/indian-express-malayalam/media/media_files/uploads/2018/12/naseeruddin-shah.jpg)
മുംബെെ: ആൾക്കൂട്ട കൊലപാതകങ്ങളിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് വിമർശിച്ചതിനെത്തുടർന്നുണ്ടായ അപമാനങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്ന് നടനും നാടകകൃത്തുമായ നസറുദ്ദീൻ ഷാ.
രാജ്യത്ത് തുടരുന്ന ആൾക്കൂട്ട ആക്രമണങ്ങളും മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖർ അടക്കമുളളവര്‍ കത്തയച്ചത്. സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും നടി രേവതിയുമുൾപ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് കത്തയച്ചത്. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ പ്രതിഷേധിച്ച് 180 സാംസ്കാരിക പ്രവർത്തകർ ഒപ്പിട്ട തുറന്ന കത്ത് അയച്ചിരുന്നു. അരിലൊരാൾ ഷായായിരുന്നു.
ഇന്ത്യ ഫിലിം പ്രോജക്റ്റിന്റെ ഉദ്ഘാടന വേളയിൽ, മേക്കിങ് ഓഫ് എ ലെജന്റ്: എ മാസ്റ്റർക്ലാസ് ഇൻ ആക്ടിങ്ങിന്റെ തുറന്ന സംവാദത്തിൽ പങ്കെടുക്കവയൊണ് ഷായുടെ പ്രതികരണം. രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ധൈര്യം എവിടെ നിന്നാണ് ലഭിക്കുന്നതെന്നും ഇത്തരം അഭിപ്രായപ്രകടനങ്ങൾ സഹപ്രവർത്തകരുമായുള്ള ബന്ധത്തെ ബാധിക്കില്ലേ എന്നെല്ലാമുള്ള ചോദ്യങ്ങളായിരുന്നു അദ്ദേഹം നേരിട്ടത്.
Read More: പ്രധാനമന്ത്രിക്ക് കത്ത്: കേസ് അവസാനിപ്പിച്ചു, പരാതിക്കാരനെതിരെ അന്വേഷണം
“ഒരു തരത്തിലും എനിക്ക് ഈ മേഖലയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. മാത്രമല്ല ഇത് എന്റെ നിലപാടുകളെ ബാധിച്ചിട്ടുണ്ടോ എന്നും അറിയില്ല. കാരണം നല്ല കാലത്തൊന്നും എനിക്ക് അത്രമാത്രം അവസരങ്ങൾ ലഭിച്ചിട്ടില്ല. പക്ഷെ ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം പറയേണ്ടതു തന്നെയാണെന്ന് വിശ്വസിക്കുന്നു. അതിൽ ഉറച്ചുനിൽക്കുന്നു. കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ആളുകളാണ് എന്നെ വിമർശിക്കുന്നത്. ഇത് എന്നെ ഒട്ടും ബാധിക്കില്ല. പക്ഷേ, ഈ തുറന്ന വിദ്വേഷമാണ് എന്നിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത്… ”ഷാ മറുപടി നൽകി.
അദ്ദേഹം ഒപ്പിട്ട തുറന്ന കത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയായിരുന്നു: “ഇതിനെ രാജ്യദ്രോഹപ്രവർത്തനം എന്ന് വിളിക്കാമോ? അതോ കോടതികളെ ദുരുപയോഗം ചെയ്തുകൊണ്ട് പൗരന്മാരെ നിശബ്ദമാക്കുന്നതിനുള്ള തന്ത്രമാണോ? ”
“ഇന്ത്യൻ സാംസ്കാരിക സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയിൽ, മനഃസാക്ഷിയുള്ള പൗരന്മാർ എന്ന നിലയിൽ ഞങ്ങളെല്ലാവരും ഇത്തരം ഉപദ്രവങ്ങളെ അപലപിക്കുന്നു. ഞങ്ങളുടെ സഹപ്രവർത്തകർ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിന്റെ എല്ലാ വാക്കുകളും ഞങ്ങൾ അംഗീകരിക്കുന്നു. അതിനാലാണ് ഞങ്ങൾ അവരുടെ കത്ത് വീണ്ടും ഇവിടെ പങ്കുവയ്ക്കുന്നത്. സാംസ്കാരിക-അക്കാദമിക്-നിയമ സമൂഹങ്ങളോട് ഇതിനെ പിന്തുണയ്ക്കാൻ അഭ്യർത്ഥിക്കുന്നു. അതുകൊണ്ടാണ് നമ്മളിൽ കൂടുതൽ പേരും ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചും സംസാരിക്കുന്നവരെ നിശബ്ദരാക്കുന്നതിനെതിരെയും പൗരന്മാരെ ഉപദ്രവിക്കാൻ കോടതികൾ ദുരുപയോഗം ചെയ്യുന്നതിനെതിരെയും സംസാരിച്ചുകൊണ്ടിരിക്കുന്നത്, ”കത്തിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.