നതിലും നല്ലത് സത്യം പറയലാണെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ‘നിങ്ങളുടെ 5 ലക്ഷം രൂപയേക്കാള്‍ വലുതാണ് ഒരു മനുഷ്യജീവന്‍’; ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് ഗംഭീര്‍
'ഒരു ക്രിക്കറ്റ് താരമെന്ന രീതിയില്‍ ഒരുപാട് വിമര്‍ശനങ്ങളും ട്രോളുകളും ലഭിച്ചിട്ടുണ്ട്. അത് പുതിയ കാര്യമല്ല. സത്യം പറയുക എന്നതാണ് കളളങ്ങളുടെ പിന്നിലൊളിക്കുന്നതിലും ഭേദം. പ്രധാനമന്ത്രി പറഞ്ഞത് പോലെ എല്ലാവരുടേയും വികസനത്തിനാണ് ഞാൻ ഊന്നല്‍ നല്‍കുന്നത്. സുരക്ഷിതരല്ലെന്ന് തോന്നിയാല്‍ നമ്മള്‍ എങ്ങനെയാണ് എല്ലാവരുടേയും വിശ്വാസം കാത്ത് സൂക്ഷിക്കുക? അതും അവര്‍ക്ക് ഇഷ്ടമുളള മതം സ്വീകരിച്ചതിന്. ഗുരുഗ്രാം സംഭവത്തില്‍ മാത്രം ഒതുങ്ങിയല്ല ഞാന്‍ പ്രസ്താവന നടത്തിയത്. വിദ്വേഷം, മർദിക്കല്‍ തുടങ്ങി ഏത് രീതിയിലുളള അടിച്ചമര്‍ത്തലിനും എതിരെയാണ് ഞാന്‍ ശബ്ദം ഉയര്‍ത്തിയത്,' ഗംഭീര്‍ പറഞ്ഞു.
ട്വിറ്ററിലൂടെയുളള അദ്ദേഹത്തിന്റെ വാക്കുകള്‍ തീവ്ര ഹിന്ദുത്വ വാദികള്‍ എതിർത്തിരുന്നു. ന്യൂനപക്ഷക്കാരന്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം എന്തിനാണ് അപലപിക്കുന്നത് എന്നാണ് ചിലര്‍ ചോദിച്ചത്. എന്നാല്‍ ആര് ആക്രമിക്കപ്പെട്ടാലും താന്‍ എതിരാണെന്ന് ഗംഭീര്‍ ട്വിറ്ററില്‍ മറുപടി നല്‍കി. 5000ത്തോളം കമന്റുകളാണ് അദ്ദേഹത്തിന്റെ ട്വീറ്റിലുളളത്. ജക്കുംപുര എന്ന സ്ഥലത്ത് പള്ളിയില്‍നിന്ന് തിരിച്ചുവരുന്ന യുവാവിനെ തലയില്‍ തൊപ്പി ധരിച്ചെന്ന കാരണത്താല്‍ ആക്രമികള്‍ മർദിച്ചതിനെയാണ് ഗംഭീര്‍ കഴിഞ്ഞ ദിവസം അപലപിച്ചത്. ഈ പ്രദേശത്ത് മുസ്‌ലിംകള്‍ ധരിക്കുന്ന തൊപ്പി നിരോധിച്ചിരിക്കുകയാണെന്നും അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദനം. പിന്നീട് ജയ് ഭാരത് മാതാ, ജയ് ശ്രീറാം വിളിക്കാനും ആജ്ഞാപിച്ചു. അനുസരിച്ചില്ലെങ്കില്‍ പന്നിയിറച്ചി തീറ്റിക്കുമെന്നും ഭീഷണിപ്പെടുത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മുഹമ്മദ് ബര്‍ക്കത്ത് (25) എന്ന യുവാവിനാണ് മർദനമേറ്റത്.
Read More:മുസ്‌ലിം യുവാവിനെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് ആദ്യമായി രംഗത്തെത്തി ബിജെപി എംപി ഗംഭീര്‍
സംഭവത്തെക്കുറിച്ച് യുവാവ് പറയുന്നത് ഇങ്ങനെ: പള്ളിയില്‍നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് രാത്രി 10 മണിയോടെ നടന്നു വരികയായിരുന്നു. കടയ്ക്ക് പുറത്തുവച്ച് ആറോളം വരുന്ന സംഘം എന്നോട് തൊപ്പിയഴിക്കാന്‍ ആവശ്യപ്പെട്ടു. പള്ളിയില്‍ പോയി വരുന്ന വഴിയാണെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ എന്നെ മര്‍ദിച്ചു. മുസ്‌ലിംകള്‍ ധരിക്കുന്ന തൊപ്പി ഈ പ്രദേശത്ത് നിരോധിച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. പിന്നീട് എന്നോട് ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വടി ഉപയോഗിച്ച് അടിച്ചുവെന്നും ബര്‍ക്കത്ത് പറഞ്ഞു.
രക്ഷപ്പെടാന്‍ ശ്രമിച്ച ബര്‍ക്കത്തിന്‍റെ ഷര്‍ട്ട് കീറി. ഒച്ചവച്ചതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. ബര്‍ക്കത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആറുമാസം മുമ്പാണ് ബര്‍ക്കത്ത് തയ്യല്‍ പഠിക്കാനായി ഗുരുഗ്രാമിലെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.