പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി കെ.ആർ മീര. ഈ നിയമം മനുഷ്യത്വം എന്ന ആശയത്തിന് എതിരാണെന്നും രാജ്യത്തിന്‌റെ മതനിരപേക്ഷ മൂല്യങ്ങളെ തിരുത്തുന്ന ഒന്നിനേയും ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാളും അംഗീകരിക്കരുതെന്നും കെ.ആർ മീര ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
“പൗരത്വ ഭേദഗതി നിയമം മനുഷ്യാവകാശങ്ങള്‍ക്കും മനുഷ്യ അന്തസിനും വെല്ലുവിളിയാണ്. ഇത് മുസ്ലീങ്ങള്‍ക്കെതിരെയോ മതത്തിനെതിരെയോ എന്നതിനപ്പുറം മനുഷ്യത്വം എന്ന ആശയത്തിന് എതിരാണ്. അത് നമ്മുടെ രാജ്യത്ത് എന്ന് മാത്രമല്ല, ഒരിടത്തും നമുക്ക് അംഗീകരിക്കാന്‍ പറ്റില്ല. നമ്മുടെ രാജ്യത്ത് ഒട്ടും തന്നെ പറ്റില്ല. നമ്മുടെ രാജ്യം നിലനില്‍ക്കുന്നത് വളരെ മഹത്തരമായ ഒരുപാട് പ്രമാണങ്ങളില്‍ ഊന്നിയാണ്. അത് നഷ്ടപ്പെടുത്തിയിട്ട് നമുക്ക് ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല. ഈ രാജ്യത്തിന്‌റെ മതനിരപേക്ഷ മൂല്യങ്ങളെ തിരുത്തുന്ന ഒന്നിനെയും ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാളും അംഗീകരിക്കരുത്.”
കൊച്ചിയിൽ നടക്കുന്ന പീപ്പിൾസ് ലോങ് മാർച്ചിൽ പങ്കെടുക്കാനെത്തിയതായിരുന്നു കെ.ആർ മീര. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും പൗരത്വ ഭേദഗതി നിയമത്തിനു പിന്നില്‍ നാം കാണുന്നതിനും അപ്പുറത്തുള്ള ദുരൂഹതകളുണ്ടെന്ന് താൻ ഭയപ്പെടുന്നുവെന്നും കെ.ആർ മീര പറഞ്ഞു.
“കഴിഞ്ഞ ദിവസം രാംലീല മൈതാനത്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് എന്‍ആര്‍സി നടപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപിയിലെ തന്നെ രണ്ടാമനുമായ അമിത് ഷാ തുടക്കം മുതല്‍ പറയുന്നതാകട്ടെ രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുമെന്ന്. ബോധപൂര്‍വമോ അല്ലാതെയോ ഉള്ള ഈ ആശയക്കുഴപ്പത്തില്‍നിന്നു തന്നെ പൗരത്വ ഭേദഗതി നിയമത്തിനു പിന്നില്‍ നാം കാണുന്നതിനും അപ്പുറത്തുള്ള ദുരൂഹതകളുണ്ടെന്ന് ഞാന്‍ ഭയപ്പെടുന്നു.”
പൗരത്വ ഭേദഗതി നിയമത്തോടും പൗരത്വ രജിസ്റ്ററിനോടും വിയോജിപ്പ് രേഖപ്പെടുത്തിയാണ് കൊച്ചിയിൽ ഇന്ന് ലോങ് മാര്‍ച്ച് നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് ഷിപ്പ് യാര്‍ഡിലേക്കാണ് ലോങ് മാര്‍ച്ച്. സമൂഹമാധ്യമങ്ങളിലൂടെ ഇതിനായി ക്യാംപയിന്‍ ആരംഭിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകരും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.