പാട്ന: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച 49 പ്രമുഖര്‍ക്കെതിരായ കേസ് അവസാനിപ്പിച്ച് ബിഹാറിലെ മുസാഫർപൂർ പൊലീസ്. അടൂർ ഗോപാലകൃഷ്ണൻ, രേവതി, ശ്യാം ബെനഗൾ, മണിരത്നം ഉൾപ്പെടെയുള്ളവർക്ക് എതിരായ കേസാണ് അവസാനിപ്പിക്കുന്നത്. പകരം തെറ്റായ പരാതി നൽകിയതിന് പരാതിക്കാരനെതിരെ നടപടിയെടുക്കാനും പൊലീസ് തീരുമാനിച്ചു.
ഈ വ്യക്തികൾ രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനും പ്രധാനമന്ത്രിയുടെ പ്രകടനത്തെ ദുർബലപ്പെടുത്താനും ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രാദേശിക അഭിഭാഷകൻ സുധീർ കുമാർ ഓജയാണ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ 49 പേർക്കുമെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തിരുന്നു. ഇതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ മുസാഫർപൂർ കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് അവസാനിപ്പിച്ചതും, പരാതിക്കാരനായ അഭിഭാഷകനെതിരെ നടപടിക്കൊരുങ്ങുന്നതും.
Read More: ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറി: പ്രധാനമന്ത്രിക്ക് പ്രമുഖരുടെ തുറന്ന കത്ത്
മുസാഫർപൂർ എസ്എസ്പിയാണ് കേസ് അന്വേഷണത്തിന്റെ ചുമതല വഹിച്ചിരുന്നത്. എന്നാൽ കേസിനെ പിന്തുണയ്ക്കുന്ന തെളിവുകളോ രേഖകളോ, 49 പേർ ഒപ്പിട്ടു എന്ന് പറയുന്ന കത്തോ ഹാജരാക്കാൻ പരാതിക്കാരനായ അഭിഭാഷകന് സാധിച്ചില്ലെന്ന് ബീഹാർ അഡീഷണൽ ഡയറക്ടർ ജനറൽ (ഹെഡ്ക്വാർട്ടേഴ്സ്) ജിതേന്ദ്ര കുമാർ പറഞ്ഞു.
“ഇതും മറ്റ് സാഹചര്യങ്ങളും അടിസ്ഥാനമാക്കി, കേസ് തെറ്റാണെന്ന് കണ്ടെത്തി, അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് (എസ്എസ്പി) ഉത്തരവ് നൽകിയിട്ടുണ്ട്: ഇതോടൊപ്പം, തെറ്റായ കേസ് ഫയൽ ചെയ്തതിന് പരാതിക്കാരനെതിരെ ഐപിസി 182 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കും, ”കുമാർ പറഞ്ഞു.
49 പേർക്കെതിരെ കേസെടുത്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ ഹരേരാം പാസ്വാൻ മൂന്ന് സാക്ഷികളുടെയും പരാതിക്കാരനായ ഓജയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പോലീസ് തീരുമാനത്തെത്തുടർന്ന് 49 പേർ എഴുതിയ കത്തും ഇതിനെതിരെ 62 പേർ ഒപ്പിട്ട മറ്റൊരു കത്തും താൻ ഹാജരാക്കിയതായി ഓജ അവകാശപ്പെട്ടു.
Read More: ‘പ്രമുഖരെ എതിര്‍ത്ത് പ്രമുഖര്‍’; പ്രധാനമന്ത്രിക്ക് അയച്ച കത്ത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതെന്ന് കങ്കണ
രാജ്യത്ത് തുടരുന്ന ആൾക്കൂട്ട ആക്രമണങ്ങളും മതത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖർ അടക്കമുളളവര്‍ കത്തയച്ചത്. സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയുമുൾപ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് കത്തയച്ചത്.
ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. റാം എന്നത് ഭൂരിപക്ഷ സമുദായത്തിന്റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിർത്തേണ്ടതുണ്ടെന്നും 23-ാം തീയതി അയച്ച തുറന്ന കത്തിൽ ആവശ്യപ്പെട്ടിരുന്നു. രാമചന്ദ്ര ഗുഹ, ശ്യാം ബെനഗൽ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായിക അപർണ സെൻ, നടി കൊങ്കണ സെൻ ശർമ്മ, സൗമിത്രോ ചാറ്റർജി, മണിരത്നം, അനുരാധ കപൂര്‍, അതിഥി ബസു, അമിത് ചൗധരി എന്നിവരും കത്തിൽ ഒപ്പുവച്ചിരുന്നു.
എന്നാൽ ഇതിനെ എതിർത്ത് കങ്കണ റാവത്ത് അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. കത്ത് പ്രകോപനം സൃഷ്ടിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് താരങ്ങൾ ആരോപിച്ചു. തെറ്റായ കാര്യങ്ങള്‍ പരത്തുന്നതാണ് ഈ കത്ത്. പ്രകോപനം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഒന്നായാണ് ഇതിനെ തോന്നുന്നത്. ജനാധിപത്യ മൂല്യങ്ങളെ വില വയ്ക്കാത്ത രീതിയിലുള്ള ആരോപണങ്ങളാണ് കത്തില്‍ ഉന്നയിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ജനങ്ങളിൽ പരിഭ്രാന്തി പരത്തുകയും ഭയം ജനിപ്പിക്കുകയും ചെയ്യുന്നതാണ് നേരത്തെ അയച്ച കത്തെന്നും കങ്കണ അടക്കമുള്ള പ്രമുഖർ വിമർശിച്ചു.