ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തില്‍ 17 പേര്‍ മരിച്ച സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ മാത്രം നഷ്ടപരിഹാരം പ്രഖ്യാപിച്ചതിനെ അദ്ദേഹം വിമര്‍ശിച്ചു. 5 ലക്ഷം രൂപയേക്കാള്‍ വലുതാണ് ഒരു മനുഷ്യജീവനെന്ന് അദ്ദേഹം പറഞ്ഞു. പൊട്ടിയൊലിക്കുന്ന മുറിവിലെ വെറുമൊരു കെട്ടാണ് നഷ്ടപരിഹാരം. ഡല്‍ഹിക്ക് വേണ്ടത് ശസ്ത്രക്രിയകളാണ്. ചിട്ടയോട് കൂടിയ പരിശോധനയോടെ മാത്രമെ അത് തുടങ്ങാനാവുകയുളളുവെന്നും ആം ആദ്മി പാര്‍ട്ടിയെ പരാമര്‍ശിച്ച് ഗംഭീര്‍ പറഞ്ഞു.

ഡല്ഹിയില്‍ മരിച്ചവരില്‍ ഒരു മലയാളി കുടുംബത്തിലെ മൂന്ന് പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കൊച്ചി സ്വദേശികളായ കുടുംബമാണ് മരിച്ചത്. കരോള്‍ ബാഗിലുളള അര്‍പിത് പാലസ് ഹോട്ടലിലെ രണ്ടാം നിലയിലാണ് 15 അംഗ മലയാളി കുടുംബം മുറിയെടുത്തത്. ഗാസിയാബാദിലെ വിവാഹ ചടങ്ങിനായാണ് ഇവര്‍ എത്തിയത്.

ചോറ്റാനിക്കര ചേരാനല്ലൂർ സ്വദേശി നളിനി അമ്മ, മകള്‍ ജയശ്രീ(53 ), നളിനി അമ്മയുടെ സഹോദരന്‍ വിദ്യാസാഗർ എന്നിവരാണ് മരിച്ചത്. ഇവര്‍ നാല് ദിവസം മുമ്പാണ് കൊച്ചിയിൽ നിന്നും യാത്ര തിരിച്ചത്. ചേരാനെല്ലൂർ പൊലീസ് സ്റ്റേഷന് സമീപത്തെ ജയശ്രീയുടെ തറവാട്ട് വീടിൽ ഒത്തു കൂടിയ ശേഷം ട്രെയിൽ മാർഗമാണ് ഡൽഹിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ജയശ്രീയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ വിദേശത്താണ്. മക്കളിലൊരാൾ നാട്ടിലും മറ്റൊരാൾ ബംഗളൂരുവിലുമാണ്.

പുലർച്ചെ 4.30നാണ് സംഭവം.ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിൽ കുടുങ്ങിയവരിൽ 35 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പൊള്ളലേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപടർന്നത്. ഈ സമയം 60 ലധികം പേരാണ് ഹോട്ടലിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് സുരക്ഷാ സേന എത്തുമ്പോഴേക്ക് തീ പടർന്നിരുന്നതായി ഡൽഹി അഗ്നിശമന സേനാ ഡയറക്ടർ ജി.സി മിശ്ര അറിയിച്ചു. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. സംഭവമറിഞ്ഞയുടൻ 20 ലേറെ ഫയർ എൻജിനുകളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ആളുകളെ ഹോട്ടലിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.ഏതാണ്ട് 60ഓളം പേർ സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook