/indian-express-malayalam/media/media_files/uploads/2019/12/german1.jpg)
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങൾ നടക്കുമ്പോൾ, പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് മദ്രാസ് ഐഐടിയിലെ ജർമൻ വിദ്യാർഥിയെ നാടുകടത്തി. ജർമൻ സ്വദേശി ജേക്കബ് ലിൻഡൻതാലിനോടാണ് ഒരു സെമസ്റ്റർ ബാക്കി നിൽക്കെ രാജ്യം വിടാൻ അധികൃതർ ആവശ്യപ്പെട്ടത്. ട്രിപ്സൺ സർവകലാശാലയിൽ നിന്ന് മദ്രാസ് ഐഐടിയിൽ ഫിസിക്സ് വിഷയത്തിൽ ഉപരിപഠനത്തിന് എത്തിയതായിരുന്നു ജേക്കബ് ലിൻഡൻതാൽ.
Read More: പൗരത്വ ഭേദഗതി നിയമം മനുഷ്യത്വത്തിന് എതിര്: കെ.ആർ മീര
തിങ്കളാഴ്ച രാത്രിയിലുള്ള വിമാനത്തിൽ ജന്മനാട്ടിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് ചെന്നൈ വിമാനത്താവളത്തിൽ വച്ച് ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച ജേക്കബ് ലിൻഡൻതാൽ, ഉച്ചയോടെ ചെന്നൈയിലെ ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ (FRRO) നിന്ന് ഇന്ത്യ വിടാൻ തനിക്ക് “വാക്കാലുള്ള നിർദ്ദേശങ്ങൾ” ലഭിച്ചുവെന്ന് പറഞ്ഞു.
സ്പോർട്സ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജേക്കബ് ബെംഗളൂരുവിലായിരുന്നു. അതിനിടയിലാണ് ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നും ആദ്യത്തെ മെയിൽ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സിഎഎയ്ക്കും എൻആർസിക്കും എതിരെ ചെന്നൈയിൽ നടന്ന പ്രതിഷേധത്തിനിടെ അദ്ദേഹം ഒരു പോസ്റ്റർ കൈയിൽ പിടിച്ചിരുന്നു. “1933 മുതൽ 1945 വരെ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു ”(ജർമ്മനിയിലെ നാസി ഭരണകൂടത്തെക്കുറിച്ചുള്ള പരാമർശം).
It is learnt that Jakob Lindenthal, an exchange student at @iitmadras, from Dresden Germany, is asked to leave India asap. Recently he joined #CAA_NRCProtests in Chennai. pic.twitter.com/ZeS8h6ibfR
— Jinoy Jose Palathingal (@jinoyjosep) December 23, 2019
“ഇന്ന് രാവിലെ ഞാൻ ചെന്നൈയിലെത്തിയ ശേഷം, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ഉടൻ കാണണമെന്ന് എന്റെ കോഴ്‌സ് കോർഡിനേറ്റർ നിർദേശിച്ചു. ഞാൻ അവിടെ എത്തിയപ്പോൾ, ഇന്ത്യയിലെ എന്റെ റെസിഡൻഷ്യൽ പെർമിറ്റുമായി ബന്ധപ്പെട്ട ചില ഭരണപരമായ പ്രശ്നങ്ങൾ അവർ ചൂണ്ടിക്കാട്ടി. ഞാൻ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും എന്റെ റെസിഡൻഷ്യൽ പെർമിറ്റുമായി ബനധപ്പെട്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതിന് ശേഷം, അവർ എന്നോട് എന്റെ രാഷ്ട്രീയത്തെയും ഹോബികളെയും കുറിച്ച് ചോദിക്കാൻ തുടങ്ങി. ഒരു സാധാരണ സംഭാഷണമായിരുന്നു അത്. സിഎഎയെക്കുറിച്ചും സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിലെ എന്റെ പങ്കാളിത്തത്തെക്കുറിച്ചും അവർ ചോദിച്ചു. എന്നോട് എല്ലാ ചോദ്യങ്ങളും ചോദിച്ച ഒരാൾ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. അവരുടെയൊന്നും പേര് അറിയില്ല. സംഭാഷണത്തിന്റെ അവസാനത്തിൽ, എന്റെ വിദ്യാർത്ഥി വിസ നിയമങ്ങൾ ലംഘിച്ചതിന് ഞാൻ ഉടൻ രാജ്യം വിടേണ്ടിവരുമെന്ന് അവർ പറഞ്ഞു. ഞാൻ ഒരു രേഖാമൂലമുള്ള കത്ത് ചോദിച്ചപ്പോൾ, അവർ എന്റെ പാസ്‌പോർട്ട് തിരികെ നൽകി, ഞാൻ പോകാമെന്ന് പറഞ്ഞു. രേഖാമൂലമുള്ള കത്ത് എനിക്ക് ലഭിക്കുമെന്ന് അവർ പറഞ്ഞു, പക്ഷേ എനിക്ക് ഇതുവരെ ലഭിച്ചില്ല. താമസിയാതെ ഞാൻ ഐഐടി കാമ്പസിലേക്ക് തിരിച്ചെത്തി, ടിക്കറ്റ് ബുക്ക് ചെയ്ത്, എല്ലാം പാക്ക് ചെയ്ത് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു, ”അദ്ദേഹം പറഞ്ഞു.
താമസിയാതെ തനിക്ക് ഡീനിന്റെ ഓഫീസിൽ നിന്നും ഫോൺ വന്നെന്നും അടുത്ത ദിവസം തന്നെ പോകാമെന്ന് അറിയിച്ചെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യം ഇതുവരെ മാതാപിതാക്കളെ അറിയിച്ചിട്ടില്ല.
ഐഐടി ഡയറക്ടർ ഭാസ്‌കർ രാമമൂർത്തിയെ ബന്ധപ്പെട്ടപ്പോൾ താൻ സ്ഥലത്തില്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞു. ഭൗതികശാസ്ത്ര വിഭാഗം മേധാവി കെ സേതുപതി, സ്റ്റുഡന്റ്സ് ഡീൻ എസ് ശിവകുമാർ എന്നിവരുമായി ബന്ധപ്പെട്ടപ്പോഴും സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. പ്രതിഷേധത്തിൽ ജേക്കബ് പങ്കെടുത്തതിനെക്കുറിച്ച് ഐഐടി ഉദ്യോഗസ്ഥർ ഒരു റിപ്പോർട്ട് ഉന്നതർക്ക് അയച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, അത്തരമൊരു റിപ്പോർട്ടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ശിവകുമാർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.